“നീ എന്നുമുതലാ കവിത വായിക്കാന്‍ തുടങ്ങിയത്?” ജ്യോതി ചോദിച്ചു.
“അങ്ങനെ വായിക്കലൊന്നുമില്ല. ഇത് ജസ്റ്റ് ഇങ്ങനെ…. ഭയങ്കര ഫീലാണ്. ഒരു തരം നഷ്ടപ്രണയത്തിന്റെ…” രാജി അത് മുഴുവനാക്കിയില്ല.
ജ്യോതി അവളെ സംശയത്തോടെ ഒന്ന് നോക്കി. വേറൊന്നും ചോദിച്ചില്ല. ഇരുവരും നിശബ്ദരായി തന്നെ നടന്നു.
ക്ലാസില്‍ ഇരിക്കുമ്പോഴും ജ്യോതിയുടെ മനസ്സില്‍ രാജി പറഞ്ഞത് ഒരു മുള്ള് പോലെ കൊളുത്തി വലിച്ചുകൊണ്ടിരുന്നു.
‘നഷ്ടപ്രണയമോ? അവൾക്കോ? അതെങ്ങനെ? അവള്‍ എപ്പോള്‍ പ്രണയിച്ചു? ഇനി പൊതുവെ പറഞ്ഞതായിരിക്കുമോ?’
ജ്യോതിയുടെ പേന നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വട്ടം കറങ്ങി കറങ്ങി അതിനെ കുതിർത്തുകീറി.
ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ ബസ് സ്റ്റോപ്പ് വരെ രാജിയുടെ കൂട്ടുകാരുമുണ്ടായിരുന്നു കൂടെ. അവരോട് കലപിലയടിച്ച് രാജി നടക്കുമ്പോള്‍ അതും നോക്കി തൊട്ടുപിറകെ ജ്യോതിയും നടന്നു. ആ ബഹളത്തിനിടയിൽ അവളോട് ഒന്നും ചോദിക്കാന്‍ വയ്യ. തിരിച്ച് പോകുമ്പോള്‍ ബസ്സില്‍ സീറ്റില്ലായിരുന്നു. പതിവ് പോലെ ആ കമ്പിയില്‍ തൂങ്ങി വീടുവരെ എത്തി. മുറിയിലെത്തി ബാഗ് ഒരു മൂലയിലേക്ക് ഇട്ടിട്ട് രാജി കട്ടിലില്‍ മലർന്നു കിടന്നു. മുറിയിലേക്ക് എത്തിനോക്കുന വെയിലിനെ മറയ്ക്കാന്‍ രാജി തന്റെ ഇടതു കൈത്തണ്ട കൊണ്ട് കണ്ണും മുഖവും മൂടി.
‘അവളോട് ചോദിക്കണോ?’ ജ്യോതി മനസ്സിലോർത്തു. ‘ചോദിച്ചേക്കാം’.
“ടീ…” “മ്…” “നിനക്ക് വല്ല ലൈനും ഉണ്ടായിരുന്നോ?”
രാജി ഒന്നും മിണ്ടിയില്ല.
“ഞാന്‍ ചോദിച്ചത് കേട്ടില്ലേ?” “കേട്ടു” “എന്നിട്ട്?”
രാജി മെല്ലെ കൈ മാറ്റി തല ചെരിച്ച് അവളെ നോക്കി. പിന്നെ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു.
“ഉണ്ടായിരുന്നു ടീ. എന്റെ സീനിയര്‍ ഒരുത്തന്‍. നീ കണ്ടിട്ടുണ്ടാവില്ല. വേറാരോടും പറയുവൊന്നും വേണ്ടാട്ടാ” രാജി പറഞ്ഞു നിർത്തി.
ജ്യോതിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. രാജിയെ പോലൊരു സുന്ദരിപ്പെണ്ണിന് ഒരു പ്രണയമുണ്ടായിരുന്നു എന്നതിൽ അത്ര അതിശയോക്തിയൊന്നും സത്യത്തില്‍ ഇല്ലായിരുന്നു. പക്ഷേ താനത് എങ്ങനെ മനസ്സിലാക്കാതെ പോയി എന്നതായിരുന്നു ജ്യോതിയുടെ മനസ്സില്‍. ഒരു സൂചനപോലും കണ്ടെത്താഞ്ഞതിൽ അവൾക്ക് എന്തിനോ നിരാശ തോന്നി.
“എന്താ പറ്റിയേ?” ജ്യോതി വീണ്ടും ചോദിച്ചു. “കഴിഞ്ഞ കൊല്ലം അവൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു പോയി. കുറച്ചു നാള്‍ കോണ്ടാക്റ്റ് ഉണ്ടായിരുന്നു. പിന്നെ പിന്നെ അത് കുറഞ്ഞു. അവൻ എന്നെ കംപ്ലീറ്റ് ആയിട്ട് ഒഴിവാക്കി. അവസാനം പറഞ്ഞു അവന് മതിയായീന്ന്.” രാജിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു. അപ്പോഴും അവൾ ഒരു ചെറിയ ചിരി ചുണ്ടില്‍ തേച്ചുവച്ചിരുന്നു. പിന്നെ അവൾ തല താഴ്ത്തിയിരുന്നു. ആദ്യമായാണ് ജ്യോതി രാജിയെ ഇങ്ങനെ കാണുന്നത്. അവൾ കരയുന്നു. തന്റെ ശത്രുവാണ്. അവൾ വേദനിക്കുമ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്തോഷം എവിടെ? ഇല്ല, ഒട്ടും സന്തോഷമില്ല. പിന്നെ? പിന്നെയെന്താണ്? സങ്കടം തോന്നുന്നു.