ജാള്യതയിൽ മുങ്ങിക്കുളിച്ചുകൊണ്ട് ജ്യോതി പറഞ്ഞു, ” അത്… ഞാന്‍ തന്നെ ഒന്ന്… ”
” ഓഹ്… മാസ്റ്റർബേറ്റ് ചെയ്യാന്‍ നോക്കിയല്ലേ…”
“മ്.. പക്ഷെ എനിക്കൊന്നും തോന്നിയില്ല. ഒന്നും വന്നില്ല. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടാകുവോ?” ജ്യോതി ഒരു കൊച്ചുകുട്ടിയേപോലെ ചിണുങ്ങി.
അതിനും രാജി ഒന്ന് ചിരിച്ചിട്ടാണ് മറുപടി പറഞ്ഞത്, ” പത്ത് പതിനെട്ട് വയസ്സായിട്ട് ഇപ്പഴാണൊന്ന്… എന്നിട്ട് കുട്ടികളേപ്പോലൊരു പേടിയും. ”
ചുണ്ട് വക്രിച്ചൊരു ഇളി മാത്രമായിരുന്നു അതിന് ജ്യോതിയുടെ മറുപടി.
ശബ്ദം ഒന്നിരുത്തി രാജി തുടര്‍ന്നു, “കുഞ്ഞാ, നമ്മള്‍ ഇങ്ങനെ ചെയ്ത് ചെയ്ത് തോന്നലുണ്ടാക്കാൻ നിൽക്കരുത്. തോന്നുമ്പൊ ആ തോന്നലും കൊണ്ട് ചെയ്യണം. നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന ചിന്തകൾ വേണം. അപ്പൊ ശരിക്കും അറിയും എന്താ എതാണെന്നൊക്കെ. പിന്നെ ഇത് ആദ്യമായല്ലേ… അതിന്റെ പരിചയക്കുറവ് എന്തായാലും ഉണ്ടാകും. സാരല്ല്യ. പതുക്കെ ശരിയാകും. ”
“അപ്പോ… പേടിക്കണ്ടാലേ…. ”
” പേടിക്കണ്ട… ”
രാജി മേശപ്പുറത്തിരിക്കുന്ന ഡയറിയില്‍ നോക്കി. പിന്നെ ചോദിച്ചു, ” ഇതിനെപ്പറ്റിയാണോ എഴുതിക്കൊണ്ടിരുന്നത്? ”
ജ്യോതി അല്ലെന്ന് തലയാട്ടി.
” എനിക്കൊന്ന് വായിക്കാൻ തരുവോ”
” മ്.. ”
ജ്യോതി ഡയറി തുറന്ന് രാജിക്ക് നേരെ നീട്ടി. അവളത് ശ്രദ്ധയോടെ വായിച്ചു.
” കൊള്ളാമല്ലോ. ഈണത്തിലാണല്ലേ എഴുതിയിരിക്കുന്നത്.” വായിച്ചു കഴിഞ്ഞപ്പോള്‍ രാജി ചോദിച്ചു. ജ്യോതിക്ക് സംശയമായി. ” ഈണമോ? ഞാനൊന്നും കൊടുത്തില്ലല്ലോ!”
രാജി ചിരിച്ചുകൊണ്ടു പറഞ്ഞു, “ഉണ്ടെന്നേ. ഞാന്‍ കേപ്പിച്ച് തരാം”. പതിയെ ശബ്ദമൊന്ന് ശരിയാക്കിയ ശേഷം രാജി ആ കവിത ചൊല്ലാൻ തുടങ്ങി. ജ്യോതി പോലും കൊടുക്കാഞ്ഞ ഒരീണത്തിലേക്ക് രാജി ആ കവിതയെ മാറ്റിയിരുന്നു. കവിതയുടെ പശ്ചാത്തലത്തില്‍,യ ഇരുട്ടുമുറിയിൽ, ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു വശം മാത്രം കാണാവുന്ന രാജിയുടെ മുഖത്തിന് അതുവരെ തോന്നിയിട്ടില്ലാത്ത ഒരു ഭംഗിയുള്ളതായി ജ്യോതിക്ക് തോന്നി. രാത്രിയും നിലാവും ചീവീടുകളും നിശബ്ദമായത് പോലെ. രാജിയും രാജിയുടെ മധുരമായ ശബ്ദവും മാത്രം. കവിത പോലെയൊരുവൾ.
“ഏതോ പ്രതീക്ഷതൻ ചിറകൊന്നിളക്കുന്ന നേരം എനിക്കാകാശമാകുന്നു നീ എനിക്കാശ്വാസമാകുന്നു നീ…”
കവിതയുടെ അവസാന വരികള്‍ രാജി നീട്ടി പാടി നിർത്തി. ജ്യോതിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എതിർവശങ്ങളിലിരിക്കുന്ന രണ്ട് ടേബിള്‍ ലാമ്പുകളുടേയും വെളിച്ചങ്ങള്‍ എത്താത്ത ഒരു ഇരുണ്ട മൂലയില്‍ അവളുടെ കണ്ണുകള്‍ വെറുതെയെന്തോ തിരഞ്ഞുനടന്നു. ജ്യോതി മെല്ലെ രാജിയെ നോക്കി. രാജി ജ്യോതിയെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല. അവളത് രാത്രിയുടെ ഇരുട്ടില്‍ ഒളിപ്പിച്ചു വച്ച് രാജിയെ നോക്കി ചിരിച്ചു.