ശില്പ സംശയത്തോടെ അവനെ ഉറ്റു നോക്കി
വിവേക് തന്റെ ഫോൺ കയ്യിലെടുത്ത് ഒരു സൗണ്ട് റെക്കോർഡിങ് അവളെ കേൾപ്പിച്ചു,
മൂന്നുപേരുടെ ആത്മഹത്യാ സന്ദേശമായിരുന്നു അത്, അതിൽ രാജേന്ദ്രന്റെയും സുരേഷിന്റെയും മഹിയുടെയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്,
അത് കേട്ട് ശിൽപയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി
“ഇപ്പൊ മനസ്സിലായോ… നിന്റെ തന്തയെ തകർക്കാനുള്ള എന്റെ വജ്രായുധം…”
ശില്പ ഭയത്തോടെ വിവേകിനെ നോക്കി
“ഇതാരുടെ ശബ്ദമാണെന്ന് മനസ്സിലായോ…? ഇല്ല അല്ലേ…? എന്നാ കേട്ടോ… ഒരു കഥ പറഞ്ഞു തരാം…
രണ്ട് ഇണപിരിയാത്ത രണ്ട് കൂട്ടുകാരുണ്ടായിരുന്നു, ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കും, ഓർമവച്ച കാലം മുതൽ അവരോരുമിച്ചായിരുന്നു, അതിലൊരാളുടെ പെങ്ങൾ അവർ രണ്ടുപേർക്കും പെങ്ങളായി, ജീവനായി… അവർ വളർന്നു, കൂട്ടുകാരിൽ ഒരാൾ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നാൽ അവന്റെ പ്രാരാബ്ദം അവന് തുടർന്ന് പഠിക്കാനുള്ള വഴി അടച്ചു, പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കുഞ്ഞുപെങ്ങൾ അവളുടെ പഠനം ഉപേക്ഷിച് ജോലിക്കിറങ്ങുന്നു, എല്ലാവരും ഒരുപാട് പറഞ്ഞു നോക്കി, അവൾ കേട്ടില്ല, തന്റെ പ്രീയപ്പെട്ട ഏട്ടന് വേണ്ടി, അവനെ പഠിപ്പിക്കാൻ വേണ്ടി അവൾ പഠനം ഉപേക്ഷിച്ചിറങ്ങി, വീടിന്റെ ആധാരം ബാങ്കിൽ ഇട് കൊടുത്ത് ലോൺ എടുക്കാനുള്ള ശ്രമങ്ങളെല്ലാം മുന്നാധാരത്തിലെ പിശക് പറഞ്ഞ് തടയപ്പെട്ടു, ഒടുവിൽ അവൾ ആ ആധാരം നാട്ടിലെ ഒരു കൊള്ളപലിശക്കാരന് പണയം വച്ചു പണം വാങ്ങി, അവൾ ചെയ്യാവുന്ന പണി മുഴുവനും രാവും പകലും ഇല്ലാതെ ചെയ്ത് കടം വീട്ടിക്കൊണ്ടിരുന്നു, ആരുടെയും സഹായം അവൾ സ്വീകരിച്ചില്ല, അവസാനം കടം വീട്ടികഴിഞ്ഞു ആധാരത്തിനായി ചെന്ന അവളെ ആ കൊള്ളപലിശക്കാരനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് ചവച്ചു തുപ്പി, സ്വന്തം മോളുടെ പ്രായം പോലുമില്ലാത്ത ആ കുട്ടിയെ അവന്മാർ കടിച്ചു കുടഞ്ഞു, ജീവിതവും മാനവും നഷ്ടപ്പെട്ട അവളും അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, അതറിഞ്ഞ ആ സഹോദരൻ തകർന്നുപോയി, ആ പെൺകുട്ടിക്ക് നീതി കിട്ടാൻ അവൻ പോലീസ് സ്റ്റേഷനിലും രാഷ്ട്രീയക്കാരുടെ ഓഫീസുകളിലും കയറിയിറങ്ങി, എങ്ങു നിന്നും അവന് നീതി കിട്ടിയില്ല, അവനോടൊപ്പം ഏതിനും കൂടെ നിന്ന അവന്റെ കൂട്ടുകാരനെ ആ പലിശക്കാരനും കൂട്ടുകാരും ചേർന്ന് കള്ളക്കേസിൽ കുടുക്കി, ആ കൂട്ടുകാരനെ ആ പലിശക്കാരന്റെ മകൾ അവനെ പ്രേമിക്കുന്നു എന്ന് നടിച്ചു അവനെ ചതിച്ചു, അവനെ സ്ത്രീലമ്പടനാക്കി, നാട്ടിൽ നിൽക്കാൻ വയ്യാതായപ്പോൾ അവൻ ഈ നാട് വിട്ടു പോകേണ്ടി വന്നു, അവന്റെ കൂട്ടുകാരനെ പോലും കളഞ്ഞ്… അതോടെ ആ സഹോദരൻ തകർന്നു, തന്റെ കുഞ്ഞുപെങ്ങൾ മരിച്ച ശേഷവും ഇല്ലാവചനങ്ങൾ പറഞ്ഞുണ്ടാക്കി രസിച്ചു ഈ നാട്ടുകാർ, ഇപ്പൊ അവൻ മുഴു ഭ്രാന്തനായി ഭ്രാന്തശുപത്രിയിൽ കിടപ്പുണ്ട്…”