“പോത്ത് പോലെ വളർന്ന രണ്ട് പെമ്പിള്ളേരുണ്ടായിട്ടെന്താ കാര്യം. അടുക്കളയില്‍ ഞാനൊരുത്തി ഒറ്റക്ക് മേയണം.” ഓടി നടന്ന് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ അമ്മ പായാരം പറഞ്ഞു. ജ്യോതി അത് മൈന്റ് ചെയ്യാതെ വേഗം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. രാജി ഓടി വന്ന് അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു,” സോറി അമ്മേ. ഞാന്‍ ഉറങ്ങിപ്പോയി”. അമ്മ അതിന് ഇരുത്തിയൊന്ന് മൂളുക മാത്രം ചെയ്തു.
‘മണിയടിക്കാൻ അല്ലെങ്കിലും ഇവളെ കഴിഞ്ഞിട്ടേയുള്ളൂ’ ജ്യോതി ഓർത്തു.
ആരോടും സ്നേഹം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത പ്രകൃതമാണ് രാജിയുടേത്. നേരെ തിരിച്ചാണ് ജ്യോതിയുടെ സ്വഭാവം. ആരേയും അധികം അടുപ്പിക്കുകയില്ല. അടുപ്പമുള്ളവരോട് ഒരല്പം അകലമുണ്ടാകുകയും ചെയ്യും. രാജിയെ കണ്ടാല്‍ ആരുമൊന്ന് നോക്കും. വെളുത്ത് മെലിഞ്ഞ സുന്ദരിയാണവൾ. അവളുടെ വരിതെറ്റിയ പല്ലുകള്‍ പോലും അവളെ കൂടുതല്‍ സുന്ദരിയാക്കിയിട്ടേയുള്ളൂ. ഭംഗിയുള്ള കൊന്ത്രൻപല്ലുകൾ. ജ്യോതിക്ക് ഒരല്പം ഇരുണ്ട നിറമാണ്. ചെറുപ്പം മുതല്‍ ബന്ധുമിത്രാദികളുടെ “അയ്യോ, മോള് പിന്നേം കറുത്തുപോയല്ലോ” കേട്ട് കേട്ട് അവൾക്ക് മടുത്തു. വെളുക്കാനുള്ള പാരമ്പര്യസൂത്രപ്പണികളെ പറ്റിയുള്ള ഉപദേശങ്ങൾ അവളില്‍ ചെറുതല്ലാത്ത അപഹർഷത ഉരുത്തിരിയിച്ചിരുന്നു. ജ്യോതി അങ്ങനെ തടിച്ചിട്ടൊന്നുമല്ല. എന്നാല്‍ ദുർമേദസ്സ് ഉണ്ടുതാനും. ഇതെല്ലാം അവളുടെ സ്വഭാവത്തെ വല്ലാതെ ബാധിച്ചിരുന്നു. തിരസ്കരിക്കപ്പെടുന്നു എന്ന തോന്നല്‍. അടച്ചുപൂട്ടിയ മുറി പോലെ ഒരുവൾ.
ബസ്സിന്റെ വിന്‍ഡോ സീറ്റ് തന്നെ ജ്യോതിക്ക് കിട്ടി. അവൾക്ക് അതിഷ്ടമാണ്. കാറ്റ്. കാഴ്ചകൾ. അതില്‍ മുഴുകിയിരിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന കവിതകള്‍.
“സമയമാകുന്നു പോകുവാൻ, രാത്രി തൻ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവർ”
“എന്താ?!”
ജ്യോതി ഒന്ന് ഞെട്ടി. തൊട്ടടുത്തിരിക്കുന്ന രാജിയാണ് ചോദിച്ചത്. മനസ്സില്‍ ചിന്തിച്ച വരികള്‍ താന്‍ ഉച്ചത്തില്‍ പറഞ്ഞുപോയെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.
“ഒന്നൂല്ല”. ആകെ ചമ്മിപ്പോയി. അവൾ രാജിക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.
” അത് സന്ദർശനത്തിലെയല്ലേ? ചുള്ളിക്കാടിന്റെ..?” രാജി ചോദിച്ചു. ജ്യോതി തെല്ലൊരത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
“നിനക്ക് അതറിയുവോ?!” അവൾ ആരാഞ്ഞു. “നല്ല കവിതയാണ്” രാജി ഒന്ന് മന്ദഹസിച്ചു. ജ്യോതിയും.
വീട്ടില്‍ നിന്ന് മിനിമം ചാര്‍ജ് ദൂരമേയുള്ളൂ കോളേജിലേക്ക്. ബസ് ഇറങ്ങി ഒരു അഞ്ച് മിനിറ്റ് നടക്കണം. ബോഗൈൻവില്ല പൂക്കള്‍ പൂത്തുനിൽക്കുന്ന വഴിയിൽ ഒരു വശത്ത് ചെറിയൊരു ചായക്കടയുമുണ്ട്. എന്നും അവർ അതുവഴി കടന്നുപോകുമെങ്കിലും ഒരുമിച്ച് ഇതുവരെ അവിടുന്ന് ഒരു ചായ കുടിച്ചിട്ടില്ല. സാധാരണ ഇങ്ങനെ നടക്കുമ്പോള്‍ ഇരുവരും പരസ്പരം ഒന്നും സംസാരിക്കാറില്ല. ഇന്ന് പക്ഷേ-