തുളസിദളം 8 [ശ്രീക്കുട്ടൻ]

Posted by

“കാണാം… നീയെണ്ണിക്കോ…, കാവിലെ ഉത്സവത്തിന്റെ പത്താം ദിവസത്തിനു മുൻപ് നീ എന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും… പറയുന്നത് ഞാനാ… ഈ ശില്പ…”

ശില്പ വെല്ലുവിളിപോലെ അവനോട് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു, രുദ്രിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു, ശില്പ ഒരു നിമിഷം നിന്നു, പതിയെ വൃന്ദയുടെ മുന്നിൽ അന്ന് നിന്നു, വൃന്ദയപ്പോഴും പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു, ശില്പയെ കണ്ട് അവൾ പേടിയോടെ രുദ്രിന്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു,

“ഈ ശില്പയെ വേദനിപ്പിച്ചു നീയിവനൊപ്പം ജീവിക്കില്ലടി… ശില്പയാ പറയുന്നേ… നീയറിഞ്ഞോ… ഇവൻ എന്റെതാ… ഈ ശിൽപയുടെ… നീയല്ല നിന്റെ കാവിലമ്മ വന്നപ്പോലും ഞാൻ വിട്ടു തരില്ല… നോക്കിക്കോ…”

അവസാന വാചകം രുദ്രിനെ നോക്കി പറഞ്ഞിട്ട് ശില്പ പുറത്തേക്ക് പോയി,

അത്രെയും നേരം പേടിച്ച് വിറച്ച് കണ്ണീർപൊഴിച്ചു നിന്നിരുന്ന വൃന്ദയെ അവൻ തന്റെ ദേഹത്തേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വിമ്മികരഞ്ഞു

“ഉണ്ണിക്കുട്ടാ…”

രുദ്ര് പതിയെ അവളെ വിളിച്ചു, അവൾ ഒന്നുമിണ്ടാതെ കരഞ്ഞുകൊണ്ടിരുന്നു

“ഇവിടെനോക്ക്…”

രുദ്ര് പതിയെ അവളുടെ മുഖം വിരലുകൾക്കൊണ്ട് ഉയർത്തി പറഞ്ഞു

“എന്തിനാടി എപ്പോഴും ഇങ്ങനെ കരയുന്നെ…? എന്റടുത്തു ചട്ടമ്പിത്തരോം കൊണ്ട് വരാറുണ്ടല്ലോ… ഇപ്പോഴാ നീ ഒന്ന് സ്ട്രോങ്ങ്‌ ആകേണ്ടത്… നീയിപ്പോ പഴയപോലല്ല, നിനക്കിപ്പോ എല്ലാരുമുണ്ട്, പോരാത്തതിന് എന്തിനും ഏതിനും ഈ ഞാനും… ഉണ്ണിക്കുട്ടൻ പേടിക്കണ്ട എന്ത് സംഭവിച്ചാലും ദേവടം കാവിലമ്മയും പിന്നേ ഞാനും ഒപ്പമുണ്ടാകും നിനക്ക്… അതുപോരെ…”

അവൾ അവന്റെ മുഖത്ത് നോക്കി കുഞ്ഞുങ്ങളെപ്പോലെ തലയാട്ടി

“പിന്നേ കണ്ണീർ തുടക്ക്… എന്നിട്ട് പോയി സുന്ദരിക്കുട്ടിയായി വാ… ഇന്നെന്റെ ഉണ്ണിക്കുട്ടന്റെ ഭംഗി കണ്ട് ഇന്നാട്ടിലുള്ള എല്ലാവന്മാരുടേം കണ്ണടിച്ചുപോണം…”

രുദ്ര് അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു

അവന്റെ പറച്ചിൽ കേട്ട് കണ്ണീരിനിടയിലും വൃന്ദ ചിരിച്ചുപോയി,

“പോ അവിടുന്ന്…”

അവൾ അവനെ തള്ളിമാറ്റി ചിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി,

വൃന്ദ പോയതും രുദ്രിന്റെ ചുണ്ടിലെ ചിരി മാഞ്ഞു, മുഖം ഗൗരവമായി, അവൻ തന്റെ താടിയൊന്നുഴിഞ്ഞു ഫ്രഷാവാനായി പോയി,

••❀••

രാവിലത്തെ ചടങ്ങുകൾ കഴിഞ്ഞ് ദേവടത്തെ നിലവറയിൽ നിന്നും ദേവീ വിഗ്രഹവും കിരീടവും നിലവറയിൽ നിന്നും യഥാവിധി കർമത്തോടെ പൂജമുറിയിലേക്ക് എത്തിച്ചു, ദേവടത്തെ കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളു, എല്ലാവരും തൊഴുകൈകളോടെ നിന്നു, അപ്പോഴേക്കും രുദ്രും അവിടേക്ക് വന്നിരുന്നു, ഒരു കടും പച്ച നിറത്തിലുള്ള കുർത്തയും അതേ നിറത്തിലുള്ള കരയുള്ള മുണ്ടുമുടുത്ത് ആ കൂട്ടത്തിലേക്ക് വന്നു, ആ വേഷത്തിൽ അവന് നല്ല ഭംഗി തോന്നിച്ചു, അവന്റെ കണ്ണുകൾ ആ കൂട്ടത്തിൽ ഒരാളെ തിരഞ്ഞു, അപ്പോൾ കണ്ടു, പട്ട് ദാവണിയുടുത്ത് കണ്ണടച്ച് തൊഴുതു നിൽക്കുന്ന അവന്റെ പെണ്ണിനെ, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, ഈ ലോകത്തിലെ ഏറ്റവും സുന്ദരി അവളാണെന്ന് അവന് തോന്നി, അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു, കണ്ണടച്ച് തൊഴുത് ചുണ്ടുകൾ പതിയെ അനക്കി എന്തോ പ്രാർത്ഥിക്കുന്ന അവളെ കണ്ട് രുദ്രിന് വല്ലാത്ത സ്നേഹം തോന്നി, എപ്പോഴോ കണ്ണ് തുറന്ന് നോക്കിയ വൃന്ദയുടെ കണ്ണുകളും അവന്റെ കണ്ണുകളുമായി ഇടഞ്ഞു, രണ്ടുപേരുടെ കണ്ണുകളിലും പ്രണയം അലയടിച്ചു, രണ്ടുപേരുടെയും ചുണ്ടുകളിൽ അവർക്ക് വേണ്ടി മാത്രമായി പുഞ്ചിരി വിരിഞ്ഞു, അവരുടെ രണ്ടുപേരുടെയും ഭാവങ്ങൾ ശ്രദ്ധിച്ചു നിന്ന ശില്പ കടപ്പല്ല് ഞെരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *