“അവനവർക്ക് ..അവധി കൊടുക്കാൻ പോയിരിക്കുന്നു…നീയാരാടാ അവരുടെ ? ഏഹ് ?? അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ നടക്കുന്നു.” അമ്മയുടെ ചോദ്യത്തില്‍ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഞാനിരുന്നു.
”നിന്റേട്ടനെ പോലെ അവമെന്ന നിന്റെ വിചാരമെങ്കിലേ…ഇപ്പൊ ഇറങ്ങിക്കോണം ഇവിടന്ന്….മനസ്സിലായോ? …” കൈ ചൂണ്ടി വിറച്ചുകൊണ്ട് അമ്മ ഒച്ചയിട്ടപ്പോ ഞാൻ കരഞ്ഞു പോയി. അമ്മ അരിശം തീരാതെ അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി പോയി.
“എന്റെ പൈസയും വാങ്ങി ഗൾഫിൽ പോയി,അവിടെയിരുന്നിട്ട് ഒരഞ്ചു പൈസ തരാതെ ഇങ്ങട്ട് വിളിച്ചു പറയാ മോനോട് കര്യം പറഞ്ഞിരുന്നല്ലോ ന്ന്….” അമ്മ അടുക്കളയിൽ നിന്നും പിറുപിറുക്കുന്നത് ഞാൻ കേട്ടു. ഉപ്പൂപ്പ എന്റെ കാര്യം മോനോട് വിളിച്ചു പറഞ്ഞു കാണും. ആ അവസരം നോക്കി ആ നാറി അമ്മയോട് ഇല്ലാത്തത് പറഞ്ഞു. അതുതന്നെയായിരിക്കും സംഭവം. അമ്മയോട് ഇപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.അതിന്റെ ചൂട് അടങ്ങില്ല. അല്ലേലും എപ്പോഴേലും അമ്മയോട് ഞാന്‍ എതിര്‍ത്തു പറഞ്ഞിട്ടില്ല.പേടി അത് തന്നെയാണ്.അടുക്കളയിൽ നിന്ന് വെള്ളവും കൊണ്ട്,അമ്മ അതേ ദേഷ്യത്തിൽ വന്നു. ഞാൻ മെല്ലെ കണ്ണുതുടച്ചു.
“നിന്റെ കരച്ചിലൊന്നും ഇവിടെടുക്കണ്ട!! മനസ്സിലായോ??. കഴിച്ച് പോവാൻ നോക്ക് വേഗം. …”അമ്മ വീണ്ടും എന്റെ വാടിയ കളി കണ്ട് ഒച്ചയിട്ടു. അമ്മയുടെ മുന്നിൽ നിന്ന് ഒരിറക്ക് വായിൽ നിന്ന് ഇറങ്ങുന്നില്ലെങ്കിലും,കഴിക്കാതെ പോയാല്‍ വീണ്ടും ഒച്ചയിടും എന്ന് അറിയാവുന്നത് കൊണ്ട്,എങ്ങനെയൊക്കെയോ സങ്കടം കടിച്ചു പിടിച്ചു,ഉള്ളതും കഴിച്ചു റൂമിലേക്കോടി.
ഇന്ന് വന്നത് മുതലുണ്ടായിരുന്ന അമ്മയോടുള്ള സ്നേഹമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. ദേഷ്യവും,സങ്കടവും കുമിഞ്ഞു കൂടിയിട്ട് ഉറക്കവും വരുന്നില്ല. കുറേ കൂടി ഉരുണ്ടു കളിച്ചു,ഫോണിൽ നോക്കുമ്പോ. അബിന്റെ മെസ്സേജുണ്ട്. പ്രോജെക്ടിന്റെ റിപ്പോർട്ടിൽ എന്തൊക്കെയോ എറർ. നാളെ തന്നെ ചെന്നാൽ വലിയ തലവേദന ഇല്ലാതെ തീർക്കാമെന്ന് ഉപദേശം. എന്തായാലും അമ്മയോടുള്ള ദേഷ്യത്തിൽ വരാമെന്നു പറഞ്ഞ് ഞാൻ ഉറപ്പ് കൊടുത്തു.
രാവിലെ കുളിച്ചൊരുങ്ങി ബാഗും എടുത്ത് അമ്മയെ കാണാതെ പോവണം എന്നായിരുന്നു മനസ്സിൽ. പക്ഷെ എത്രയായിട്ടും,എന്‍റെ ശ്രീദേവിയെ കാണാതെ പോകാൻ മനസ്സ് വന്നില്ല. അടുക്കളയിൽ ചെന്ന് ആ മുന്നിൽ നിന്നപ്പോ,എന്റെ കയ്യിലെ ബാഗും,ഞാൻ ഒരുങ്ങി നിൽക്കുന്നതും കണ്ട് അമ്മ ഞെട്ടി.ആ മുഖം വാടിയ പോലെ തോന്നി.