റീനേ ഞാൻ പറഞ്ഞില്ലേ നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന്…ഞെട്ടിയില്ലേ ഇപ്പോ…
ചേച്ചീ… സത്യായിട്ടും വണ്ടർ അടിച്ചു നിൽക്കുവാ ഞാൻ… ഇതെങ്ങനെ ചെയ്തു…
അതൊക്കെ പറയാം…. നിങ്ങൾ വണ്ടിയിൽ കേറിക്കെ… പോകാം…
ഞാനും ആൻസി ചേച്ചിയും വണ്ടിയുടെ പിന്നിൽ കയറി…. ചേട്ടായി വണ്ടിയിൽ കേറി വണ്ടി ഗേറ്റ് കടന്ന് പോയി…. ഞാൻ അപ്പോഴും നോക്കിയത് ഒരിത്തിരി പോലും അനങ്ങാതെ വണ്ടിയിൽ ഇരിക്കുന്ന നിമ്മിയെ ആയിരുന്നു…..
അവൾ പതുക്കെ തല ചരിച്ചു എന്നെ നോക്കി….
എന്തേ റീനേ… ഇത് വരെ അത്ഭുതം മാറിയില്ലേ… എന്നെ ഇങ്ങനെ കണ്ടിട്ടില്ല അല്ലേ…
അതെ ചേച്ചീ…
നിന്റെ ചേട്ടായിയോട് ചോദിച്ച് നോക്കിക്കേ… ഞങ്ങൾ എവിടെയൊക്കെ പോയിട്ടുണ്ടെന്ന്… എവിടെ പോയാലും ദേ ഈ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു…. ഇന്ത്യയിൽ ഏകദേശം എല്ലാ സ്ഥലത്തും ഞങ്ങൾ പോയിട്ടുണ്ട്….
എനിക്ക് കഴിഞ്ഞ വർഷം മുതൽ ഒട്ടും വയ്യാതായി… അതുകൊണ്ടാ ഞാൻ പിന്നെ യാത്ര ഒഴിവാക്കിയേ…. അതിന് ശേഷം ഇപ്പോഴാ ഈ വണ്ടി എടുത്തതും ഈ യാത്ര പോകുന്നതും…
ചേച്ചീ… ഞാൻ കരുതി കഴിഞ്ഞ വർഷങ്ങളിലെല്ലാം ചേച്ചീ ഒരേ കിടപ്പ് ആയായിരുന്നെന്ന്…
അങ്ങനെ ആയിപോയേനെ… എന്റെ ഇച്ചായൻ ഇല്ലാരുന്നേൽ…. കല്യാണം കഴിഞ്ഞിട്ട് എവിടെയൊക്കെ പോകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചോ അവിടെയെല്ലാം കല്യാണം കഴിയാതെ തന്നെ ഈ മനുഷ്യൻ ഈ കോലത്തിൽ കൊണ്ട് പോയി…. ആഗ്രഹം മുഴുവൻ തീർത്തു….
ഇതൊക്കെ കേട്ട് ചേട്ടായി ചിരിക്കുന്നത് എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു….
പിന്നെ ഈ സീറ്റിങ് അറേഞ്ച്മെന്റസ് ഒക്കെ അതും ചേട്ടായിയുടെ ബുദ്ധിയാ… കോളേജിൽ പഠിച്ചതൊന്നും മറന്നു പോയിട്ടില്ല… എനിക്കായി ഒരു വണ്ടി വാങ്ങി അതിന്റെ മുൻസീറ്റ് ദേ ഇത് പോലെ ആക്കി തന്നു…..
പോരെ… എല്ലാ സംശയവും തീർന്നില്ലേ….
ഞാൻ ചിരിച്ചു കൊണ്ട് പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.
കോട്ടയം കഴിഞ്ഞു വണ്ടി എറണാകുളത്തെ തിരക്ക് കൂടിയ നഗരറോഡുകളിലേക്ക് കയറി…. അത്രയും നേരം കാഴ്ചകൾ കണ്ടിരുന്നതല്ലാതെ ആരും ഒന്നും മിണ്ടിയില്ല. കൂട്ടത്തിൽ നിമ്മി ചേച്ചിയാണ് ഈ യാത്ര കൂടുതൽ ആസ്വദിക്കുന്നതെന്നു തോന്നി….