••❀••
നന്ദനും ഇതേ അവസ്ഥയിലായിരുന്നു, കക്കാട് തിരുമേനി ജാതകം പരിശോധിച്ചപ്പോൾ ശിൽപയുടെ അച്ഛന്റെ മുഖത്തുണ്ടായ ഞെട്ടൽ താൻ ശ്രദ്ധിച്ചിരുന്നു, ശിൽപയുടെ പെരുമാറ്റവും കൂടി ആലോചിക്കുമ്പോൾ എന്തോ ചതി നടന്നപോലെ, അവൻ ഫോൺ എടുത്ത് വിവേക് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു ചെവിയിൽ വച്ചു, മറുപുറത്ത് കാൾ അറ്റൻഡ് ചെയ്തു
“ഹലോ വിവേക്… ഇത് ഞാനാ നന്ദൻ… ഇന്ന് അമ്പലത്തിൽ വച്ച് കണ്ടില്ലേ… ശിൽപയുടെ…”
അവൻ പറഞ്ഞു
“ആഹ്.. മനസ്സിലായി… എന്താ നന്ദ…?”
“വിവേകിനെ നാളെയൊന്ന് കാണാൻ പറ്റോ…”
“എപ്പോൾ…?”
“വിവേകിന്റെ സൗകര്യത്തിന്…”
“ഓക്കേ… നാളെ പത്ത് മണിക്ക് ടൗണിലേക്ക് വന്നാ മതി… സ്ഥലം നന്ദൻ തീരുമാനിച്ചു വിളിച്ചു പറഞ്ഞാ മതി…”
“ഓക്കേ.. ശരി… ഞാൻ വിളിക്കാം…”
നന്ദൻ കാൾ കട്ട് ചെയ്ത് കട്ടിലിലേക്ക് കിടന്നു, അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു
••❀••
പിറ്റേന്ന് ടൗണിലെ ഹോട്ടൽ മുറിയിൽ മഹേന്ദ്രനെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു രാജേന്ദ്രനും സുരേഷും,
“അപ്പൊ ഇന്നോ നാളെയോ അതിനകത്തൂന്ന് വിഗ്രഹവും കിരീടവും പൊക്കണം…”
സുരേഷ് പറഞ്ഞുകൊണ്ട് രാജേന്ദ്രന്റെ മുഖത്തേക്ക് നോക്കി,
“മ്..”
അയാൾ ആലോചനയോടെ മൂളി
“സുരേശാ… ഈ ഡീലൊന്ന് കഴിഞ്ഞു കിട്ടിയാലേ ഞാനൊന്ന് നിവർന്നു നിക്കുള്ളു…”
അയാൾ പറഞ്ഞു
“തനിക്ക് നല്ലൊരു വക തന്റെ ഭാര്യ വീട്ടീന്ന് കിട്ടിയതല്ലേ…. അതെല്ലാം ഷെയർ മാർക്കറ്റിലും പല പല അറിയാത്ത ബിസിനെസ്സുകളിലും കൊണ്ടെറിഞ്ഞു കളഞ്ഞു കുളിച്ചില്ലേ…”
സുരേഷ് ചിരിയോടെ പറഞ്ഞതുകേട്ട് രാജേന്ദ്രന്റെ മുഖം മുറുകി
“മ്… കാളിയനും മഹിയും എത്തട്ടെ… കാളിയന് ഇതൊക്കെ പുല്ലാണ്… എന്തെല്ലാം വലിയ കളികൾ അവൻ കളിച്ചിരിക്കുന്നു, അവനെത്തിയാൽ കിരീടവും വിഗ്രഹവും കൂടെ തന്റെ വീട്ടിലെ ആ പെണ്ണും… എല്ലാം നമുക്ക് സ്വന്തം…
പറഞ്ഞുകൊണ്ട് സുരേഷ് ഒന്ന് ചിരിച്ചു
ആ ചിരി രാജേന്ദ്രനിലും പകർന്നു
അവർ സംസാരിച്ചിരിക്കുമ്പോൾ കാളിങ് ബെൽ ശബ്ദിച്ചു, വാതിൽ തുറക്കുമ്പോൾ മഹേന്ദ്രനും കാളിയനും അകത്തേക്ക് കയറി വന്നു
ആറടിയിലധികം ഉയരമുള്ള വെളുത്ത് ഒത്ത ശരീരമുള്ള മുപ്പത് വയസ്സിനുമേൽ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ, ബ്രൗൺ നിറത്തിലെ ഷർട്ടും നീല ജീൻസുമാണ് വേഷം, ദയയോ സഹതാപമോ സ്നേഹമോ ആ മുഖത്തില്ലെന്ന് ആ ചുവന്ന കണ്ണുകൾ കാണിച്ചു തരുന്നു, കട്ടി പുരികവും മീശയും, മുഖത്ത് അവിടിവിടെയായി മുറിവിന്റെ തുന്നിക്കെട്ടിയ പാടുകൾ, വലതുകയ്യിൽ വെട്ടുകൊണ്ട് മുറിഞ്ഞത് തുന്നിച്ചേർത്ത പാട്, അയാൾ ആരെയും ശ്രദ്ധിക്കാതെ അധികാരത്തോടെ കസേര വലിച്ചിട്ടിരുന്നു, പോക്കറ്റിൽ നിന്നും ചുരുട്ട് എടുത്ത് കത്തിച്ച് പുകവിട്ടു, അവിടെ ചുരുട്ടിനൊപ്പം കഞ്ചാവിന്റെ മണവും നിറഞ്ഞു…