••❀••
വൃന്ദ കാവ് ഒരുക്കുന്നടുത്തേക്ക് പോയി തിരികെ വരുമ്പോൾ റോഡിൽ നിന്നും മാറി കുറച്ച് ഉള്ളിലായി അവൾ കാക്കാത്തിയമ്മയെ കണ്ടു,
അവളെ കണ്ട് കാക്കാത്തിയമ്മ പുഞ്ചിരിച്ചു, വൃന്ദയുടെ മുഖത്തും സന്തോഷവും ആശ്ചര്യവും നിറഞ്ഞു, അവൾ അവർക്കരികിലേക്ക് ഓടി,
“കാക്കാത്തിയമ്മ എവിടെയായിരുന്നു… ഒന്ന് കാണാൻ എത്ര കൊതിച്ചെന്നോ… വിചാരിക്കുമ്പോ മുന്നിൽ വരും എന്ന് പറഞ്ഞിട്ട്… കാക്കാത്തിയമ്മ പറഞ്ഞപോലെ എന്റെ രാജകുമാരനെ കണ്ടു… കുഞ്ഞീടേട്ടനെ കാക്കത്തിയമ്മയെ കാണിക്കാൻ എത്ര ദിവസം കാവിൽ വിളിച്ചു വരുത്തിയെന്നോ…”
അവൾ ഒരു കൊച്ച് കുട്ടിയെപ്പോലെ പരിഭവം പറഞ്ഞു,
നിറഞ്ഞ പുഞ്ചിരിയോടെ എല്ലാം കാക്കാത്തിയമ്മ കേട്ടിരുന്നു,
“ഞാൻ കണ്ടല്ലോ എന്റെ മോൾടെ രാജകുമാരനെ.. നല്ല ചേർച്ചയുണ്ട് നിങ്ങൾ…”
കാക്കാത്തിയമ്മ പറഞ്ഞു
“കണ്ടോ…? എപ്പോ…? എവിടെ വച്ച്…?”
അവൾ അത്ഭുതത്തോടെ ചോദിച്ചു
“ഞാൻ ന്റെ മോൾടെ എല്ലാ കാര്യങ്ങളും അറിയുകയും കാണുകയും ചെയ്യുന്നുണ്ട്…”
അവളെ പതിയെ തലോടിക്കൊണ്ട് പറഞ്ഞു
“ഇനി മോൾക്ക് കുറച്ച് പരീക്ഷണകാലമാണ്, സൂക്ഷിക്കണം, നന്നായി പ്രാർത്ഥിക്കുക, എല്ലാ ആപത്തിലും കാവിലമ്മ കൂടെയുണ്ട് എന്ന് വിശ്വസിക്കുക…”
അവർ ഗൗരവത്തിൽ പറഞ്ഞു, വൃന്ദയുടെ മുഖത്ത് ഒരു ആവലാതി തെളിഞ്ഞു, അത് കണ്ട് കാക്കാത്തിയമ്മ പുഞ്ചിരിച്ചു,
“ഏയ്… മോള് പേടിക്കണ്ട കാവിലമ്മ കൂടെയുണ്ട്…”
അവളെ ചേർത്തുനിർത്തി പറഞ്ഞു.
••❀••
രുദ്ര് റൂമിലെ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു, രണ്ട് കരങ്ങൾ അവനെ പതിയെ പിറകിൽനിന്നും പുണർന്നു, ഒരു മൃദുലത അവന്റെ പുറത്ത് അമർന്നു, ഒന്ന് ഞെട്ടിയെങ്കിലും അവൻ പതിയെ പുഞ്ചിരിച്ചുകൊണ്ട് ആ കൈകളിൽ പിടിച്ച് തിരിഞ്ഞ് ആ കൈകളുടെ ഉടമയെ തന്റെ നെഞ്ചോട് ചേർത്തു, പെട്ടെന്നാണ് അവൻ ആളിനെ തിരിച്ചറിഞ്ഞത്,
“ശില്പ…”
അവനൊന്ന് ഞെട്ടി അവളെ പിന്നിലേക്ക് തള്ളി, അവൾ മലർന്ന് തറയിലേക്ക് വീണു
“നീയെന്താടി പുല്ലേ ഇവിടെ…?”
അവൻ ദേഷ്യത്തോടെ ചോദിച്ചു
ശില്പ പതിയെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു
“അതെന്ത് ചോദ്യമാ രുദ്രേട്ടാ… എന്നായാലും നീയെന്റേതല്ലേ… അപ്പൊ എനിക്ക് ഇവിടേക്ക് വരാം… രുദ്രേട്ടനെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം… അങ്ങനെ പലതും ചെയ്യാം…”
അവൾ അവനടുത്ത് വന്ന് അവന്റെ നെഞ്ചിലേക്ക് കൈ വച്ചുകൊണ്ട് വല്ലാത്ത ചിരിയോടെ പറഞ്ഞു,