“മോനെ..വാവെ .. ” സ്വാതി കുഞ്ഞിനെ നെഞ്ചോട് ചേർത്തു നിന്ന് വിതുമ്പി..
“കുഞ്ഞു ഒന്നും കഴിക്കുന്നില്ല സ്വാതി… എപ്പോഴും കരച്ചിലാ… ഡോക്ടർ പറഞ്ഞത് പാലുകൊടുക്കാനാണു..”
സ്വാതിക്ക് അതു കേട്ട് ദേഷ്യം ഇരച്ചു കയറി…
അവൾ കുഞ്ഞിനെ ഒരു കൈകൊണ്ടു പിടിച്ചു ഋഷിയുടെ കവിളിൽ ആഞ്ഞൊരു അടികൊടുത്തു..
ഒരു അമ്മയുടെ പ്രതിഷേധം…
പിന്നെ വെട്ടിതിരിഞ്ഞു വീട്ടിലേക്ക് കയറി..
കുഞ്ഞിനെ മടിയിലിരുത്തി അവൾ നിർവൃതിയോടെ കുഞ്ഞിന് പാലുകൊടുത്തു..
ഋഷി അവൾ അടിച്ച കവിളിൽ കൈവച്ചു നിന്ന്…
അവൻ നോക്കികാണുകയായിരുന്നു സ്വാതിയെ.. അവൾ ആകെ ക്ഷീണിച്ചിരിക്കുന്നു… കണ്ണിനു ചുറ്റുമുള്ള കറുപ്പ് അവളുടെ ഉറക്കമില്ലായ്മ വെളിവാക്കി…
ഋഷി കുഞ്ഞിനു പാലുകൊടുക്കുന്ന സ്വാതിയെ സ്നേഹത്തോടെ നോക്കി നിന്നു..
അപ്പോഴാണ് അമ്മുമോൾ അങ്ങോട്ട് വന്നത്..
“ഋഷി അങ്കിൾ..”
ഋഷി അമ്മുമോളുടെ വിളികേട്ട് അങ്ങോട്ട് നോക്കി…
“അങ്കിളെ എന്റെ കുഞ്ഞാവേനെ തരാൻ വന്നതാണോ..”
“മ്മ് അതെ മോളെ… കുഞ്ഞാവ അമ്മയുടെ കൂടെ ഉണ്ട്…”
“അങ്കിളെ ഇനി കുഞ്ഞാവേനെ കൊണ്ടുപോകല്ലെ പ്ലീസ്.. എനിക്കു ഒത്തിരി ഇഷ്‌ടാ കുഞ്ഞുവാവേനെ… അമ്മയ്ക്കും.., അമ്മ എന്നും കരയും കുഞ്ഞാവേനെ ഓർത്തു…”
അമ്മുമോൾ വിഷമത്തോടെ ഋഷിയോടെ പറഞ്ഞു..
“ഇല്ല മോളെ കുഞ്ഞുവാവ ഇനി എന്നും മോളുടെ കൂടെ ഉണ്ടാകും”
“ഹായ്.. ഞാൻ കുഞ്ഞുവാവനെ കണ്ടിട്ടു വരാവേ….” അതും പറഞ്ഞു മോൾ സന്തോഷത്തോടെ അകത്തേക്കു പോയി…
കൊണ്ടുവന്ന കുഞ്ഞിന്റെ സാധനങ്ങൾ അവിടെ വച്ചു ഋഷി മെല്ലെ തിരിഞ്ഞു നടന്നു..
അവിടെ ഒരു കരടായി നിൽക്കാൻ ഋഷിക്ക് തോന്നിയില്ല….
പാലുകൊടുത്തു കഴിഞ്ഞു സ്വാതി പുറത്തേക്കു വന്നുനോക്കി.. അപ്പോൾ ഋഷിയെ അവിടെ ഒന്നും കണ്ടില്ല..
“സാർ പോയോ.. ” അവൾക്ക് അടിച്ചതിൽ കുറ്റബോധം തോന്നി..
ഋഷി തിരികെയുള്ള യാത്രയിലായിരുന്നു… അവന്റെ മനസിലൂടെ എല്ലാം കാര്യങ്ങളും ഓടിമറഞ്ഞു..
സ്വാതിയെ ആദ്യം കണ്ടപ്പോൾ തന്റെ ആഗ്രഹം സാധിക്കാനുള്ള ഒരു പെണ്ണായി മാത്രമെ കണ്ടോള്ളൂ… പിന്നെ എപ്പോഴോ ഒരു ഇഷ്ടം തോന്നി, അത് അവളോടാണോ… അതോ എന്റെ കുഞ്ഞിന്റെ അമ്മയോടുള്ളതാണോ എന്നറിയില്ല…