“എന്താ ശില്പ, തനിക്കിപ്പോ എന്റെ ഫോൺ എടുക്കാൻ പോലും സമയമില്ലേ…?”
നന്ദൻ ചെറിയ ദേഷ്യത്തോടും പരിഭവത്തോടും കൂടി ചോദിച്ചു
“അത് നന്ദേട്ടാ, കാവിലെ ഉത്സവമല്ലേ, അപ്പൊ കസിൻസ് എല്ലാം വന്നിട്ടുണ്ട് ഫുൾ ടൈം അവരോടൊപ്പമായിരിക്കും, അപ്പൊ ഫോണെന്നും നോക്കാൻ സമയം കിട്ടാറില്ല, അതാ…”
ശില്പ പറഞ്ഞു
“മ്… എന്നാലും തനിക്കൊന്ന് തിരികെ വിളിച്ചൂടെ…?”
നന്ദൻ ഒന്നയഞ്ഞപോലെ പറഞ്ഞു
“ഇനി ഞാനത് ശ്രദ്ധിച്ചോളാം…”
“മ്… പിന്നേ… ഞാൻ വരുന്നുണ്ട് ഉത്സവത്തിന് നാട്ടിലേക്ക്…”
നന്ദൻ പറഞ്ഞു
“മ്…”
ശില്പ വലിയ താല്പര്യമില്ലാതെ ഒന്ന് മൂളി
“എന്നാ നന്ദേട്ട വയ്ക്കട്ടെ കസിൻ പിള്ളേർ വെയിറ്റ് ചെയ്യുന്നു… ബൈ…”
പിന്നൊന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്തു, ശില്പ പുച്ഛത്തോടെ ഫോണിൽ നോക്കിയിട്ട് ഗാലറിയിൽ സേവ് ചെയ്തിട്ടിരുന്ന രുദ്രിന്റെ ഫോട്ടോ ഓപ്പൺ ചെയ്ത് അതിൽ നോക്കിയിരുന്നു…
••❀••
എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ വൃന്ദ പതിയെ വീടിനു പുറത്തിറങ്ങി കുളത്തിനരികിലേക്ക് നടന്നു, അവൾ ചെല്ലുമ്പോൾ രുദ്ര് അവിടെ ഇരിക്കുന്നുണ്ടായിരുന്നു
“എന്താ താമസിച്ചേ… ഞാൻ വന്നിട്ടെത്രനേരായീന്നറിയോ…?”
രുദ്ര് കപട ദേഷ്യത്തോടെ അവളോട് ചോദിച്ചു
“ദേ… മിണ്ടാതിരുന്നോ… ഞാനെത്ര ടെൻഷനടിച്ചാന്നോ ഇവിടേക്ക് വരുന്നത്… ഇതെങ്ങാനും ആരേലും കണ്ടാ… ന്റെ കാവിലമ്മേ…”
അവൾ അവനോട് പറഞ്ഞുകൊണ്ട് അവനടുത്തായി വന്നിരുന്നു
“ആരും കാണില്ലന്നേ… നമ്മുടെ കല്യാണത്തിന് മുന്നേ ഇതെല്ലാം ഒരു രസോല്ലേ…? കല്യാണം കഴിഞ്ഞാ പറഞ്ഞു ചിരിക്കാനുള്ള കുഞ്ഞ് കുഞ്ഞ് സംഭവങ്ങൾ…”
അവൻ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു, അവളൊന്നും മിണ്ടാതെ അവനെ ചേർന്നിരുന്നു, കുറച്ച് സമയം അവൾ നിശബ്ദയായി, അത് ശ്രദ്ധിച്ച രുദ്ര് പതിയെ അവളുടെ മുഖത്തേക്ക് നോക്കി
“എന്താ എന്റുണ്ണിക്കുട്ടന് ഒരു ടെൻഷൻ…?”
“മ്ച്ചും…”
അവൾ ചുമൽ കുലുക്കി
“എന്നാലും…?”
“നമ്മുടെ കല്യാണം… അത് വിശ്വൻ മാമനും മാധവൻ മാമനും സീതാമ്മയുമൊക്കെ സമ്മതിക്കോ…? ഞാനരുമില്ലാത്തോളാ… ജാതകദോഷമുള്ളോളാ കുഞ്ഞീടേട്ടന് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ അവര് കണ്ടുപിടിച്ചാലോ…?”
അവൾ അവന്റെ ഷർട്ടിൽ ഒന്നുകൂടെ മുറുക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു
“നിന്നെക്കാൾ നല്ലൊരു കുട്ടിയെ അവർ കണ്ട് പിടിക്കുകയാണെങ്കിൽ തീർച്ചയായും ഞാനവളെ കേട്ടും…”