ഇതെല്ലാം കണ്ട് എന്താ സംഭവം എന്ന് പോലും അറിയാതെ സുനിൽ ഹാളിൽ നിന്നിരുന്നവരുടെ ഇടയിലൂടെ നടന്നു മുകളിലേക്കു…. സുനിൽ മൂന്നു പെട്ടി ബാഗും ചുമന്നു മഞ്ജിമക്ക് പിറകിലായി ആണ് പടികൾ ഇറങ്ങി വന്നത്. മഞ്ജിമ ആണെങ്കിൽ, ഇടതു കയ്യിൽ മകളെ എടുത്തു, വലതു കയ്യിൽ കത്തി പിടിച്ചും എല്ലാവരെയും തുറിച്ചു നോക്കി കൊണ്ട് പതിയെ പതിയെ തന്റെ ചുവടുകൾ മുന്പോട്ട് വച്ചു.
വീടിന്റെ വാതിലിനു തൊട്ടടുത്തു എത്തിയതും മഞ്ജിമ ഒന്ന് തിരിഞ്ഞു കത്തി താഴ്ത്തി അച്ഛനോട് പറഞ്ഞു :അച്ഛാ,, പോവാണ്.. ഇനി ഒരു മടക്കം അറിയില്ല… അച്ഛന്റെ വായയിൽ നിന്നും ആകെ വന്നത് : മോളെ,, അത്…. എന്ന് മാത്രം ആയിരുന്നു. മഞ്ജിമ കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഫർഹാന ടൂർസ് ആൻഡ് ട്രാവൽസ് എന്ന് എഴുതിയിട്ടുള്ള ഇന്നോവ ടാക്സി കാറിൽ കയറി വാതിൽ അടച്ചു. എന്താ സംഭവം എന്ന്, എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാതിരുന്ന സുനിൽ യന്ത്രികമായി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് മഞ്ജിമ പറഞ്ഞു : എന്റെ നാട്, എന്റെ സ്വന്തം വീട്… സുനിൽ ഒന്ന് മൂളിക്കൊണ്ട് വണ്ടിയെടുത്തു…
രാത്രി 12 കഴിഞ്ഞു മഞ്ജിമ സ്വന്തം വീട്ടിൽ എത്താൻ. വെറും ഒരു നൈറ്റി ഇട്ടു മൂന്നു ബാഗും മോളെയും കയ്യിൽ പിടിച്ചു രാത്രി ഈ സമയത്തു വീട്ടിൽ വന്നു കയറിയ മോളെ കണ്ടു അമ്മ ഉഷയും, പെങ്ങൾ അഞ്ജുവും, അച്ഛനും ചെറുതായി ഒന്നും അല്ല പേടിച്ചതും അന്താളിച്ചതും.
ആ രാത്രി മഞ്ജിമ സുഖമായി കിടന്നുറങ്ങി. ഉറങ്ങുന്നതിനു മുൻപ് സ്വന്തം അമ്മയോട് ഇത്രമാത്രം പറഞ്ഞു : ഞാൻ ഇറങ്ങി അവിടെ നിന്ന്, ഇനി അങ്ങോട്ടില്ല, ഏതു ഭഗവാൻ വന്നു പറഞ്ഞാലും. ബാക്കി പിന്നെ, എനിക്കുറങ്ങണം… മഞ്ജിമയുടെ മുഖത്തടച്ചുള്ള മറുപടി, ഉഷക്ക് പിന്നെ ഒന്നും ചോദിക്കാൻ പറ്റത്താക്കി…
ഒരാഴ്ച ലീവ് ആദ്യമേ പറഞ്ഞു വച്ചിരുന്നു നൗഫലിനോട് മഞ്ജിമ. അതുകൊണ്ട് തന്നെ തന്റെ മുഴുവൻ ഉറക്കവും ഉറങ്ങി തീർത്ത് തന്നെ ആണ് മഞ്ജിമ ഉണർന്നത്.