വിവേക് നന്ദനോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു
നന്ദൻ അത് നോക്കി പുഞ്ചിരിച്ചു, ചതിക്കപ്പെട്ടവന്റെ പുഞ്ചിരി…
••❀••
നന്ദൻ വല്ലാതെ തകർന്നടിഞ്ഞാണ് നന്ദനത്തിലേക്ക് കയറിചെന്നത്,
ചെല്ലുമ്പോൾ ശോഭയും സാബുവും ലിവിങ് റൂമിൽ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്, നന്ദന്റെ മുഖഭാവം ശ്രദ്ധിച്ച അവർ അവനരികിലേക്ക് ചെന്നു
“എന്താ നന്ദൂട്ടാ…? മുഖമെന്താ വല്ലാതിരിക്കുന്നത്…?”
ശോഭ ആവലാതിയോടെ ചോദിച്ചു,
നന്ദൻ ഒരു നിമിഷം ശോഭയുടെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,
ശോഭയുടെയും സാബുവിന്റെയും മുഖങ്ങളിൽ വെപ്രാളം നിറഞ്ഞു
“എന്താ നന്ദൂട്ടാ… എന്തിനാ അമ്മേടെ കുട്ടി കരയണേ… പറ നന്ദൂട്ടാ…”
ശോഭ വെപ്രാളത്തോടെ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു, സാബുവും അവന്റെ മുഖത്ത് നോക്കി നിന്നു
നന്ദൻ ശോഭയെ കെട്ടിപ്പിടിച്ച് തേങ്ങി
“ചതിക്കയായിരുന്നു എല്ലാരും എന്നെ…”
അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു
“എന്തുപറ്റി നന്ദൂട്ടാ…?”
സാബു അവനോട് ചോദിച്ചു
നന്ദൻ വിവേക് പറഞ്ഞതും അവൻ കേട്ടതുമായുള്ള എല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു, എല്ലാപേർക്കും അതൊരു ഷോക്ക് ആയിരുന്നു
കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല… നന്ദൻ പതിയെ മുറിയിലേക്ക് നടന്നു, ശോഭയുടെ കണ്ണുകൾ നിറഞ്ഞിരുന്നു,
“സാബുവേട്ടാ… ഇന്നേവരെ ഞാൻ ഒന്നും സാബുവേട്ടനോട് ആവശ്യപ്പെട്ടിട്ടില്ല… പക്ഷേ… ഇപ്പൊ ഞാൻ ഒരാഗ്രഹം പറയുന്നു… ഉണ്ണിമോളേ എനിക്ക് വേണം… എന്റെ നന്ദന്റെ പെണ്ണായി… എന്റെ മരുമോളായി… ഈ നന്ദനത്തിന്റെ പടികയറി അവൾ വരണം…. എനിക്ക് എന്റെ നന്ദൂട്ടന്റെ വിഷമം കാണാൻ വയ്യ…”
ശോഭ കിതച്ചുകൊണ്ട് പറഞ്ഞു
സാബുവിന്റെ മുഖത്ത് എന്തോ നിശ്ചയിച്ചുറപ്പിച്ച ഭാവം നിറഞ്ഞു
••❀••
തറവാട്ടിലെ പൂജാമുറിയിൽ നിന്നും ക്ഷേത്രം തന്ത്രി പകർത്തിയ നിലവിളക്ക് ആചാരനുഷ്ടാനങ്ങളോടെ വൃന്ദയുടെ കൈകളിൽ ഏൽപ്പിച്ചു… ഒരുനിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് വിളക്ക് തൊട്ട് തൊഴുത് അവൾ കയ്യിൽ വാങ്ങി
ചുവന്ന ബ്ലൗസും സെറ്റ് സാരിയിലും അവൾ അതിസുന്ദരി ആയിരുന്നു, വിളക്കിന്റെ പ്രകാശം അവളുടെ മുഖത്തെ കൂടുതൽ സുന്ദരിയാക്കി, നെറ്റിയിൽ തൊട്ട കുങ്കുമം വല്ലാത്ത ഭംഗി തോന്നിച്ചു,
കത്തിച്ച തൂക്കുവിളക്കുമായി തറവാട് കാരണവർ വിശ്വനാഥൻ വഴികാട്ടിയായി മുന്നേ നടന്നു… ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ അവർ കാവിലേക്ക് തിരിച്ചു,