“ടീ, ഒരു കാര്യം ചോദിക്കട്ടെ?!”
രാജി ബുക്കില്‍ നിന്ന് തലയുയർത്തി നോക്കി.
“എന്താ?”
“ഒരു സംശയം….”
“ചോദിച്ചോ.”
എങ്ങനെ ചോദിക്കും എന്നായി മനസ്സില്‍. പിന്നെ ഒരുവിധം ധൈര്യം സംഭരിച്ച് ജാള്യത മറികടന്ന് ജ്യോതി ചോദിക്കാൻ തുടങ്ങി: “ഈ സെക്സ് ഉണ്ടല്ലോ… അത്… ഈ… ഇങ്ങനെ പറ്റാതെ വരുവോ? ”
രാജിക്ക് ഒന്നും വ്യക്തമായില്ല. “എന്താന്ന്?”
“അല്ലടീ, ആളുകൾക്ക്… ഈ… പെണ്ണുങ്ങൾക്ക് സെക്ഷ്വലായിട്ടുള്ള… ആ ഒരു ഫീൽ ഇല്ലേ… അത് ഇല്ലാതിരിക്കുവോ? അങ്ങനെ വല്ല അസുഖവുമുണ്ടോ?”
രാജി ഒന്ന് എഴുന്നേറ്റിരുന്നു. ” ചിലപ്പൊ അങ്ങനെ ഉണ്ടാകും. ചില ആളുകള്‍ എസെക്ഷ്വലായിരിക്കും. അവർക്ക് അങ്ങനെ സെക്സിനോട് താത്പര്യമുണ്ടാകില്ല. നമ്മളീ ബൈസെക്ഷ്വൽ പാൻസെക്ഷ്വൽ എന്നൊക്കെ പറയുന്ന പോലെ തന്നെ എസെക്ഷ്വൽസ്. അതങ്ങനെ അസുഖമൊന്നുമല്ല. പിന്നെ അസുഖങ്ങള്‍ കാരണം ശേഷി പോകുന്നവരൂണ്ട്. ചിലർക്ക് മാനസിക സമ്മര്‍ദം കാരണവും പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്.” തികഞ്ഞ ലാഘവത്തോടെ രാജി പറഞ്ഞു നിർത്തി. ജ്യോതിയുടെ ചോദ്യത്തിൽ അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി രാജിക്ക് തോന്നിയില്ല.
ജ്യോതി പക്ഷേ അപ്പോൾ താനിനി അങ്ങനെ എന്തെങ്കിലുമാണോ എന്ന് പേടിച്ചു പോയിരുന്നു. അവളുടെ മുഖത്തെ ഭാവമാറ്റം രാജി തിരിച്ചറിഞ്ഞു.
” എന്തുപറ്റി?!”
അവളോട് പറയണോയെന്ന് ജ്യോതി ഒരു ഞൊടി സംശയിച്ചു. രാജിയുടെ മുഖത്തേക്ക് നോക്കി. അവൾക്ക് പുരികം ചുളിച്ച് തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു. രാജിയുടെ കണ്ണിലേക്ക് നോക്കാന്‍ പറ്റുന്നില്ല. പതിയെ പതിയെ രാജിയുടെ മുഖത്തെ സംശയഭാവം മാറി വന്നു. അത് ഒരു ചിരിയിലേക്ക് വഴുതി വീണു. ചെറുപ്പകാലത്ത് എപ്പൊഴോ കണ്ട് മറന്ന കുറുമ്പും കരുതലും കലർന്ന ഒരു ചിരിയുടെ ഓർമ്മകൾ എവിടെ നിന്നോ ജ്യോതിയിലേക്ക് ഓടിയെത്തി.
“നീ എന്തെങ്കിലും ചെയ്തോ കുഞ്ഞാ?!” രാജി ചിരിച്ചുകൊണ്ട് ചോദിച്ചു.
‘കുഞ്ഞ!’ ഒരുപാട് വർഷങ്ങൾക്ക് അപ്പുറത്തു നിന്നും ആരോ വിളിച്ചതുപോലെ ജ്യോതിക്ക് തോന്നി. അവൾ മറുപടിയൊന്നും പറയാതിരിക്കുന്നത് കണ്ടപ്പോള്‍ രാജി വീണ്ടും ചോദിച്ചു, “വല്ല പയ്യന്മാരുമായിട്ടെങ്ങാനും നീ..?! ”
” അയ്യോ… ഇല്ല ചേച്ചീ…” ജ്യോതി ഒന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു. അവൾ തന്നെ ചേച്ചിയെന്ന് വിളിച്ചത് കേട്ടപ്പോള്‍ രാജിക്ക് എന്തോ ഒരു സന്തോഷം തോന്നി. ചെറിയൊരു ചിരിയോടെ രാജി വീണ്ടും ചികഞ്ഞു, “പിന്നെ?”