വൃന്ദ പുഞ്ചിരിച്ചുകൊണ്ട് അതെല്ലാം നോക്കി നിന്നു, പിന്നീട് കണ്ണനെ തട്ടിയുണർത്തി ഫ്രഷാവാൻ പറഞ്ഞു വിട്ടു ,
അപ്പോഴേക്കും കുഞ്ഞി ഒരു ചുവന്ന ഉടുപ്പും ക്രീം നിറത്തിലുള്ള പട്ടുപാവാടയും ഇട്ടുകൊണ്ട് തുള്ളിചാടി അകത്തേക്ക് വന്നു,
“ഉണ്ണിയേച്ചി, എന്റെ മുടിയൊന്ന് കെട്ടിതരോ…?”
കുഞ്ഞി ചോദിച്ചു
“പിന്നെന്താ…”
വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു
വൃന്ദ കുഞ്ഞിയുടെ തലമുടി നന്നായി ഒതുക്കി കെട്ടിക്കൊടുക്കുമ്പോൾ കുഞ്ഞി എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, എല്ലാത്തിനും വൃന്ദ മൂളി കേൾക്കുന്നുണ്ട്, അപ്പോഴാണ് കണ്ണൻ കുളികഴിഞ്ഞ് മുറിയിലേക്ക് വന്നത്, വൃന്ദ അവന് പുറം തിരിഞ്ഞിരിക്കുന്നതിനാൽ കുഞ്ഞിയെ അവൻ കണ്ടില്ല, മുറിയിൽ കയറിയ ഉടനെ അരയിലുണ്ടായിരുന്ന തോർത്ത് അഴിച്ച് ദൂരേക്കെറിഞ്ഞ് ഏതോ പാട്ടുപാടി ചാടിതുള്ളാൻ തുടങ്ങി, പെട്ടെന്ന് ‘അയ്യേ..’ എന്ന് കുഞ്ഞിയുടെ ഒച്ചകേട്ട് കണ്ണൻ ഞെട്ടിതിരിഞ്ഞു നോക്കി,
“അയ്യേ… കണ്ണേട്ടാ കൂയ്…”
കുഞ്ഞി മൂക്കത്തു വിരൽ വച്ച് കണ്ണനെ കളിയാക്കി ചിരിച്ചു
ചമ്മി നിന്ന കണ്ണൻ ഓടിച്ചെന്നു കട്ടിൽ കിടന്ന തോർത്ത് എടുക്കുന്നതിനു മുന്നേ കുഞ്ഞി അത് കൈക്കലാക്കി അവളുടെ പിറകിൽ ഒളിപ്പിച്ചു നിന്ന് കണ്ണനെ കളിയാക്കി, കണ്ണൻ ഓടി വൃന്ദയുടെ പിന്നിൽ ഒളിച്ച് അവളുടെ പാവാടകൊണ്ട് നാണം മറക്കാൻ ശ്രമിച്ചു
“നോക്കട്ടെ കണ്ണേട്ടാ… ഞാൻ കണ്ടില്ല… ഹ.. നോക്കട്ടെന്നേ…”
കുഞ്ഞി വൃന്ദടെ മുന്നിൽ ചേർന്ന് നിന്ന് കണ്ണനെ എത്തി നോക്കി പറയുന്നുണ്ട് ,
“അയ്യേ… പോ കുഞ്ഞി… ഉണ്ണിയേച്ചി ഇവളോട് ഇറങ്ങി പോകാൻ പറ…”
കണ്ണൻ നാണം കൊണ്ട് വൃന്ദയുടെ പാവാട അവന്റെ ദേഹത്തേക്ക് ചുറ്റി കുഞ്ഞിയോട് പറഞ്ഞു, ഇതെല്ലാം കണ്ട് വൃന്ദ ചിരിച്ചുകൊണ്ട് നിന്നു, പിന്നീട് കുഞ്ഞി ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി,
കണ്ണൻ വേഗം ഡ്രസ്സ് ചെയ്തു, വൃന്ദ അവന്റെ മുടി നന്നായി ചീകി ഒതുക്കി വച്ചു, അപ്പോഴേക്കും കുഞ്ഞി കയറി വന്നു, ചുവന്ന ഷർട്ടും ക്രീം നിറത്തിലുള്ള പാന്റും ധരിച്ചു നിൽക്കുന്ന കണ്ണനെ നോക്കി പതിയെ അടുത്ത് വന്നു,
“ന്ത് ചന്താ ന്റെ കണ്ണേട്ടനെ കാണാൻ…”
കുഞ്ഞി ഇമവെട്ടാതെ കണ്ണനെ നോക്കികൊണ്ട് അവന്റെ കവിളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു
“കുഞ്ഞീം ചുന്ദരിയായിട്ടുണ്ട്…”