ടാക്സി ഗേറ്റിന് വെളിയിൽ നിർത്തി അയാൾ ഇറങ്ങി.
ഗേറ്റ് തുറന്നതും മുറ്റത്ത് സൈക്കിൾ ഓടിക്കുകയായിരുന്നു മകനെ കണ്ട് അയാൾ അമ്പരന്നു.
സൈക്കിളോടിക്കുന്നോ! എന്ത് പറ്റി?
ആൽബിയെ കണ്ടതും അവൻ സൈക്കിളിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് ആവേശത്തോടെ ഉത്സാഹത്തോടെ ഓടിവന്നു.
“പാപ്പാ പാപ്പാ!!”
അവൻ അയാളെ ചുറ്റിപ്പിടിച്ചു.
മകനിൽ ഇതുവരെ കാണാത്ത ഭാഷയും ഭാവവും കണ്ട് ആൽബി അമ്പരന്നു.
“എന്തുപറ്റിടാ? എടാ കുട്ടാപ്പി എന്നാ പറ്റി?”
“എന്റെ പാപ്പാ!”
അവനാവേശം കൊണ്ട് വാക്കുകൾ കിട്ടിയില്ല.
“നീ പറയെടാ!”
തന്റെ കൈകളിൽ തൂങ്ങാൻ തുടങ്ങിയ മകനെ വാത്സല്യത്തോടെ എടുത്തുയർത്തിക്കൊണ്ട് ആൽബി ചോദിച്ചു.
“എന്റെ പപ്പാ..ഇന്നൊരു ചേച്ചി എന്നെ കൈവീശിക്കാണിച്ചു പപ്പാ…കൊറേ നേരം ..കൊറേ നേരം ..ട്രെയിൻ അങ്ങ് ദൂരെ കുന്നിന്റെ അപ്പുറത്ത് കാണാണ്ടാവുന്ന വരെ ആ ചേച്ചി എന്നെ കൈ വീശിക്കാണിച്ചു…അടുത്ത് ഒരു ചേട്ടനും …ചേട്ടന്റെ കയ്യി ഒരു തൂവാല ഒണ്ടാരുന്നു…ചേച്ചി നല്ല പൂവൊക്കെ ചൂടി ..എന്നാ പൂവാ? ആ …ജാസ്മിൻ ജാസ്മിൻ …മുല്ലപ്പൂ ഒക്കെ ചൂടി…”
അപ്പോൾ എടക്കാട് സ്റ്റേഷനിലേക്ക് ഒരു ട്രെയിൻ സമീപിക്കുന്ന ശബ്ദം ദൂരെ നിന്ന് അയാളുടെ കാതുകളിലേക്ക് അലയടിച്ചു.
[അവസാനിച്ചു]