ഇല്ലെന്നു പറയാൻ പറ്റില്ല മോളെ…
കാരണം ഞാൻ അത്രക്കും ആഗ്രഹിച്ചതല്ലേ ആ ജീവിതം. പക്ഷേ എനിക്കതിനു കഴിയില്ലെന്ന് മനസ്സിലായല്ലോ… ഇനി അതിന് വാശി പിടിക്കരുത്…. അത് കൊണ്ട് തന്നെ അന്നേ ഞാനീ മോഹം ഉപേക്ഷിച്ചതാ…. ഒരു പേടി മാത്രേ എനിക്കന്നുണ്ടായിരുന്നുള്ളൂ… എന്നെ പോലെ തന്നെ ഇച്ചായനെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടുമോന്നു….. എന്തായാലും നീ വന്നതോടെ ആ പേടി മാറി…. നിങ്ങൾ നല്ല ചേർച്ചയാ…. മനസ്സ് നിറഞ്ഞാ ഞാൻ പറയുന്നേ….
എന്റെ കണ്ണ് നിറഞ്ഞു… ഞാൻ നേരെ മുറിയിലെത്തി അച്ചായനോടും കാര്യം പറഞ്ഞു…. ഒന്നും പറയാൻ കഴിയാതെ അയാളും അങ്ങനെ കിടന്നു…..
എനിക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷമായിരുന്നു… സ്വപ്നം കണ്ടൊരു ജീവിതമാണ് വാതിൽക്കൽ നിൽക്കുന്നത്.
എന്തായാലും രണ്ട് കയ്യും നീട്ടി അതിനെ സ്വീകരിക്കാൻ തീരുമാനിച്ചു
*********
പിറ്റേന്ന് രാവിലെയാണ് അവരെല്ലാവരും തിരിച്ചു വന്നത്… വരാൻ വൈകും എന്ന് ചേട്ടായി വിളിച്ചു പറഞ്ഞതുകൊണ്ട് തന്നെ വല്ല്യ ടെൻഷനൊന്നും ഇല്ലാതെ കാത്തിരുന്നു.കാലങ്ങൾ കൂടി ചാച്ചനെയും അമ്മയെയും കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി…
സ്വന്തം മോളുടെ ജീവിതത്തേക്കാൾ വലുതായി അവരുടെ മുന്നിൽ മറ്റൊന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ട ആവശ്യം വന്നില്ല…. അല്ലെങ്കിലും ചാർളിയെ പോലൊരു മരുമകൻ അവർക്ക് പറ്റിയ അബദ്ധമാണെന്ന് പലപ്പോഴും പറയുന്നത് ഞാൻ തന്നെ കേട്ടിട്ടുണ്ട്….പിന്നെ അവരുടെ ഈ വരവിൽ ആകെ മിസ്സ് ചെയ്തത് റാണിമോളെ ആയിരുന്നു… ജോലിയിൽ നിന്നും പെട്ടെന്ന് ലീവ് കിട്ടാത്തത് കൊണ്ട് പിന്നെ ഒരിക്കൽ എല്ലാരേയും കാണാൻ വരാം എന്നവൾ മെസേജ് അയച്ചിരുന്നു…
എല്ലാവർക്കും താമസിക്കാൻ വേണ്ട മുറികൾ അവിടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞങ്ങൾക്കെല്ലാം ആ വീട് സ്വർഗമായിരുന്നു…. എല്ലാവരും കേറി നിമ്മി ചേച്ചിയെ കണ്ടു… അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതു കേട്ടാൽ ഇവരൊക്കെ നേരത്തെ പരിചയമുള്ളത് പോലെ തോന്നും…. സത്യത്തിൽ ആരെയും ആദ്യ കാഴ്ചയിൽ തന്നെ അടുപ്പിക്കാനുള്ള എന്തോ ഒരു മാജിക് നിമ്മിച്ചേച്ചിയുടെ അടുത്തുണ്ടായിരുന്നു……
അമ്മയും ഞാനും കൂടി പാചകം ഏറ്റെടുത്തു….അമ്മയുണ്ടായത് കൊണ്ട് തന്നെ എല്ലാ ജോലിയും പെട്ടെന്ന് തീർന്നു…