ചിത്ര മറ്റുള്ളവരെ അനുഗമിച്ചു തീൻമേശ ലക്ഷ്യമാക്കി നടക്കാൻ ആരംഭിച്ചു, അപ്പോഴാണ് അവൾ നേരത്തെ കണ്ട ആ കറുത്ത് മെലിഞ്ഞ ചെറുക്കൻ മുകളിലേക്കുള്ള പടികൾ കയറിപ്പോകുന്നത് ശ്രദ്ധിച്ചത്, എന്തോ അവൻ്റെ ആ ചുറ്റുപാടും വീക്ഷിച്ചുള്ള ആ കയറിപ്പോകിൽ എന്തോ ഒരു പന്തികേടുള്ളത്പോലെ ചിത്രയ്ക്ക് തോന്നി.
ആദ്യം അത് വിട്ടുകളഞ്ഞെങ്കിലും വീണ്ടും സ്ത്രീ സഹജമായ ജിറ്റ്നാസ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു (എന്നാലും എന്തിനായിരിക്കും അവൻ പാത്തും പതുങ്ങിയും മുകളിലേക്കു പോയിട്ടുണ്ടാകുക, ഇനി ചിലപ്പോൾ മാളുവും ഒത്തു എന്തെങ്കിലും??,,)
അതെ! അത് തന്നെ, ചിത്രയുടെ മനസ്സിൽ നിന്നും അവൻ മാളുവിനെ കാണാൻ പോകുകയാണെന്ന് ആരോ ശക്തമായി വിളിച്ചു പറയുന്നുണ്ടായിരുന്നു, എന്നാൽ അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് ചിത്രയും ഉറപ്പിച്ചു!!
മറ്റുള്ളവരുടെ കണ്ണിൽ പെടാതെ, ചിത്രയും മെല്ലെ പടവുകൾ കയറിത്തുടങ്ങി, ഒന്നാം നിലയിൽ എത്തിയിട്ടും അവൾക്കു ആരെയും അവിടെ കാണാൻ സാധിച്ചില്ല, ബാൽക്കണിയുടെ വാതിൽ ചെറുതായി തുറന്നു കിടക്കുന്നതു കണ്ടതിനാൽ അവൾ മന്ദം മന്ദം ചുവടുകൾ വെച്ച് ബാൽക്കണി ലക്ഷ്യമാക്കി നടന്നു.
നട്ടുച്ച നേരമാണ്, കല്യാണ വീടാണ് അതിനാൽ തന്നെ അവൻ്റെ മുമ്പിൽ പെട്ടുപോയാലും തനിക്ക് അപകടമൊന്നും സംഭവിക്കില്ല എന്ന ധൈര്യം ചിത്രയ്ക്കുണ്ടായിരുന്നു, അതേ സമയം,താൻ അവരെ പിന്തുടരുന്നത് അവർ അറിയാനും പാടില്ല, എന്നാലേ അവരുടെ കള്ളക്കളി കയ്യോടെ പിടിക്കാൻ പറ്റൂ!!
ബാല്കണിയിലേക്കു പ്രവേശിച്ച ചിത്ര കണ്ടത് മറ്റൊരു കോണിപ്പടികളാണ്, അതും പഴയ രീതിയിലുള്ള മരത്തടി കൊണ്ടുള്ള കോണിപ്പടികൾ, ഇത്രയും ആധുനികമായ വീട്ടിൽ ഇങ്ങനെ ഒരു കോണിപ്പടികൾ കണ്ടപ്പോൾ ചിത്രയ്ക്ക് ആദ്യം അസ്വാഭാവികത തോന്നി,പക്ഷെ പെട്ടെന്ന് ബൾബ് കത്തി,, ഓഹ്,, അപ്പൊ ഇത് പഴയ തറവാട് വീട് പുതുക്കിപ്പണിഞ്ഞതാണ്, എന്തായാലും നല്ല വർക്ക്, വീടിൻ്റെ ഇപ്പോഴത്തെ ഭംഗി കണ്ടാൽ അത് പുതുക്കിപ്പണിഞ്ഞതാണെന്നു ആർക്കും പറയാൻ സാധിക്കില്ല.
മരത്തിൻറ്റെ കോണിപ്പടികൾ ആയതിനാൽ ഓരോ കാൽവെപ്പിനും വല്ലാതെ ശബ്ദം വരുന്നുണ്ടായിരുന്നു, ചിത്ര ശ്വാസം അടക്കിപ്പിടിച്ചു ഒരു പൂച്ചയുടെ മെയ്‌വഴക്കത്തോടെ പതിയെ,, വളരെ പതിയെ ഓരോ പടവുകൾ കയറിത്തുടങ്ങി,,
മുകളിൽ എത്തിയ ചിത്ര,മെല്ലെ തല മാത്രം അകത്തേക്കു നീട്ടി ആ മച്ചിൻപുറം വീക്ഷിച്ചു,, അവിടെ മൊത്തം പഴയ ഫർണിറ്ററുകളും, പാത്രങ്ങളും, വിളക്കുകളുമെല്ലാം നല്ല ചിട്ടയോടെ അടക്കി വെച്ചിരിക്കുകയാണ്, അധികമാരും ഇങ്ങോട്ടു വരാത്തത് കൊണ്ടാവാം എല്ലാം പൊടി പിടിച്ചു കിടക്കുന്നു,,