” എന്താമ്മാ ….?”
” അനക്കോർമ്മയുണ്ടോ നമ്മളിവിടെ ആദ്യം വന്ന ദിവസം …?”
” ചെറുതായിട്ട് ….”
“അനക്കന്ന് പത്തു വയസ്സാ…”
“ഉം, അഞ്ചിലാ…”
“എവിടുന്നാ പോന്നേന്ന് അനക്കോർമ്മയുണ്ടോ …?”
“ഉം … ഉപ്പാന്റെ വീട്ടീന്ന് … ”
” എങ്ങനെയാ പോന്നേന്ന് ഓർമ്മേണ്ടോ …?”
” ബസ്സിലാ …”
” അതല്ലടാ പൊട്ടാ … കാരണമെന്താന്നറിയാമോന്ന് … ”
” അറിയില്ലുമ്മാ ….”
“അതേ.. അന്റെ ഉപ്പയ്ക്കും മാഷിനും മുംതാസുമ്മയ്ക്കും മാത്രമേ അതറിയൂ … ”
ഷാനുവിന്റെ മയക്കം വിട്ടു തുടങ്ങി …
ജിജ്ഞാസയോടെ അവൻ ചെവിയോർത്തു…
” പറയുമ്മാ ….”
“അന്നോടിത് പല തവണ പറയണമെന്ന് ഞാൻ കരുതിയതാ …”
” ങ്ങള് ആളെ ടെൻഷനടിപ്പിക്കാതെ കാര്യം പറയുമ്മാ …”
“അത്രയ്ക്കൊന്നുമില്ലെടാ …..” പറഞ്ഞിട്ട് അവൾ ഷാനുവിന്റെ നേരെ തിരിഞ്ഞു .. അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തവൾ തുടങ്ങി …
” ഞങ്ങളേഴു പേരാ മക്കള് … അതും പെൺമക്കൾ ….”
” ഓ , അതെനിക്കറിയില്ലായിരുന്നു … ഇങ്ങള് കാര്യത്തിലേക്ക് വാമ്മാ …”
” തിരക്കു കൂട്ടാതെടാ ….”
” ന്റെ മൂത്ത താത്തയുടെ മോളും ഞാനും തമ്മിൽ രണ്ട് വയസ്സ് വ്യത്യാസമേയുള്ളൂ … ഞാൻ മൂത്തതാ …”
” ങ്ങും … ”
” ന്റെ കല്യാണമായപ്പോഴേക്കും ഉപ്പ മരിച്ചു. ഉമ്മയ്ക്കു വയസ്സുമായി … ”
” കല്യാണത്തിനങ്ങനെ സ്വർണ്ണവും പണവുമൊന്നും കാര്യമായില്ലായിരുന്നു. മാഷും പിന്നെ മഹല്ല് കമ്മറ്റിക്കാരും നാട്ടുകാരുമൊക്കെയാ നടത്തിയേ ….”
“ഉം … ”
” താത്തമാരൊക്കെ അവരവരുടേതായ ബുദ്ധിമുട്ടിലായിരുന്നു.. ”
ഷാനു മൗനം …
” കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ന്റെ ഒള്ള സ്വർണ്ണം വിറ്റാണ് അന്റുപ്പാ പോയത് … അതിനിടയിൽ ഇയ്യും ഉണ്ടായി … ”
ഷാനു ഒന്ന് ഇളകിക്കിടന്നു…
” ഇക്കായുടെ വീട്ടിലും പ്രശ്നങ്ങളായിരുന്നു … ”
ജാസ്മിൻ ഒന്ന് നിർത്തി .. ബാക്കി അവനോടു പറയേണമോ എന്നൊരു സന്ദേഹം അവൾക്കുണ്ടായിരുന്നു.