“അനുഷേച്ചിക്ക് എന്തേ പറ്റിയെ? ” അമ്മയുടെ മുഖം കാണിക്കാതെ നിൽപ്പ് എനിക്ക് എന്തോ പോലെ തോന്നി. അതോണ്ട് തന്നെ ചേച്ചിയുടെ കാര്യങ്ങൾ കേൾക്കാൻ എനിക്ക് ആകാംഷയായി.
“അവൾ ലണ്ടനിൽ നിന്ന് പോന്നിട്ട്..രണ്ടു മൂന്നാഴച്ചയായി. ഫ്രണ്ടിന്റെ വീട്ടിലായിരുന്നു.ഇനി തിരിച്ചു പോണില്ലാന്ന പറയണേ “ അമ്മ മെല്ലെ നിർത്തി. ഇത്തിരി ദേഷ്യമുള്ളതും വിഷമമുള്ളതുമായ മുഖം അമ്മയെന്റെ നേരെ കാട്ടി ബാക്കിലേക്ക് കൈ കുത്തി ആ അടുക്കള സ്ലാബിലേക്ക് ചന്തി അമർത്തി അമ്മയൊന്ന് നെടുവീർപ്പിട്ടു.ചേച്ചി ഇനി പോവാത്തിലാണോ അമ്മയുടെ ദേഷ്യം. ?
“ അവനും അവളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു ,അവളതൊക്കെ മനസ്സിൽ കൊണ്ടു നടക്കലല്ലേ ന്തേലും തൊള്ള തുറന്നു പറയയോ? എന്നാലും ഒരു ജീവൻ വയറ്റിൽ ണ്ടെന്നുപോലും നോക്കാതെ അവനവളെ….” അമ്മ നിർത്തി. ആ മുഖം താഴ്ന്നു നിൽക്കാണ് ചേച്ചിയുടെ കുട്ടി അങ്ങനെയാണ് പോയതെന്ന് പറയല്ലേ എന്നാരോ എന്റെ ഉള്ളിൽ നിന്നും മുരണ്ടു.
“കുട്ടി പോയി…മൂന്ന് നാലു ദിവസം അവളും ഹോസ്പിറ്റലിൽ കിടന്നു. വീണതാന്ന് പറഞ്ഞു പോലും!! കഷ്ടം!” അമ്മ പുച്ഛത്തോടെ പറഞ്ഞു. എന്‍റെ നെഞ്ച് കാളി. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഇത്ര നേരം എന്നോട് കൊഞ്ചി,കുറുമ്പ് കാണിച്ചു നടന്ന ചേച്ചി ഇതെല്ലാം ഉള്ളിൽ വെച്ച് പുറത്തു കാണിക്കാതെ നിന്നതല്ലേ? ആശിച്ചു മോഹിച്ചു ആറു മാസം വയറ്റിൽ കൊണ്ടു നടന്ന സ്വന്തം ജീവൻ പോയിന്നറിയുമ്പോ ചേച്ചി എത്രമാത്രം തകർന്നിരിക്കും.
“നാട്ടിൽ വന്നിട്ടും അവൾക്ക് വീട്ടിൽ വരാൻ പേടി. ഞാനെന്താ അവളെ അങ്ങ് കൊന്ന് കുഴിച്ചു മൂടുമോ? ..” അമ്മ പിറുപിറുത്തു “നീയൊന്ന് പറഞ്ഞേക്ക് അവളോട് ഞാനുമൊരു പെണ്ണാണെന്ന്..സ്വന്തം മോളെ മനസ്സിലാക്കാതെയിരിക്കാൻ എന്റെ നെഞ്ച് കല്ലൊന്നുമല്ല…“ തമ്പുരാട്ടി ടെറർ മൂഡിലേക് മെല്ലെ വന്നു. ഒച്ച ഇത്തിരി പൊന്തി. ചേച്ചി വീട്ടിലേക്ക് വരാതിരുന്നതിന് കാരണം അമ്മയായിരിക്കും. സ്വന്തം കണ്ടെത്തിയ ചെക്കൻ.അമ്മ ഒരു വിയോചിപ്പുമില്ലാതെ നടത്തി കൊടുത്ത കല്യാണം. അങ്ങനെ ഉള്ളപ്പോ എന്തേലും പ്രശ്നം വന്നാ,നീ കണ്ടെത്തിയ ചെക്കനല്ലേന്ന് അമ്മ ചോദിക്കുമെന്ന് ചേച്ചി പേടിച്ചു കാണും. തമ്പുരാട്ടിയുടെ സ്വഭാവം വെച്ച് അത് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാലും അമ്മയുടെ സ്വഭാവമുള്ള ചേച്ചിക്ക് ഇത് സംഭവിച്ചൂന്ന് അറിയുമ്പോ എനിക്കങ്ങു കരച്ചിൽ വരുന്നുണ്ട്.