പേടിക്കണ്ട, എന്റെ വീടാണ്… അകത്തേക്ക് വരൂ….
ആംബുലൻസിൽ നിന്നും ചാർളിയെ സ്‌ട്രെച്ചെറിൽ ഇറക്കി , ആംബുലൻസ്കാരന് പൈസയും കൊടുത്തിട്ട് അവരെയും കൊണ്ട് ആൽബി അകത്തേക്ക് നടന്നു…. കുഞ്ഞിനെ ഞാൻ എടുത്തോളാം എന്ന് പറയണം എന്നുണ്ടായിരുന്നു…. ഇനിയവൾ തന്നില്ലെങ്കിലോ എന്ന് കരുതി ആ മോഹം മനസ്സിൽ അടക്കി വെച്ചു…
ഞങ്ങളെയും കാത്ത് sitout ൽ ആൻസി ചേച്ചി നിൽപ്പുണ്ടായിരുന്നു…
ചേച്ചി….. കുറെ നാളായല്ലോ നമ്മൾ കണ്ടിട്ട്…
അതെങ്ങനാ… നീ പോയാൽ ഒരു പോക്കല്ലേ
അയ്യോ…. ഇപ്പ്രാവശ്യം അങ്ങനെ പെട്ടെന്ന് പോവില്ല… പോരെ…
ആൻസി ചേച്ചി ചിരിച്ചു കൊണ്ട് റീനയുടെ കയ്യിലിരുന്ന ബാഗ് വാങ്ങി….
ചേച്ചി… ഇത് റീന ഇത് ഇവളുടെ ഭർത്താവ് ചാർളി… എന്റെ ഒരു പഴയ ഫ്രണ്ടാണ്….രണ്ട് ദിവസം ഇവർ ഇവിടെയുണ്ടാകും.. അപ്പോ വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യണം കേട്ടോ…
ഓഹ് ശെരി തമ്പുരാനെ…. മോളെ എനിക്ക് അറിയില്ല… പക്ഷേ ചാർളിയുടെ ഫോട്ടോ ഇവിടെ ഉണ്ടായത് കൊണ്ട് ഇവനെ അറിയാം….
വിശ്വാസം വരാത്ത രീതിയിൽ റീന എന്നെയൊന്നു നോക്കി…
റീനാ, ഇത് ആൻസി ചേച്ചി…. നമ്മുടെ പോളേട്ടനെ പോലെ ഈ വീട്ടിലെ ഒരു ഓൾ ഇൻ ഓൾ ആണ്…..
അവൾ ചിരിച്ചു കൊണ്ട് ചേച്ചിയെ നോക്കി….
ചാർളി അപ്പോഴും ആകാശത്തേക്ക് നോക്കി തന്നെ കിടക്കുവായിരുന്നു…
അവരെയും കൊണ്ട് ഞാൻ അകത്തേക്ക് കേറി…
ആൻസി ചേച്ചി…. എല്ലാരും എവിടെ….
അപ്പൻ എറണാകുളം മാർക്കറ്റ് വരെ പോയേക്കുവാ… നാളത്തെ കുരുമുളക് ലേലം കഴിഞ്ഞു ഉച്ച ആവുമ്പോഴേക്കും ഇങ്ങേത്തും… മാത്തുക്കുട്ടി ഏതോ ഒരു എസ്റ്റേറ്റിലേക്ക് എന്നും പറഞ്ഞു പോയിട്ട് ദിവസം രണ്ടായി…. ജിമ്മിച്ചനും പെമ്പ്രന്നോരും മെഡിക്കൽ കോൺഫറൻസ് എന്ന് പറഞ്ഞു സിങ്കപ്പൂരു പോയി ഇന്നലെ രാത്രി ……
ചേച്ചി പറഞ്ഞു നിർത്തി…..
കർത്താവേ ആരും ഇല്ലാത്ത നേരത്താണോ ഞാൻ അപ്പോ കേറി വന്നേ… സാരമില്ല… പോളേട്ടനെ വിളിക്കാം അല്ലേ ചേച്ചി….