“കോഫിയൊന്നും വേണ്ട. ഞാൻ കുടിച്ചാ വന്നേ.”
സംസാരിച്ചിരിക്കുന്നതിനിടയിൽ ഞാൻ മുരളി ചേട്ടനെ ആകെ വീക്ഷിച്ചു. ടീച്ചറുമായി നല്ല ചേർച്ച. വെളുത്ത നിറം. ടീച്ചറേക്കാൾ അല്പംകൂടി ഉയരമുണ്ട്. ഇടത്തരം ശരീരം. വെട്ടി ഒതുക്കിയ മീശ, ക്‌ളീൻ ഷേവ്. അമർത്തി വാർന്നു വച്ച മുടി. ഒരു ചിട്ടവട്ടം ഉള്ള ആൾ എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.
ചേച്ചിയെ പോലെ സംസാരപ്രിയനല്ല ആൾ എന്നെനിക്ക് തോന്നി. സ്വന്തം അഭിപ്രായമുണ്ട് ചേട്ടന് എല്ലാത്തിലും. സ്വന്തം രീതിയിൽ ജീവിക്കുന്ന ഒരു വ്യക്തിയെ പോലെ എനിക്ക് തോന്നീ. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ടീച്ചറെന്നും തോന്നി. ടീച്ചറുടെ സാമിപ്യമാവാം ഇദ്ദേഹത്തെ ഇങ്ങനെ ആരോഗ്യവാനും സന്തോഷവാനായി നിറുത്തുന്നതെന്ന് ഞാനൂഹിച്ചു.
ജോലി, എൻറെ പഠനം, പൊളിറ്റിക്സ്, എല്ലാം സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. പൊതുമരാമത്തു വകുപ്പിലാണ് ചേട്ടന് ജോലി. ആൾക്ക് ആ ജോലിയോട് വലിയ കമ്പമൊന്നും ഉള്ള പോലെ തോന്നിയില്ല. ഇടക്കിടക്കു ജോലിയാവശ്യത്തിനായി രണ്ടോ മൂന്നോ അതിലധികമോ ദിവസങ്ങൾ ജില്ലക്ക് പുറത്തു പോകേണ്ടി വരാറുണ്ട് എന്നത് മുരളി ചേട്ടന്റെ ഏറ്റവും വലിയ പരാതി ആയിരുന്നു. ഇടയ്ക്കിടെ സ്റ്റേറ്റിന് പുറത്തേക്കും യാത്ര ചെയ്യേണ്ടി വരാറുണ്ട്. വൃത്തിയും വെടിപ്പും വീട്ടിൽ ഉള്ള പോലെ എവിടെയും കിട്ടില്ല എന്നും എന്നോട് പരാതി പറഞ്ഞു.
അമ്മ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് പല തവണ അമ്മ ഫോണിൽ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും അതത്ര കാര്യമായി ഞാൻ എടുത്തിരുന്നില്ല. അപ്പൊ ഇതാണ് കാര്യം എന്ന് ഇപ്പോഴാണ് പിടി കിട്ടിയത്. ചേട്ടൻ ജോലിക്കു ദൂരെ പോകുമ്പോൾ ടീച്ചർ വന്നു അമ്മയുടെ കൂടെ നിൽക്കും. ലിസിമ്മക്കും ഒരു കൂട്ട്.
“എന്നാൽ ഞാൻ ഇറങ്ങട്ടെ. കല്യാണ വീട്ടിൽ വച്ച് കാണാം. രാത്രി ഒന്ന് കൂടി അവിടെ പോകണം.”
“തീർച്ചയായും.”
“പിന്നെ, ഓണത്തിനുണ്ടാവില്ലേ? ഇത്തവണ ഞങ്ങൾ ഇവിടെയുണ്ടാകും. ഒരു പ്രോജക്ടിന്റെ കുടുക്കിൽ പെട്ടിരിക്കുകയാ.”
“പരീക്ഷയാണ് ഓണസമയത്തു. നോക്കാം.”
“പരീക്ഷയാണ് പ്രധാനം. ഓണം അടുത്തവർഷവുമുണ്ടാവുമല്ലോ. എന്നാലും പറ്റുമെങ്കിൽ വാ. ”
ഞാൻ മുറ്റത്തേക്കിറങ്ങി.
“ടീച്ചർ എവിടെ പോയി?” ഞാൻ ചോദിചു.