ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം
Albert Rodrigueznte Prashnam | Author : Smitha
അവലംബം : സിഗ്‌ഫ്രീഡ് ലെൻസിന്റെ “ദ നൈറ്റ് അറ്റ് എ ഹോട്ടൽ”
കണാരൻ ടി വിയിൽ ഏതോ പഴയ തമിഴ് സിനിമയിലെ സംഘട്ടന രംഗം കാണുകയായിരുന്നു.
പ്ലാറ്റ്ഫോമിലൂടെ കുതിച്ചു പാഞ്ഞ ട്രെയിനിൽ സൗണ്ട് എഫക്റ്റ് മുങ്ങിപ്പോയതിൽ അയാൾക്ക് ദേഷ്യം വന്നു.
“അതെങ്ങനെയാ, രജനീകാന്തിന്റെ അടി തൊടങ്ങുമ്പം കുർള വരും!”
അയാൾ പിറുപിറുത്തു.
ശബ്ദങ്ങളാണ് അയാൾക്ക് പ്രിയം. ദൃശ്യങ്ങളേക്കാളേറെ.
ശബ്ദങ്ങളില്ലെങ്കിൽ അയാൾക്ക് ഉറക്കം വരില്ല. തൊട്ടുമുമ്പിലെ റെയിൽ പാളങ്ങളിലൂടെ കുതിച്ചു പായുന്ന തീവണ്ടികളുടെ. പോർട്ടർമാർ മുതൽ ഡിവിഷണൽ മാനേജർ വരെയുള്ള മനുഷ്യരുടെ അനന്തമായ സംസാരത്തിന്റെ, വിലപേശുന്നവരുടെ, പുലഭ്യം പറയുന്നവരുടെ.
നിശബ്ദത മരണമാണ് അയാൾക്ക്.
“സമയം ഒൻപത് കഴിഞ്ഞല്ലോ! അവളെന്നാ വരാത്തെ?”
അയാളുടെ കണ്ണുകൾ ഒരു നിമിഷം മുമ്പിലെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റത്തേക്ക് നീണ്ടു.
അയാൾ രജനികാന്തിനെ വിട്ട് അടുക്കളയിലേക്ക് പോയി.
ജാനകി ഇപ്പോൾ വരും.
ദേഹമൊക്കെ വേദനിച്ചാവും വരവ്.
വന്നയുടനെ ഉപ്പിട്ട ചൂട് വെള്ളത്തിൽ കുളിച്ചാൽ ആശ്വാസമാകും.
അയാൾ സ്റ്റൗ കത്തിച്ച് ഒരു സ്റ്റീൽ കലം നിറയെ വെള്ളമെടുത്ത് വെച്ചു.
തിരിച്ചു വന്നപ്പോഴേക്കും വില്ലന്മാരെ നിലംപരിശാക്കി രജനീകാന്ത് നായികയെ രക്ഷപ്പെടുത്തിയിരുന്നു.
“ആഹാ!”
പിമ്പിൽ നിന്ന് ജാനകിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം അയാൾ കേട്ടു. മുഖത്ത് അസഹ്യമായ ക്ഷീണത്തിന്റെ പാടുകൾ. ചുണ്ടുകളിൽ പലയിടത്തും ക്ഷതങ്ങൾ. രാവിലെ ഉടുത്ത സാരി വല്ലാതെ ഉലഞ്ഞിരുന്നു. മുടിയിൽ കൂടിയിരുന്ന മുല്ലപ്പൂക്കൾ മിക്കവയും ചതഞ്ഞ്, നിറം മങ്ങി…
“എപ്പം നോക്കിയാലും ടി വീടെ മുമ്പിൽ!”
അയാൾ തിരിഞ്ഞു നോക്കി വാ വിസ്താരത്തിലാക്കി ചിരിച്ചു.
“നീ അടുക്കളേൽ ചെന്ന് നോക്ക്..”
ചിരിക്കിടയിൽ അയാൾ പറഞ്ഞു.