അത് കേട്ട് എല്ലാവരും വൃന്ദയെ നോക്കി
“കുട്ടി പേടിക്കണ്ട, കാവിലമ്മയെ നന്നായി പ്രാർത്ഥിച്ചോളു… അമ്മ കാക്കും… നോം ഇന്ന് പുലർച്ചെ ദേവടം കാവ് സ്വപ്നത്തിൽ കണ്ടു, കൂടെ ഈ കുട്ടിയേം… അതാ ഈ കുട്ടിയെ കണ്ടപ്പോ നമുക്കൊരു അമ്പരപ്പ് ഇണ്ടായത്… ഇപ്പൊ തോന്നുണു കുട്ടീടെ വസ്ത്രത്തിൽ തീ പടർന്നത് ദുശ്ശകുനമല്ല, മറിച്ച് കാവിലമ്മ കുട്ടിയെ നമുക്ക് കാണിച്ചു തന്നത് തന്ന്യാ… കുട്ടി കാവില് വിളക്ക് തെളിയിക്കണോന്നാ കാവിലമ്മേടെ ഇച്ഛ…”
അദ്ദേഹം പറഞ്ഞു നിർത്തി,
ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു, എല്ലാവരുടെ മുന്നിലും വലിയ ആളാകാം എന്ന് പറഞ്ഞു നിന്ന ശില്പയ്ക്ക് കാവിലെ വിളക്ക് കൊളുത്താനുള്ള അവകാശം വൃന്ദക്ക് കിട്ടിയത് അവളിലെ പക കൂട്ടിയതേയുള്ളു,
പൂജയെല്ലാം കഴിഞ്ഞ് യാതൊരു തടസ്സവും കൂടാതെ വിഗ്രഹവും കിരീടവും കാവിൽ പ്രതിഷ്ഠിച്ചു,
ചടങ്ങുകളെല്ലാം തീർത്ത് രുദ്രും ഭൈരവും കാവിൽ നിൽക്കുമ്പോൾ വിവേക് അവരുടെ അടുത്തേക്ക് വന്നു,
“ഹലോ… രുദ്ര് അല്ലേ…?”
വിവേക് പുഞ്ചിരിയോടെ ചോദിച്ചു,
“അതേ…”
രുദ്ര് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“ഇത്… ഭൈരവ്… അല്ലേ…?”
വിവേക് വീണ്ടും ചോദിച്ചു
അതിന് ഭൈരവ് പതിയെ തലയാട്ടി
“ഞാൻ വിവേക്… ഇവിടെ ജോലിക്ക് നിൽക്കുന്ന ലത… അതെന്റെ അമ്മയാണ്…”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
“നിങ്ങളെപ്പറ്റി ഉണ്ണിമോള് പറഞ്ഞു… പ്രത്യേകിച്ച് രുദ്രിനെപ്പറ്റി…”
അവൻ ഒരു കുസൃതിച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട രുദ്ര് അമ്പരപ്പോടെ അവനെ നോക്കി
“ഞെട്ടണ്ട… അവൾക്ക് ഒരു പതിമൂന്ന് വയസുമുതൽ അറിയാം എനിക്ക്… എന്റെ കുഞ്ഞനുജത്തിയെപോലാ… എന്ത് കാര്യോം അവൾ വിശ്വസിച്ചു എന്നോട് പറയും…
പാവമാണ്, സ്നേഹിച്ചാൽ ജീവൻ പോലും തരും, താൻ ഭാഗ്യവാനാണ്.. തന്നെ പൊന്നുപോലെ നോക്കിക്കോളും അവൾ…”
രുദ്രിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, രുദ്രും അവനെ നോക്കി ചിരിച്ചു, അപ്പോൾ നന്ദൻ അവിടേക്ക് വന്നു, നന്ദൻ രുദ്രിനെക്കണ്ട് സൗഹൃദത്തോടെ ചിരിച്ചു,
“ഇത് നന്ദൻ… നമ്മുടെ ശില്പയെ കല്യാണം കഴിക്കാൻ പോകുന്നത് നന്ദനാണ്…”
രുദ്ര് നന്ദനെ വിവേകിന് പരിചയപ്പെടുത്തി
വിവേക് ഒന്ന് ഞെട്ടി നന്ദനെ നോക്കി, പിന്നീട് ഭാവം മാറ്റി പുഞ്ചിരിച്ചു