കുഞ്ഞി ഉറക്കത്തിലെന്തോ പറയുന്നുണ്ട് അതിൽ കണ്ണേട്ടാ എന്ന് മാത്രം വ്യക്തമായി കേൾക്കാം, കണ്ണൻ അതിന് ഉത്തരമെന്നവണ്ണം ഉറക്കത്തിൽ മൂളുന്നുണ്ട്,
‘രണ്ടും പറ്റിയ കൂട്ടാണ്…’
വൃന്ദ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
“പിള്ളേര് എണീറ്റില്ലേ മോളെ…?”
സീതലക്ഷ്മി മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്നെഴുന്നേറ്റ് ഇല്ല എന്ന് തലയാട്ടി
“ഇന്ന് പൂജ തുടങ്ങുവല്ലേ… വിളിച്ച് എഴുന്നേൽപ്പിക്ക്…”
സീതലക്ഷ്മി അവരുടെ കിടത്തം കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു,
സീതലക്ഷ്മി അവരെ പതിയെ തട്ടി വിളിച്ചു, കുഞ്ഞി ഒന്നുകൂടി കുറുകിക്കൊണ്ട് കണ്ണന്റെ ദേഹത്തേക്കൊട്ടി, കണ്ണൻ അവളെ ചേർത്ത് പിടിച്ച് കിടന്നു,
അത് കണ്ട് വൃന്ദയ്ക്കും സീതലക്ഷ്മിക്കും ചിരി പൊട്ടി
“എന്റെ ചൂടില്ലെങ്കിൽ ഉറങ്ങാത്ത പെണ്ണാ… ഇപ്പൊ കണ്ണേട്ടനെ കിട്ടീപ്പോ ആരേം വേണ്ട അവൾക്ക്… കള്ളി…”
സീതലക്ഷ്മി ചിരിച്ചുകൊണ്ട് കുഞ്ഞിയുടെ തുടയിൽ പതിയെ തല്ലി, വൃന്ദയും പതിയെ പുഞ്ചിരിച്ചു
“സീതാമ്മ പൊയ്ക്കോ, കുഞ്ഞീയെ ഞാൻ റെഡി ആക്കിക്കോളാം…”
വൃന്ദ പറഞ്ഞു,
സീതലക്ഷ്മി പുഞ്ചിരിയോടെ ഒന്ന് മൂളിയിട്ട് പുറത്തേക്ക് പോയി,
വൃന്ദ രണ്ടുപേരെയും പതിയെ തട്ടി എഴുന്നേൽപ്പിച്ചു, കുഞ്ഞി എഴുന്നേറ്റങ്കിലും കണ്ണൻ വീണ്ടും ചുരുണ്ടുകൂടി,
വൃന്ദ കുഞ്ഞിയെ പല്ലുതേപ്പിച്ചു കുളിപ്പിച്ച് വരുമ്പോഴും കണ്ണൻ മൂടിപ്പുതച്ചു ഉറക്കമായിരുന്നു, കുഞ്ഞി കണ്ണന്റെ അടുത്തെത്തി കണ്ണന്റെ പുതപ്പ് മാറ്റി
“എണീക്ക് കണ്ണേട്ടാ…”
കുഞ്ഞി അവനെ കുലുക്കി വിളിച്ചു, എന്നിട്ടും അനക്കമില്ലാത്തതിനാൽ കുഞ്ഞി അവളുടെ നനഞ്ഞ മുടിയിൽ നിന്നും വെള്ളമെടുത്ത് കണ്ണന്റെ കവിളിൽ തേച്ചു കൊടുത്തു, കണ്ണനൊന്ന് മുഖം ചുളിച്ചു,
“പ്ലീസ് കുഞ്ഞി… ഇത്തിരി നേരംകൂടെ ഒറങ്ങട്ടെ…”
കണ്ണൻ ദയനീയമായി പറഞ്ഞ് തിരിഞ്ഞു കിടന്നു
“മടിയൻ കണ്ണേട്ടൻ…”
കുഞ്ഞി ചിരിച്ചുകൊണ്ട് പറഞ്ഞു
“കുഞ്ഞി… മോള് പോയി ഡ്രസ്സ് ചെയ്തിട്ട് വാ… നമുക്ക് തൊഴാൻ പോണം…”
അവിടേക്ക് വന്ന വൃന്ദ പറഞ്ഞു
“കണ്ണേട്ടൻ ഏത് കളർ ഡ്രസ്സാ ഇടുന്നെ ഉണ്ണിയേച്ചി…?”
കുഞ്ഞി ചോദിച്ചു
“അറിയില്ലല്ലോ കുഞ്ഞി…”
വൃന്ദ പറഞ്ഞു
അത് കേട്ട് കുഞ്ഞി കബോർഡിൽ നിന്നും ചുവന്ന നിറത്തിലുള്ള കണ്ണന്റെ ഡ്രസ്സ് എടുത്ത് കട്ടിലിൽ വച്ചു
“കണ്ണേട്ടനോട് ഇതിട്ടാ മതീന്ന് പറേണെ ഉണ്ണിയേച്ചി…”
കുഞ്ഞി പറഞ്ഞിട്ട് പുറത്തേക്ക് പോയി,