‘ദൈവമേ, എന്തായിത്? ഈ ഒരു സന്തോഷം കൂടി തട്ടി തെറിപ്പിച്ചിട്ട് എന്തിനാണ് ഇവിടെ നീ നോവ് പാകിയത്?’
ജ്യോതി പതിയെ രാജിയുടെ അടുത്തേക്ക് നീങ്ങി. അവളുടെ തലയില്‍ വലതുകൈ കൊണ്ട് തലോടി. അവൾ തലപൊന്തിച്ച് ജ്യോതിയുടെ കണ്ണില്‍ നോക്കി.
‘എന്ത് പറയണം?’ അവൾക്കറിയില്ലായിരുന്നു. അവൾ രാജിയുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു. ജനൽച്ചില്ല കടന്നെത്തിയ ഒരു വെയിൽത്തുണ്ട് രാജിയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നു. അതിന് തൊട്ടുതാഴെ രാജിയുടെ ഇടത്തേ മാറിന് മുകളിലായി ജ്യോതി ആദ്യമായി അത് കണ്ടു, കടും തവിട്ടു നിറത്തിൽ ഒരു പുള്ളി! ഇത്രയും കാലത്തിടക്ക് താനത് കണ്ടില്ലല്ലോയെന്ന് ജ്യോതി അത്ഭുതപ്പെട്ടു. എവിടെയാണ് ഇത്രനാളും രാജി ആ ബിന്ദു ഒളിപ്പിച്ചു വച്ചത്? ജ്യോതിക്ക് താന്‍ ആ ഒരു ബിന്ദുവിലേക്ക് ആഴ്ന്ന് പോകുന്നതായി തോന്നി. ഇടക്കെപ്പോഴോ കണ്ണ് ഒന്ന് തെന്നി രാജിയുടെ മുഖത്തേക്ക് മടങ്ങിയെത്തി.
“സാരല്ല്യ. പോട്ടെ.” ജ്യോതി യാന്ത്രികമായി പറഞ്ഞു.
രാജിയുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി വിടർന്നു. അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു. ജ്യോതി ഒട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ രാജി അവളെ കെട്ടിപ്പിടിച്ചു. ഒന്ന് ഞെട്ടി നിൽക്കുകയായിരുന്ന ജ്യോതിയെ പിന്നേയും ഞെട്ടിച്ചുകൊണ്ട് രാജി അവളുടെ വലത്തേ കവിളിൽ ഒരു ഉമ്മ വച്ചു. മൂന്ന് ദിവസമായി വീർത്തു നിന്നിരുന്ന ഒരു മുഖക്കുരുവിലാണ് ആ ചുണ്ടുകൾ അമർന്നത്. വല്ലാതെ വേദനിച്ചു. വേദനക്കും ഒരു സുഖമുണ്ടെന്ന് അപ്പോള്‍ ജ്യോതിക്ക് തോന്നി. ആദ്യമായാണ് രാജിയുടെ ഉമ്മ ജ്യോതിക്ക് കിട്ടുന്നത്. അച്ഛനും അമ്മക്കും മറ്റുള്ളവർക്കുമെല്ലാം രാജി ഉമ്മകൾ കൊടുക്കുന്നത് ഇത്രയും കാലം വെറും പ്രഹസനമായാണ് ജ്യോതിക്ക് തോന്നിയിരുന്നത്. പക്ഷേ ഇത്….! ചുണ്ടുകൾ കവിളിൽ നിന്നടർത്തി രാജി പറഞ്ഞു, “താങ്ക്യൂ”. പിന്നെ ഒരു ടർക്കിയുമെടുത്ത് ബാത്ത് റൂമിൽ കയറി. കറങ്ങുന്ന ഫാനിന്റെ ഞരക്കത്തിനും മുകളില്‍ തന്റെ ഹൃദയമിടിക്കുന്ന ശബ്ദം കേൾക്കുന്നതായി ജ്യോതിക്ക് തോന്നി. പിന്നെ ഒരു പുഞ്ചിരിയിലേക്ക് അവൾ സമരസപ്പെട്ടു.
അടുക്കളയിലേക്ക് പോയി ചായ വെക്കുന്ന തിരക്കിലേക്ക് ജ്യോതി കടന്നു. അഞ്ചര മണിയാകുമ്പോൾ അമ്മ ജോലി കഴിഞ്ഞെത്തും. ആറ് ആറരയ്ക്ക് അച്ഛനും. അവർ വരുന്നതിന് മുന്നേ ചായ വെക്കണം, അകവും മുറ്റവും അടിച്ചുവാരണം, പാത്രം കഴുകണം. പണികൾ കുറെയുണ്ട്. എല്ലാം രണ്ടു പേരും കൂടി പരാതിയൊന്നുമില്ലാതെ എന്നും തീർക്കും. എല്ലാം കഴിഞ്ഞ് അച്ഛനും അമ്മയും വന്നാല്‍ എല്ലാവരും കൂടിയിരുന്ന് ചായ കുടിക്കും. അന്നേരത്ത അവരുടെ സംസാരങ്ങളെ ജ്യോതി പാടെ അവഗണിക്കുകയാണ് പതിവ്. അവരാരും അവളോടും പ്രത്യേകിച്ചൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കാറില്ല. അതിന് ശേഷം അവര്‍ പഠിക്കാനിരിക്കും. പിന്നെ അത്താഴം. അതും കഴിഞ്ഞ് ഉറക്കത്തിലേക്ക് പോകുന്നതിന് മുന്നേ കുറച്ച് നേരം ചിലപ്പോഴൊക്കെ ജ്യോതി തന്റെ കവിതകൾ എഴുതുന്നതിലേക്ക് കടക്കാറുണ്ട്. അവൾ തന്റെ മനസ്സ് തുറക്കുന്നത് കവിതകളിലായിരുന്നു. ഇന്നും അവൾക്ക് എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ കഴിയുന്നില്ല. പിന്നെ ഡയറി അടച്ചുവച്ച് അവളും ഉറങ്ങാന്‍ കിടന്നു. അപ്പുറത്തെ കട്ടിലില്‍ രാജി അപ്പോഴേക്കും മൂടിപ്പുതച്ച് ഉറക്കത്തിലായിരുന്നു. ജ്യോതിയും പതിയെ മയങ്ങി.