“സാറേ,”
അയാൾ കഴിച്ച് എഴുന്നേറ്റപ്പോൾ കണാരൻ പറഞ്ഞു.
“ചായ്പ്പിൽ ഒരു കാട്ടിലും കെടക്കേം ഉണ്ട്..അത്യാവശ്യം അടച്ചുറപ്പൊക്കെ ഉണ്ട്. കാരണം എന്നതാന്ന് വെച്ചാ വെളുപ്പിന് ഞാൻ പോകും ..ഞങ്ങടെ അസോസിയേഷന്റെ ഒരു പരിപാടി ഉണ്ട്..ജാനകിയും പോകും…സാർ എഴുന്നേറ്റ് ബാത്ത്റൂമിലൊക്കെ പോയി സൗകര്യവായിട്ട് ഇഷ്ടമുള്ളപ്പോൾ പോകാം. ചായ്പ്പിന്റെ കതക് അടയ്‌ക്കേണ്ട ആവശ്യമില്ല. കൊഴപ്പം ഒന്നും ഇല്ലല്ലോ…”
“കുഴപ്പമോ?”
ആൽബി ചിരിച്ചു.
“ഇത് തന്നെ വലിയ ഒരു കാര്യമാ നിങ്ങൾ എനിക്ക് വേണ്ടി തന്നത്…ഞാൻ ജസ്റ്റ് വരാന്തയിലെങ്കിലും കിടക്കുന്ന കാര്യമേ ഓർത്തുള്ളൂ..ഇതിപ്പോൾ കട്ടിലും കിടക്കയുമുള്ള സൗകര്യത്തിൽ …”
“ഓ! അതാണോ ഇപ്പം ഇത്ര വലിയ കാര്യം…!”
കണാരൻ ചിരിച്ചു.
“”നാളെ പോയിക്കഴിഞ്ഞ് സാർ വാതില് പൊറത്തുന്നു ചുമ്മാ കുറ്റിയിട്ട് വെച്ചാ മതി കേട്ടോ,”
അയാളെ ചായ്പ്പിലേക്ക് കൊണ്ടുപോയി തിരികെ പോരാൻ നേരം കണാരൻ പറഞ്ഞു.
“ആ എന്നാ …”
കണാരൻ ഒരു നിമിഷം ആലോചിച്ചു.
“”..ഗുഡ് നൈറ്റ്..”
അയാൾ ചിരിച്ചു.
“ഗുഡ് നൈറ്റ്,”
ആൽബിയും അയാളെ തിരിച്ച് അഭിവാദ്യം ചെയ്തു.
കണാരൻ ചെല്ലുമ്പോൾ ജാനകി പുലിപ്പുറത്തിരിക്കുന്ന ഭവാനി ദേവിയുടെ ചിത്രത്തിലേക്ക് നോക്കി കണ്ണുകളടച്ച് കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയാണ്.
പ്രാർത്ഥന കഴിഞ്ഞ് തന്റെ പിമ്പിൽ നിൽക്കുന്ന കണാരനെ നോക്കി അവൾ പുഞ്ചിരിച്ചു.
“ങ്ഹാ, നിങ്ങൾ വന്നാരുന്നോ?”
“ആ…”
“അയാള് കിടന്നോ?”
അയാളോടൊപ്പം കിടക്കയിലിരിക്കവേ ജാനകി ചോദിച്ചു.
“കെടന്നു,””എടീ നാളെ അയാള് എഴുന്നേക്കുന്നേന് മുമ്പ് നമുക്ക് പോകണം…അമ്പലത്തി കയറി പ്രാർത്ഥിച്ചിട്ട് പോകണം…ഈ പ്രായത്തിൽ ഓപ്പറേഷൻ എന്നൊക്കെ വെച്ചാൽ…”
അയാളുടെസ്വരം ആർദ്രമായി.