“ഇതാണ് ഞാൻ പറഞ്ഞ കാളിയൻ…”
മഹേന്ദ്രൻ അയാളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തു
“ഇനി കാര്യത്തിലേക്ക് കടക്കാം…”
മഹേന്ദ്രൻ രാജേന്ദ്രനെ നോക്കികൊണ്ട് പറഞ്ഞു
“ഇന്നലെ ദേവടത്തെ പൂജ കഴിഞ്ഞ് വിഗ്രഹോം കിരീടോം കാവിൽ പ്രതിഷ്ടിച്ചിട്ടുണ്ട്, ഇനി ഇന്നും നാളെയും വിളക്ക് വയ്ക്കുന്ന ആൾക്കല്ലാതെ കാവിലേക്കാർക്കും പ്രവേശനമുണ്ടാകില്ല, എണ്ണവിളക്കുകളല്ലെതെ ട്യൂബ് ലൈറ്റ്കളോ മറ്റ് അലങ്കാര ദീപങ്ങളൊന്നും കാവിനകത്തുണ്ടാവില്ല… അതുകൊണ്ട് കാര്യങ്ങൾ നിങ്ങൾക്ക് എളുപ്പമായിരിക്കും ഈ രണ്ട് ദിവസത്തിനുള്ളിൽ സംഭവം നടക്കണം….”
രാജേന്ദ്രൻ കാളിയനെ നോക്കി പറഞ്ഞു നിർത്തി
“മ്… പറഞ്ഞതെല്ലാം ഓക്കേ… എന്റെ പ്രതിഫലം… അത് എത്രയാണെന്ന് ഞാൻ മഹി സാറിനോട് പറഞ്ഞിട്ടുണ്ട്, ഞാൻ പറഞ്ഞ തുക, അതിൽ അൻപത് ശതമാനം ഇന്നും ബാക്കി സാധനം നിങ്ങളുടെ കയ്യിലേൽപ്പിക്കുന്നതിന് തൊട്ടു മുൻപും എനിക്ക് കിട്ടിയിരിക്കണം…”
അയാൾ ഗൗരവത്തോടെ പറഞ്ഞു
“മ്… പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്, അതുകൂടി ചെയ്യണം അതിന്റെ പേമെന്റും കൂടി ചേർത്ത് തരാം…”
മഹേന്ദ്രൻ മൊബൈലിൽ വൃന്ദയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു,
കാളിയൻ ഫോൺ വാങ്ങി അവളുടെ ഫോട്ടോയിലേക്ക് കണ്ണെടുക്കാതെ നോക്കി തന്റെ ചുണ്ട് നനച്ചു, പിന്നീട് അയാളുടെ ചുണ്ടിൽ ഒരു ഒരു വികട ചിരി വിരിഞ്ഞു,
“ഇത് വൃന്ദ, രാജേന്ദ്രന്റെ ബന്ധുവാ… ദേവടം കാവിൽ വിളക്ക് വയ്ക്കുന്നത് ഇവളാ… ഇവളെ പൊക്കി ഒരു പോറലുപോലുമില്ലാതെ ഞങ്ങളെയെല്പിക്കണം…”
സുരേഷ് പറഞ്ഞു
“രണ്ടു കാര്യങ്ങളും ഒരുമിച്ച് നടത്തിയാൽ കൂടുതൽ നന്നായിരിക്കും, കാരണം ഏതെങ്കിലും ഒന്ന് പൊളിഞ്ഞുപോയാൽ, രണ്ടും നടക്കില്ല…”
രാജേന്ദ്രൻ പറഞ്ഞു
“മ്…
കാളിയൻ വൃന്ദയുടെ ഫോട്ടോ ഉറ്റുനോക്കിക്കൊണ്ട് മൂളി
••❀••
നന്ദൻ പറഞ്ഞതനുസരിച്ച് വിവേക് ടൗണിലെ റെസ്റ്ററന്റിൽ ചെന്നു, അവനെ കാത്തിരിക്കുന്നപോലെ നന്ദൻ ഒരു ടേബിളിൽ ഉണ്ടായിരുന്നു, വിവേക് നന്ദനെ നോക്കി ചിരിച്ചുകൊണ്ട് അരികിലേക്ക് ചെന്നു,
“നന്ദൻ കുറച്ചായോ…?”
വിവേക് ചരിച്ചുകൊണ്ട് ചോദിച്ചു
“ഇല്ല എത്തിയതേയുള്ളു…”
വിവേക് മുന്നിലുള്ള കസേര വലിച്ചിട്ടിരുന്നു,
കുറച്ചുനേരം രണ്ടുപേർക്കുമിടയിൽ ഒരു നിശബ്ദത നിറഞ്ഞു
“വിവേക്… ഞാൻ തന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനും മറ്റുമാണ് കാണണം എന്ന് പറഞ്ഞത്…”
നന്ദൻ തന്നെ മൗനം വെടിഞ്ഞു