ഉപ്പേരിയും മറ്റും വിളമ്പിയപ്പോൾ കുഞ്ഞി അതിൽ നിന്നും ഓരോന്നെടുടുത്ത് കണ്ണന്റെ വായിൽ വച്ചുകൊടുക്കുന്നുണ്ട് കണ്ണനും അവന്റെ ഇലയിൽ നിന്നും കുഞ്ഞിക്കും കൊടുക്കുന്നുണ്ട്, അപ്പോഴേക്കും എല്ലാവരും ഇരുന്നിരുന്നു, ഊട്ടുപുര ഏകദേശം നിറഞ്ഞു, അപ്പോഴേക്കും ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു… അപ്പോഴാണ് രാജേന്ദ്രനും മഹിയും സുരേഷും അവിടേക്ക് വന്നത്, രാജേന്ദ്രൻ അത്യാവശ്യം മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാളുടെ കണ്ണുകൾ ചുവന്നു കിടന്നു,
“അളിയനെന്താ വൈകിയത്…?”
വിശ്വനാഥൻ ചോദിച്ചു
“ഇവരെന്റെ സുഹൃത്തുക്കളാ അളിയാ, ഇവരെ കാത്തുനിന്ന് താമസിച്ചുപോയി…”
അയാൾ ചിരിയോടെ പറഞ്ഞു
“എന്നാപ്പിന്നെ എല്ലാപേരും കഴിക്കാനിരിക്ക്…”
വിശ്വനാഥൻ പറഞ്ഞു,
അയാളൊന്ന് മൂളിക്കൊണ്ട് ചുറ്റും നോക്കി, ഊട്ടുപുര ഏകദേശം നിറഞ്ഞിരുന്നു, ഒന്നോ രണ്ടോപേർക്കുള്ള സ്ഥലം മാത്രമേ അവശേഷിക്കുന്നുള്ളു, അപ്പോഴാണ് അയാൾ കുഞ്ഞിയുടെ അടുത്തിരുന്ന് കഴിക്കുന്ന കണ്ണനെ കാണുന്നത്, അയാളുടെ കണ്ണുകൾ ഒന്ന് കുറുകി, രാവിലെ ശില്പ പറഞ്ഞ കാര്യങ്ങളും ഉള്ളിലെ മദ്യത്തിന്റെ ലഹരിയും അയാൾ പരിസരം മറന്ന് അലറി,
“ഡാ…”
എല്ലാവരും ഒന്ന് ഞെട്ടി, അയാളുടെ തുറിച്ചുനോട്ടം തന്റെ നേരെയാണെന്ന് മനസ്സിലായ കണ്ണന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി,
“ക്ഷണിച്ചു വരുത്തിയവരെ ഇരുത്തിയിട്ട് പോരേ നിന്റെ അമൃതേത്ത്… നിന്നോടാരാടാ പറഞ്ഞത് ഇപ്പൊ ഇവിടെ കേറിയിരിക്കാൻ, ഛീ എഴുന്നേക്കട അവിടുന്ന്…”
അയാൾ കണ്ണനോടായി അലറി, കണ്ണൻ പേടിച്ച് വിറച്ചുകൊണ്ട് എഴുന്നേറ്റു, അവൻ ചുറ്റും നോക്കി അവന് വല്ലാത്ത അപമാനം തോന്നി അവൻ ആരെയും നോക്കാൻ കഴിയാതെ തല കുനിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ തന്റെ ഭക്ഷണം പുരണ്ട കൈവിരലുകൾ കൂട്ടിതിരുമി, എല്ലാവരും സ്തംഭിച്ചു നോക്കിയിരിക്കുകയാണ്, കുഞ്ഞി കരഞ്ഞുകൊണ്ട് കണ്ണന്റെ കയ്യിൽ പിടിച്ചു
“കണ്ണേട്ടാ….”
അവൾ അവനെ നോക്കി വിതുമ്പി, കണ്ണൻ അവളെ മുഖത്ത് വരുത്തിയ ചിരിയോടെ ഒന്ന് നോക്കി അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, അപ്പോഴേക്കും വൃന്ദ അവനരുകിൽ വന്നിരുന്നു, കണ്ണൻ സങ്കടം സഹിക്കാനാവാതെ അവളെ ചുറ്റിപ്പിടിച്ചു തേങ്ങി, അവൾ അവനെ അലിവോടെ നോക്കി അവന്റെ മുന്നിലുണ്ടായിരുന്ന ഇല മടക്കിയെടുത്ത് അവനെയും കൂട്ടി പുറത്തേക്ക് പോയി, രാജേന്ദ്രനെ എല്ലാപേരും ഒരു വല്ലാത്ത ഭാവത്തിൽ നോക്കി, ഒരുനിമിഷം താൻ ചെയ്തത് അബദ്ധമായോ എന്ന് അയാൾക്ക് തോന്നി,