“എനിക്ക് …ഒരു കാര്യം പറയാനുണ്ട് ..നിങ്ങളുടെ ചെറിയ ഒരു ഹെൽപ്പ് വേണം ..ഞാൻ അകത്തേക്ക് വരട്ടെ…?”
കണാരൻ തിരിഞ്ഞ് പിമ്പിൽ നിൽക്കുന്ന ജാനകിയെ നോക്കി.
അവൾ വേണ്ട എന്ന അർത്ഥത്തിൽ അയാളെ കണ്ണടച്ച് ഭീഷണമായി നോക്കി.
എങ്കിലും കണാരൻ അയാളെ കണ്ണുകൾ കൊണ്ട് അകത്തേക്ക് ക്ഷണിച്ചു.
അയാൾ അകത്തേക്ക് കയറി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എന്നിട്ട് പുഞ്ചിരിച്ചു.
ഇയാള് എന്തായാലും കസ്റ്റമർ അല്ല, ജാനകി ഉറപ്പാക്കി. കസ്റ്റമർ ആയിരുന്നെങ്കിൽ ആദ്യം ശ്രദ്ധിക്കുന്നത് എപ്പോഴും ചരക്കിനെ ആയിരിക്കും. ഇയാൾ പക്ഷെ തന്നെ ഇതുവരെ നോക്കി കൂടിയില്ല.
അയാളുടെ ദേഹത്ത് നിന്ന് വിലപിടിച്ചകൊളോണിന്റെ നേർത്ത സൗമ്യമായ ഗന്ധം മുറിയിൽ നിറയാൻ തുടങ്ങി. ആദ്യമായി അവിടെ വന്ന ഒരാൾക്ക് സ്വാഭാവികമായുമുണ്ടാവേണ്ട സങ്കോചമൊന്നും അയാളിൽ കണ്ടില്ല.
“സാർ ഇരുന്നാട്ടെ,”
കണാരൻ പറഞ്ഞു.
“ജാനകി കുടിക്കാൻ എന്തെങ്കിലും…”
കണാരൻ ജാനകിയെ നോക്കി.
“അത് പിന്നെ…”
ആൽബി അകത്തേക്ക് തിരിയാൻ തുടങ്ങിയ ജാനകിയെ വിലക്കി.
അയാൾ പിന്നെ സോഫയിൽ ഇരുന്നു.
“നിങ്ങളും ഇരിക്കൂ…”
അയാൾ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് പറഞ്ഞു.
“ഇരിക്കെടീ,”
കണാരൻ ജാനകിയെ പിടിച്ച് അടുത്തിരുത്തി.
“സാറിന് എന്തോ പറയാനുണ്ട്. എന്നതാണ് എന്ന് കേക്കട്ടെ,”
അവർ അയാൾക്ക് അഭിമുഖമായി ഇരുന്നു.
“ഞാൻ ജസ്റ്റ് ഇന്നലെയാണ് വീട്ടിൽ വന്നത്….”
അയാൾ പറഞ്ഞുതുടങ്ങി.
“ഞാൻ എടക്കാടാ താമസിക്കുന്നെ. ഒമാനിലാണ് എന്റെ ബിസിനസ്സ്…ഗൾഫിൽ ….രണ്ടുമാസം കൂടുമ്പോളൊക്കെയാണ് സാധാരണയായി ഞാൻ വരാറുള്ളത്…പെട്ടെന്ന് വരാൻ കാരണം എന്റെ മകനാണ്..എട്ട് വയസുള്ള മകൻ…”
ആൽബി ഒന്ന് നിർത്തിയിട്ട് അവരെ നോക്കി. കണാരന്റെ മുഖത്ത് ആകാംക്ഷയുണ്ട്. പക്ഷെ ജാനകി നിർവികാരയായാണ് ഇരിക്കുന്നത്.