“ഭാഗ്യവതി…!! സൗഭാഗ്യവതി…!! സുകൃതം ചെയ്ത ജന്മം…”
അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു, എല്ലാവരും അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നു
“തിരുമേനി പറയുന്നത്…?”
വിശ്വനാഥൻ ചോദിച്ചു
“അപൂർവങ്ങളിൽ അപൂർവമായ ജാതകമാണ് ഈ കുട്ടിക്ക്… ഇവൾ ഉള്ളിടത്ത് ഐശ്വര്യവും സമൃധിയും കളിയാടും… അതുപോലെ കാവിലമ്മയ്ക്ക് ഏറ്റോം പ്രീയപ്പെട്ടവൾ എന്ന് ഫലം… ഈ കുട്ടിയുടെ മാതൃസ്ഥാനത്ത് ദേവടം കാവിലമ്മയാണ് കാണുന്നത്… ഈ തറവാടിന് ഉണ്ടായ ദോഷങ്ങളെല്ലാം ഈ കുട്ടി ഇവിടെ വസിക്കുന്നതുകൊണ്ട് ഒഴിഞ്ഞു പോയി… അത്ര നല്ല ജാതകമാണ് ഈ കുട്ടിയുടേത്… ഈ കുട്ടി വസിക്കുന്ന മരുഭൂമിയിൽ ആണെങ്കിൽപോലും അവടെ പൊന്ന് വിളയും… അത്രയ്ക്ക് ഐശ്വര്യം നിറഞ്ഞ ജാതകമാണ് ഈ കുട്ടീടെത്…”
അദ്ദേഹം ഒന്ന് നിർത്തി, വൃന്ദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കണ്ട് നിന്നിരുന്ന കണ്ണനും സന്തോഷം കൊണ്ട് കരഞ്ഞുപോയി, വൃന്ദ ഒരു നിമിഷം ജാതകദോഷക്കാരി എന്ന പേരിൽ അനുഭവിച്ച എല്ലാ അവഗണനകളും മനസ്സിലൂടെ പാഞ്ഞുപോയി,
രുദ്രും സന്തോഷം കൊണ്ട് കരഞ്ഞുപോയിരുന്നു, തന്റെ ഉണ്ണി ഒരു ലക്ഷണം ഇല്ലാത്തവളല്ല എന്നറിവ് അവനിൽ വല്ലാത്ത സന്തോഷം നിറച്ചിരുന്നു,
“അപ്പൊ ഈ ജാതകം…”
അമ്പരപ്പോടെയുള്ള ശോഭയുടെ വാക്കുകളാണ് അവരെ സാമാന്യ ബോധത്തിലേക്ക് കൊണ്ട് വന്നത്… അത് കേട്ട് അദ്ദേഹമൊന്ന് ചിരിച്ചു
“ഈ ജാതകം വ്യാജമാണ്… ആരോ കൂലികൊടുത്ത് എഴുതിച്ചത്… ഇങ്ങനൊരൊണ്ണം നോം എഴുതീട്ടില്യ… അക്ഷരങ്ങൾ ഏകദേശം നമ്മുടെ അക്ഷരോമായി സാമ്യം തോന്നുണുണ്ട്… പക്ഷേ നമ്മുടെ മുദ്ര പതിപ്പിച്ചപ്പോ ആ ആളിന് പിശക് പറ്റി… ഇല്ലേ ദേവാ…”
അദ്ദേഹം ചിരിച്ചുകൊണ്ട് തന്റെ പരികർമ്മിക്ക് ജാതകം കൊടുത്തുകൊണ്ട് പറഞ്ഞു
പരികർമ്മി ജാതകം പരിശോധിച്ച് പുഞ്ചിരിച്ചുകൊണ്ട് അതേ എന്ന് തലയാട്ടി…
ഇതെല്ലാം കണ്ടും കേട്ടും ശോഭയും സാബുവും മുഖത്തോട് മുഖം നോക്കി, പിന്നീട് ആ മിഴികൾ നന്ദന് നേർക്ക് നീണ്ടു,
നന്ദനും ആകെ ഞെട്ടി നിൽക്കുകയായിരുന്നു, ഇതിനിടയിൽ എന്തെക്കെയോ കള്ളക്കളികൾ ഉണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു,
തിരുമേനി അടുത്തതെന്തോ പറയാൻ തുടങ്ങുമ്പോൾ എല്ലാവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് മിഴിനട്ടു
“ഈ കുട്ടിക്ക് വരുന്ന ദിവസങ്ങൾ പരീക്ഷണത്തിന്റെ കാലമാണ് സൂക്ഷിക്കണം, മരണം വരെ കാണുന്നുണ്ട്…”
അദ്ദേഹം ഗൗരവത്തിൽ പറഞ്ഞു