“അതൊന്നും പ്രശ്നമല്ല…എന്നെ ഒരു രാത്രി ഇവിടെ കിടക്കാൻ സമ്മതിച്ചല്ലോ ..അതുതന്നെ വലിയ കാര്യം…”
ആൽബി കൃതജ്ഞതയോടെ പറഞ്ഞു.
“ഇങ്ങോട്ടൊന്ന് വന്നേ,”
ജാനകി വാതിൽക്കൽ വന്ന് കണാരനെ വിളിച്ചു.
“അയാൾ ഉള്ളിലേക്ക് ചെന്നു.
“എന്നാതാടീ?”
“അയാളോട് എന്തേലും കഴിക്കാൻ പറ!”
“ഓ..ശരിയാ..ഞാനതങ്ങ് മറന്നു പോയി…”
അബദ്ധം പറ്റിയത് പോലെ കണാരൻ ആൽബിയുടെ അടുത്തേക്ക് വന്നു.
“സാറേ കൈ കഴുക്..കൊറച്ച് ചോറുണ്ണാം…”
“ഞാൻ…അല്ല …”
ആൽബി തപ്പിത്തടഞ്ഞു.
“അതൊന്നും സാരമില്ലന്നെ,”
കണാരൻ ചിരിച്ചു.
“സാറിനെപ്പോലെ വലിയ ആളുകൾക്ക് പറ്റിയ ഭക്ഷണം ഒന്നും അല്ല…എന്നാലും വെശക്കുമ്പം അതൊന്നും വലിയ കാര്യം വല്ലതുമാണോ? എഴുന്നേറ്റാട്ടെ,”
ആൽബി അൽപ്പം മടിയോടെ എഴുന്നേറ്റു.
മേശപ്പുറത്ത് അപ്പോഴേക്കും ജാനകി ഭക്ഷണം വിളമ്പി വെച്ചിരുന്നു. അയാൾ അകത്തേക്ക് വന്നു. അയാൾ കഴിക്കുന്ന രീതി കണ്ടപ്പോൾ അവർക്ക് സമാധാനമായി.
ഭക്ഷണം ഇഷ്ട്ടപ്പെട്ടു.
“ഈയിനം ഞാൻ മുമ്പ് കഴിച്ചിട്ടുണ്ട്,”
കല്ലുമ്മക്കായ രുചിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“പക്ഷെ ഇത്രേം ടേസ്റ്റ് ആയിട്ട് ഇതാദ്യമാ കേട്ടോ.”
കണാരൻ ജാനകിയെ അഭിമാനത്തോടെ നോക്കി.
ജാനകി തിരിച്ച് അയാളെ മുഖം കോട്ടിക്കാണിച്ചു.
“ഞാൻ കെടക്കാൻ പോകുവാ,”
അവൾ കണാരനോട് പറഞ്ഞു.
“ആ നീ പോയിക്കെടന്നോ…”
ജാനകി അകത്തേക്ക് പോയി.
പുറത്ത് മറ്റൊരു തീവണ്ടിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി.മിക്കവാറും ഒരു ചരക്ക് വണ്ടിയാണ്.