ആരുമില്ല… അവരൊക്കെ മരിച്ചു പോയതാ… ആൻസി ചേച്ചി മാത്രേ ഉള്ളൂ… ചേച്ചിയാ നിമ്മിയെ പഠിപ്പിച്ചതൊക്കെ…
ഓരോ കാര്യങ്ങൾ പറയുന്നത് കേട്ട് ഞാൻ തരിച്ചിരുന്നു…. ചുറ്റും കണ്ണിന്റെ മുന്നിൽ കാണുന്ന ആരും നമ്മൾ വിചാരിക്കുന്ന പോലെ അല്ലെന്ന സത്യം മനസിലാക്കി… ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടാകും…
റീനാ… ഉറങ്ങിയോ നീ…
ഇല്ല… ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നതാ…
അപ്പോ എങ്ങനാ… ബാക്കി കാര്യങ്ങൾ മുന്നോട്ട് നീക്കട്ടെ…
ചേട്ടായി എന്താണെന്ന് വെച്ചാൽ നോക്കി ചെയ്യൂ…. ഞാൻ ഉറങ്ങിയേക്കുവാ… ഗുഡ് നൈറ്റ്…
ചാറ്റ് അവസാനിപ്പിച് ഫോൺ തിരികെ വെച്ച് റീന ഉറങ്ങാനായി കണ്ണുകൾ മൂടി കിടന്നു…..
**********
രാവിലെ ആറു മണിക്കുള്ള അലാറവും കേട്ട് എഴുന്നേറ്റു പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും ചാർളിയും ഉണർന്നിരുന്നു…. അവനെയും കുഞ്ഞിനേയും വൃത്തിയാക്കി കുഞ്ഞിന് പാലും കൊടുത്തിട്ട് പുറത്തിറങ്ങിയപ്പോഴേക്കും നേരം ഏഴു മണിയാവാറായിരുന്നു…..
അടുക്കളയിൽ നിന്നുള്ള നല്ല ചൂട് ഇഡ്ഡലിയുടേം സാമ്പാറിന്റേം മണം ആ ഊണ് മുറിയിലാകെ പരന്നിരുന്നു….
നേരെ അടുക്കളയിലേക്ക് ചെന്നു… ആൻസി ചേച്ചി നല്ല തിരക്കിലായിരുന്നു….
ആഹാ റീന എഴുന്നേറ്റോ… ഞാൻ വിളിക്കാത്തിരുന്നതാ… യാത്ര ക്ഷീണം ഉണ്ടാകുമെന്ന് കരുതി….
അയ്യോ ചേച്ചി… ഞാൻ ആറു മണിക്ക് തന്നെ ഉണർന്നു… പിന്നെ കുഞ്ഞിനേം അച്ചായനേം വൃത്തിയാക്കി ഇറങ്ങിയത് കൊണ്ടാ താമസിച്ചേ…. ഞാൻ സഹായിക്കണോ..
വേണ്ട മോളെ… രാവിലത്തേക്കുള്ള എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്…. ഉച്ചക്ക് കഴിക്കാനുള്ള ചോറിനു അരിയും ഇട്ടു…. എന്തേലും കറി ഉണ്ടാക്കിയാൽ മതി…. കുറെ ഒന്നും വേണ്ട… ഒരു ഒഴിച്ചു കറിയും ഒരു തോരനും പിന്നെ എന്തേലും ഒരു തൊടു കറിയും…. ഇവിടത്തെ അപ്പൻ ഉച്ചക്ക് മുന്നേ ഇങ്ങെത്തും…
അപ്പോ ചേച്ചി ഉണ്ടാവില്ലേ ഇവിടെ…
അയ്യോ അപ്പോ ആൽബി മോളോട് ഒന്നും പറഞ്ഞില്ലേ… പറഞ്ഞു എന്നാണല്ലോ എന്നോട് പറഞ്ഞെ…
ഞാനൊന്ന് ഞെട്ടി….എന്താ ചേച്ചി…
ഇന്നലെ പാതിരാത്രി ഉറക്കത്തിൽ അവൻ വിളിച്ചു പറഞ്ഞു ഇന്ന് ഉച്ചക്കുള്ള ഡൽഹി ഫ്ലൈറ്റിനു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന്…. റീനയാ ഇനി നിമ്മി മോളെ നോക്കുന്നതെന്ന്….