“എനിക്ക് ആ ട്രെയിനിൽ….മോൻ കൈ വീശിക്കാണിക്കുന്ന ആ ട്രെയിനിൽ കേറണം…രാവിലെ നാലുമണിക്കാ അത് ഇവിടുന്ന് പുറപ്പെടുന്നത്. ട്രെയിനിൽ കേറാനുള്ളത് കൊണ്ട് വണ്ടി കൊണ്ടുവന്നില്ല…നിങ്ങൾക്ക് ഒന്നും തോന്നുകയില്ലെങ്കിൽ ഹോട്ടലിൽ കൊടുക്കുന്നതിന്റെ വാടക ഞാൻ തരാം …എന്റെ അവസ്ഥ ഇത്രയും മോശയായത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്..”
അയാളുടെ വിചിത്രമായ ആവശ്യം കേട്ട് കണാരനും ജാനകിയും പരസ്പ്പരം നോക്കി.
“സാറിനെപ്പോലെ വലിയ ഒരാൾ…ഇതുപോലെ ഒരു വീട്ടിൽ താമസിക്കുവാന്നൊക്കെ പറഞ്ഞാ…”
“അത് കുഴപ്പമില്ല…നിങ്ങക്ക് മട്ട് ബുദ്ധിമ്മുട്ട് ഒന്നും ഞാൻ വരുത്തില്ല…ജസ്റ്റ് ഒരു പായും തലയിണയും തന്നാൽ മാത്രം മതി…”
“കൊച്ചുങ്ങടെ കാര്യവല്ലേ…സഹായിച്ചില്ലേൽ ഞങ്ങക്ക് വെഷമം ആകും,”
കണാരൻ പറഞ്ഞു.
“അല്ലെടീ?”
അയാൾ ജാനകിയോട് ചോദിച്ചു.
“കൊച്ചുങ്ങളെപ്പറ്റിയൊക്കെ എന്നോട് ചോദിക്കണ്ട,”
പരുഷമായ സ്വരത്തിൽ ജാനകി പറഞ്ഞു.
“എനിക്ക് ഒട്ടും തന്നെ ഇഷ്ടമുള്ള ഒരു കൂട്ടമേയല്ല പിള്ളേര്…രാത്രി ഇവിടെ താങ്ങുന്നേനൊന്നും ഞങ്ങക്ക് പ്രശ്നമില്ല…”
അത് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി.
“സാർ അവള് പറഞ്ഞതൊന്നും കാര്യവാക്കണ്ട,”
കണാരൻ ആൽബിയോട് പറഞ്ഞു.
“ജാനകിക്ക് കൊച്ചുങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അവടെ അമ്മായിടെ അപ്പനും അമ്മായി അമ്മേം കെട്ട്യോനും ഒക്കെ കൊറേ അവളെ ഉപദ്രവിച്ചതാ..യഥാർത്ഥത്തിൽ പ്രശ്നം അവടെ കെട്ട്യോനായിരുന്നു…അയാൾക്ക് കൊച്ചുങ്ങൾ ഒണ്ടാകത്തില്ല…അതിന് അവളെ പഴിചാരി ആ പാവത്തിനെ കണ്ടമാനം ഉപദ്രവിച്ചിട്ടുണ്ട്…”
“ഞാൻ കരുതി നിങ്ങൾ ആരിക്കും ഭർത്താവെ ….”
“ഞാൻ ജാനകീടെ ആദ്യഭർത്താവിന്റെ കാര്യമാ സാറേ പറഞ്ഞെ,”
കണാരൻ ചിരിച്ചു.
“അതുകൊണ്ടാ അവക്ക് കൊച്ചുങ്ങളെ ഇഷ്ടമല്ലാത്തത്..വേറൊന്നും കൊണ്ടല്ല..സാർ അതങ്ങ് വിട്ടുകള..”
അയാൾ സ്വരത്തിൽ അപേക്ഷ കലർത്തി പറഞ്ഞു.
“ഏയ് …”
ആൽബി ചിരിച്ചു.