മഴ കഴുകിയിട്ട റോട്ടിലേക്ക് ബസ്സിൽ നിന്ന് കാലെടുത്തു വെച്ചതും,മുന്നിൽ കടയയിലെ ബെഞ്ചിൽ ഇരിക്കുന്ന ചന്ദ്രനെയാണ് കണ്ടത്.നാട്ടുകാരുടെ വിയ്യൂർ ചന്ദ്രൻ.നാറി!! എനിക്കയാളെ കണ്ണെടുത്താൽ കണ്ടു കൂടാ. അയാളാണ് വീട്ടിലെ കാര്യസ്ഥൻ എന്ന് വേണേൽ പറയാം. കൂടെ…എന്റെ എന്തേലുമൊരു കാര്യമാണേൽ,അമ്മയുടെ ചെവിയിലെത്തിക്കാൻ ആ കാലന് നൂറു നാവാണ്. എല്ലായിടത്തും കണ്ണുള്ള ആ തെണ്ടി ഞാൻ എന്ത് ചെയ്താലും വീട്ടിൽ എഴുന്നള്ളിക്കും. അമ്മയുടെ വകയിലെ ഒരു ചെറിയച്ഛൻ ആയതിനാൽ,അയാൾക്കിട്ട് ഓങ്ങാൻ ഞാൻ ഇതുവരെ നിന്നിട്ടില്ല. പേടിയില്ലാത്ത,ആരെയും കൂസലില്ലാത്ത പഴയ മോഡൽ ആറ്റിറ്റ്യൂഡ് കിങ്, സിഗ്മ എന്നൊക്കെ അയാളെ പൊക്കി പറയാം.
എനിക്കയാൾ കാലനാണേലും, എന്റെ വീടും,വീട്ടുപേരും,ഞങ്ങളുടെ പേരും,പ്രശസ്ഥിയും കോട്ടം വരാതെ നിലനിർത്തുന്ന ഒരു മാന്ത്രിക കവചം അയാളുടെ കയ്യിലാണ്. എന്റമ്മയെ തകർക്കണമെങ്കിൽ അയാളുടെ തല അരിയണം എന്ന് നാട്ടുകാർ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. കുറച്ചു കാലം മുന്നേ മലയിലെ കാപ്പിത്തോട്ടങ്ങളും,ഏല തോട്ടങ്ങളും. അമ്മയുടെ ഉടമസ്ഥതയിൽ വന്നപ്പോ അത് നാട്ടിൽ വലിയ ചർച്ചക്ക് ഇടയാക്കി. ആദിവാസി ഭൂമി എങ്ങനെ അമ്മയുടെ കയ്യിൽ വന്നൂന്നുള്ള വലിയ പ്രശ്നം.കേസ് കൊടുക്കും കോടതി കേറ്റും എന്നൊക്കെ പറഞ്ഞ,ഇത്തിരി പൈസ കയ്യിലുള്ള,മൂത്ത മരത്തലയന്മാരെ മലയിൽ നിന്ന് തന്നെ ആളുകളെ ഇറക്കി ചന്ദ്രൻ പേടിപ്പിച്ചു. അരിവാൾ അരയിൽ തിരുകി നാട്ടിലൂടെ നടന്ന ചന്ദ്രന്റെ ആളുകളെ പേടിച്ച് ഉടു മുണ്ടിൽ മൂത്രമൊഴിച്ച് കേസിന് നിന്ന രണ്ടു പേർ വീട്ടിൽ വന്നു അമ്മയോട് കരഞ്ഞു നിലവിളിച്ചു പറഞ്ഞു മാപ്പാക്കണമെന്ന്!!.
ഇതൊന്നും വകവെക്കാതെ കേസിന് പോയ ആൾക്ക് പൈസ പോയി എന്നല്ലാതെ ഒരു നടപടിയും അമ്മക്കെതിരെ വന്നില്ല.നാട്ടുകാർ രഹസ്യമായി പോലും ഈ വിഷയം പറയാൻ പിന്നെ മുതിർന്നില്ല. ഇതാണ് ചന്ദ്രന്റെ പൊതു സ്വഭാവം .നീണ്ടു,മെലിഞ്ഞ ചതുരകണ്ണട വെച്ച എന്റെ കാലന്റെ കളി. ഇതൊക്കെയാണേലും എന്റെ വീട്ടിൽ അയാൾക്ക് യാതൊരു സ്ഥാനവുവും അമ്മ കൊടുത്തിട്ടില്ല.വീടിന്റെ തിണ്ണയിൽ വന്നിരിക്കും എന്നല്ലാതെ വീടിനകത്തേക്ക് അയാൾ കേറുന്നത് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. അമ്മയതിന് സമ്മതിക്കേം ചെയ്യില്ല. അമ്മയെ അയാൾക്കും പേടിയാണ്.
ബാക്കിലുള്ള ബസ് എന്നെ ഇറക്കി പോയത് പോലും ഞാൻ അറിഞ്ഞില്ല.ചന്ദ്രനെ നോക്കി അയാളുടെ കൂസലില്ലാത്ത ഇരുത്തം കണ്ട്,നിന്നകാലിൽ നിന്ന് പോയി. കാലിൽ കാൽ കേറ്റി ബെഞ്ചിൽ ഇരിക്കുന്ന അയാൾ, മുറുക്കാൻ വായിലേക്ക് തിരുകി,രണ്ടു ചവക്കൽ സാവധാനം ചവച്ച്,ആ ചതുരം കണ്ണടക്കുള്ളിലൂടെ എന്നെ നോക്കി. ചിരിയും, സംസാരവും ഞങ്ങൾ തമ്മിൽ ഇല്ലാത്തത് കൊണ്ട് അയാളെ പാടെ അവഗണിച്ചു,കനമുള്ള ബാഗും തൂക്കി ഞാന്‍ വീട്ടിലേക്ക് നടക്കാൻ തിരിഞ്ഞു .