ഒരേയൊരാൾ
Oreoraal | Author : Hari
എന്നത്തേയും പോലെ ഒരു മടുപ്പോടെയാണ് ജ്യോതി ഉറക്കമെഴുന്നേറ്റത്. തണുത്ത പ്രഭാതത്തിലേക്ക് വെയിൽ ഊർന്നുവീഴുന്നത് ജനാലച്ചില്ലിലൂടെ അവളറിഞ്ഞു.
ഇല്ല. അതിലും തോന്നുന്നില്ല ഒരു തരത്തിലുള്ള ഉന്മേഷവും.
മുറിയുടെ മറുചുമരിനോട് ചേർന്നു കിടക്കുന്ന കട്ടിലില്‍ രാജി മൂടിപ്പുതച്ച് അപ്പോഴും ഉറക്കമാണ്.
വിളിച്ചുണർത്താൻ നിന്നില്ല. ‘അവൾക്ക് വേണേൽ എണീറ്റ് ക്ലാസില്‍ പോട്ടെ’ – ജ്യോതി ചിന്തിച്ചു.
ആകെ ചടപ്പോടെയെങ്കിലും ജ്യോതി പതിയെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങളിലേക്ക് കടന്നു.
ഒരു ബ്രഷും കടിച്ചുപിടിച്ച് ക്ലോസറ്റിൽ ഇരിക്കുമ്പോള്‍ മടങ്ങി കിടക്കുന്ന വയറിൽ അവൾ ഒന്ന് നോക്കി.
‘ഈശ്വരാ, പിന്നേം വയറുചാടിയോ? അല്ലെങ്കിലേ വണ്ണക്കൂടുതലാണ്! ‘
അതും ചിന്തിച്ച് ആകുലപ്പെട്ടിരിക്കുമ്പോഴാണ് ബാത്ത് റൂമിന്റെ വാതിലിൽ മുട്ട് കേൾക്കുന്നത്. “ടീ… ഒന്ന് വേഗാവട്ടെ. എനിക്കും റെഡിയാകാന്ണ്ട്”.
രാജിയാണ്. ‘രാജി’. അവളോർത്തു. ‘ചേച്ചിയാണത്രേ, ചേച്ചി’.
രാജി ജ്യോതിയേക്കാൾ രണ്ടു വയസ്സ് മൂത്തതാണ്. ചെറുപ്പം മുതല്‍ സഹോദരങ്ങൾ തമ്മിലുള്ള ഒരു അടുപ്പമോ സ്നേഹമോ അവർ തമ്മില്‍ ഉണ്ടായിട്ടില്ല. ഓർമ്മവച്ച കാലം മുതൽ തനിക്ക് എവിടേയും ഒരു എതിരാളിയായി മാത്രമാണ് ജ്യോതിക്ക് രാജിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.
ചില പഴയ സിനിമകളിൽ വില്ലന്‍മാര്‍ നായകന്മാരെ കുറിച്ച് പറയുന്നത് പോലെ. കുട്ടിക്കാലം മുതല്‍ എവിടേയും തന്നേക്കാൾ മികച്ചു നിൽക്കുന്ന ചേച്ചി. അച്ചനമ്മമാരുടെയും ടീച്ചർമ്മാരുടേയുമെല്ലാം പെറ്റ്. പാട്ടുകാരി. അവിടങ്ങളിലെല്ലാം ആരും ശ്രദ്ധിക്കാതെ പോയത് ജ്യോതിയെയാണ്. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ താൻ വില്ലനാകുകയല്ലേയെന്ന് ജ്യോതി ഇടക്കോർക്കും.
‘ഞാന്‍ വില്ലനും അവൾ നായകനും! ബെസ്റ്റ്. എന്റെ തലവിധി!’
വാതിൽക്കൽ മുട്ട് തുടർന്നുകൊണ്ടേയിരുന്നു. എന്നാല്‍ വിസ്തരിച്ചു കുളിച്ചിട്ടേ ജ്യോതി ഇറങ്ങിയുള്ളൂ. വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോൾ രാജി കണ്ണുരുട്ടി നിൽപ്പുണ്ട്.
“ഞാന്‍ വിചാരിച്ചു അതിന്റുള്ളിലിരുന്ന് ചത്തൂന്ന്”
“തെരക്കാണെങ്കി കാലത്ത് നേരത്തെ എണീക്കടീ”
ജ്യോതി രാജിയെ വകഞ്ഞുമാറ്റി ബാത്ത് റൂമിൽ നിന്നിറങ്ങി. രാജി തിരിച്ചൊന്നും പറഞ്ഞില്ല. നേരെ ബാത്ത് റൂമിൽ കയറി വാതിലടച്ചു. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും ജ്യോതി ഒരുങ്ങിയിരുന്നു. സമയം എട്ടരയായി. അച്ഛനും അമ്മയും കാലത്തെ തിരക്കുകളിലാണ്. രണ്ടാൾക്കും ജോലിക്ക് പോകണം. രാജിയും ജ്യോതിയും ഒരേ കോളേജിലാണ്. രാജി ഫൈനല്‍ ഇയർ ബി.എസ്.സി. ജ്യോതി ഫസ്റ്റ് ഇയര്‍ ബി.എ. എല്ലാവർക്കും 9 മണിക്ക് തന്നെ ഇറങ്ങണം.