വിവേക് ഒന്ന് നിർത്തി കണ്ണ് തുടച്ചു, എല്ലാം കേട്ട് തലകുനിച്ചിരിക്കുന്ന ശില്പയെ നോക്കി പുച്ഛച്ചിരി ചിരിച്ചു
“പക്ഷേ ദൈവം, അവളുടെ കൂടെയായിരുന്നു, മരിക്കും മുന്നേ അവൾ അയച്ച ആത്മഹത്യാ സന്ദേശം ആ കൂട്ടുകാരന് കിട്ടി… എല്ലാത്തിനോടും പകരം ചോദിക്കാൻ അവൻ തിരികെ വന്നു…”
അവൻ വല്ലാത്ത ഭാവത്തോടെ പറഞ്ഞ് നിർത്തി
“ആ സഹോദരൻ ആരാന്നറിയോ…? എന്റെ ശരത്… ആ സഹോദരി ആരാന്നറിയോ…? ശരണ്യ… ഞങ്ങളുടെ ചാരു… ആ കൂട്ടുകാരൻ ആരാന്നറിയോ…? ഈ ഞാൻ… പലിശക്കാരൻ ആരെണെന്നറിയോ…? രാജേന്ദ്രൻ… നിന്റെ തന്ത… പിന്നേ അയാളുടെ കൂട്ടുകാർ… മഹിയും സുരേഷും… വിടില്ല ഞാൻ ഒരുത്തനേം… എണ്ണിയേണ്ണി കണക്ക് പറയിക്കും ഞാൻ…”
ശില്പ എല്ലാം കേട്ട് തലകുനിച്ചിരുന്നു,
“നീയെന്നോട് ചെയ്തതിന്… അത് ഞാൻ അവധിക്ക് വയ്ക്കുവാ… നിന്നെ പണ്ട് ഞാൻ സ്നേഹിച്ചിരുന്നു എന്ന ഒരേ ഒരു കാരണത്താൽ മാത്രം… പക്ഷേ നിന്റെ വലങ്കയ്യില്ലേ…? നിന്റെ തന്ത… ആ വലംകൈ ഞാൻ വെട്ടിയിരിക്കും…”
അവൻ മുറുകിയ മുഖത്തോടെ പറഞ്ഞ് നിർത്തി പിന്നീട് പതിയെ നടന്ന് നീങ്ങി,
എല്ലാം കേട്ട് ശില്പ അനങ്ങാൻ വയ്യാതെ ഇരുന്നുപോയി
••❀••
ശില്പ തറവാട്ടിലെത്തുമ്പോൾ നന്ദനത്തിലെ കാറ് വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു ശിൽപയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു, അവൾ അകത്തേക്ക് കയറി, അകത്ത് ശോഭയും നന്ദനും ഇരിക്കുന്നുണ്ടായിരുന്നു, അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു, ശോഭ എഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ ചേർത്തുപിടിച്ചു പുഞ്ചിരിച്ചു, ശില്പയും വരുത്തിയ ഒരു പുഞ്ചിരി അവർക്ക് കൊടുത്തു,
“മോളെവിടെ പോയതാ…?”
ശോഭ വാത്സല്യത്തോടെ ചോദിച്ചു
“ഞാൻ ടൌൺ വരെ പോയി ആന്റി…”
അവൾ പറഞ്ഞു
ശിൽപയുടെ നോട്ടം അവളെത്തന്നെ ഉറ്റുനോക്കിയിരുന്ന നന്ദനിൽ എത്തി നിന്നു, ശില്പ പതിയെ നോട്ടം പിൻവലിച്ച് മുഖം കുനിച്ചു,
“ഉത്സവമല്ലേ അപ്പൊ ഇവിടെവരെ വന്ന് മോളേകണ്ട് പോകാന്നു കരുതി, മാത്രല്ല വൃന്ദമോൾടെ ജാതകം ഞങ്ങടെ കയ്യിലായിപ്പോയി അതൂടെ തന്നിട്ട് പോകാന്ന് കരുതി…”
ശോഭ പുഞ്ചിരിയോടെ പറഞ്ഞു
ശില്പക്ക് അവരുടെ സാന്നിദ്യം വല്ലാത്ത അസ്വസ്ഥത തോന്നി
“പിന്നെ ഇവിടൊരാൾ ഇന്നലെ വന്നിട്ട് മോളറിഞ്ഞില്ല എന്ന് പറഞ്ഞു… എന്ത് പറ്റി പിണങ്ങിയോ രണ്ടാളും…”