അദ്ദേഹം ചോദിച്ചു
എല്ലാവരും പരസ്പരം നോക്കി പിറുപിറുത്തു,
“ഇപ്പൊ ഇവിടെ ഇല്ലെച്ചാലും ഇനീം വന്നുകൂടായ്ക ഇല്ല… കാവിലമ്മയുടെ ഇച്ഛ… അത് നടക്കും…”
അത് കേട്ട് എല്ലാരിൽനിന്നും മാറി ആരുടെയും ശ്രദ്ധ പെടാതെ ദൂരെ മാറി ഇരുന്ന കാക്കാത്തിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവർ പതിയെ കണ്ണുകളടച്ചു, അവരുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ട് ഒന്ന് തിളങ്ങി,
അതേസമയം ഒരു നിലവിളി കേട്ട് എല്ലാരുടെയും ശ്രദ്ധ അവിടെക്കായി
നിലവിളക്കിൽ എണ്ണ പകർന്നുകൊണ്ടിരുന്ന വൃന്ദയുടെ ധാവണിത്തുമ്പിൽ തീ പടർന്നു, അത് കണ്ട കൂടെ നിന്നവർ ചേർന്ന് അത് കെടുത്തി, അവരുടെ നിലവിളിയാണ് ഉയർന്ന് കേട്ടത്,
“അയ്യോ… ദുശ്ശകുനമാണല്ലോ…”
ആരോ കൂട്ടത്തിൽ വിളിച്ചു പറഞ്ഞു
“ഈ അസത്ത് കാരണം പൂജ മുടങ്ങിയല്ലോ…”
ബന്ധുക്കളിലാരോ വിളിച്ചു പറഞ്ഞു
അത് കേട്ട വൃന്ദയുടെ കണ്ണ് നിറഞ്ഞു, ധാവണിയിൽ തീ പിടിച്ചത് കണ്ട് അവൾ വല്ലാതെ പേടിച്ചിരുന്നു
കക്കാട് തിരുമേനി അവളെ തന്നെ നോക്കിയിരുന്നു, പതിയെ അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
“കുട്ടി മുന്നോട്ട് വരിക…”
അദ്ദേഹം വൃന്ദയെ അരികിലേക്ക് വിളിച്ചു
അവൾ ഭയത്തോടെ അദ്ദേഹത്തിനരികിലേക്ക് നടന്നു,
അവളെടുത്ത് വരുന്നവരെ തിരുമേനി അവളെത്തന്നെ ഉറ്റുനോക്കിയിരുന്നു,
“കുട്ടി ഈ തറവാട്ടിലെ അംഗം തന്നല്ലേ…”
അദ്ദേഹം പുഞ്ചിരി വിടാതെ ചോദിച്ചു
അവൾ ഭയത്തോടെ തലയാട്ടി,
“കുട്ടി കളത്തിന് മുന്നിലിരിക്കു…”
അദ്ദേഹം പറഞ്ഞു
വൃന്ദ തൊഴുകയ്യോടെ കളത്തിന് മുന്നിലിരുന്നു,
“ഈ കുട്ടിയുടെ ജാതകം കാണിക്കു…”
അവിടെനിന്ന വിശ്വനാഥനോടായി പറഞ്ഞു
വിശ്വനാഥൻ തിരിഞ്ഞ് നളിനിയെ നോക്കി
പെട്ടെന്ന് അവിടെയുണ്ടായിരുന്ന ശോഭ തന്റെ ബാഗിൽ പരതി വൃന്ദയുടെ ജാതകം നളിനിയുടെ കയ്യിലേൽപ്പിച്ചു, അത് കണ്ട രാജേന്ദ്രന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി
നളിനിയുടെ കയ്യിൽനിന്നും വിശ്വനാഥൻ ആ ജാതകം തിരുമേനിക്ക് കൈമാറി,
അദ്ദേഹം ആ ജാതകത്തിലൂടെ ദൃഷ്ടി പായിച്ചു, അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു,
“ഈ കുട്ടീടെ ജനന സമയോം ജനന തീയതീം എന്താ…?”
അദ്ദേഹം ചോദിച്ചു
അടുത്തുണ്ടായിരുന്ന നളിനി സമയം പറഞ്ഞുകൊടുത്തു
തിരുമേനി പഞ്ചാഗം നോക്കി, എന്തെക്കെയോ കൂട്ടലും കിഴിക്കലും നടത്തി, അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അദ്ദേഹം വൃന്ദയെ നോക്കി