“ വേണ്ട ഇതുമതി. ഞാൻ വാങ്ങിച്ചു കൊടുത്തോളാം”
“ പിന്നെ….”
“ എന്തേ?..”
“നീ കുടിക്കണ്ട ട്ടൊ.”
“ ഞാൻ ഒരു ബിയാറാ കുടിക്കുള്ളോ. അതു കുഴപ്പമില്ലല്ലോ.”
“ ആ….. ഒരെണ്ണം കുടിച്ചാൽ മതി…”
“മ്മ്… അപ്പൊ ശരി രാത്രിതിരിച്ച് വരുമ്പെ കാണാം.”
“ഡാ…. പിന്നെ…..”
“ എന്തെടീ നിന്ന് പരുങ്ങുന്നത് ചെക്കനെ ഇഷ്ടായില്ലേ നിനക്ക്.” ഞാൻ ആ പറഞ്ഞത് മാത്രം എൻറെ മനസ്സിലെ വ്യാകുലത ആയിരുന്നു.”
“പോടാ….. അതൊന്നുമല്ല. അതില്ലെ…”
“പിന്നെന്താ പറയ്യ് നിയ്യ്…”
“എനിക്കില്ലേ…. നീയില്ലെ…..”
“നീ നാണിക്കാതെ കാര്യം പറയ്. എന്തായാലും നമുക്ക് വഴി ഉണ്ടാക്കാം.”
“ എനിക്കൊരു ബിയർ വാങ്ങിച്ചിട്ട് വരോ?” അവള് കുഞ്ഞു കുട്ടികളുടെ പോലെ കണ്ണൊക്കെ വിടർത്തി ചോദിച്ചു. അപ്പോഴും നാണം മിഴികളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
“ ഹഹഹ… എല്ലാം ശരിയാക്കാടി വൈകുന്നേരം വരുമ്പോൾ ഞാൻ കൊണ്ടുവരാം.” ഞാൻ എന്തോ വലിയ ആളുടെപോലെ അവൾക്ക് ഉറപ്പു കൊടുത്ത്. അവിടെ നിന്ന് തിരിഞ്ഞു നടന്നു.
*********
രാത്രി അവൾ തന്ന കാശിന് നല്ല ആഘോഷം നടന്നു. എല്ലാവരും അടിച്ചു ഫിറ്റായിരുന്നു ഞാൻ മാത്രം ഒരു ബിയറിൽ ഒതുങ്ങി. ബോധം നശിച്ചു തുടങ്ങിയപ്പോഴാണ് പട്ടണത്തിൽ ഡോക്ടർ ബിരുദത്തിന് പഠിക്കുന്ന വിനു പോക്കറ്റിൽ നിന്ന് വെളുത്ത ക്രിസ്റ്റൽ പോലെ എന്തോ ഒന്ന് എടുത്തത്.
ബോധം വല്ലാത്ത രീതിയിൽ നശിച്ച അവൻ പക്ഷേ ശ്രദ്ധയോടെ അത് പേപ്പർ വിരിച്ച് അതിനു മുകളിൽ അവൻറെ എടിഎം കാർഡ് വെച്ച് അതിൽ ഒരു കുഞ്ഞു കഷണം ക്രിസ്റ്റൽ വച്ച്, ഉരുണ്ട വൃത്തിയുള്ള വെള്ളാരം കല്ല് വെച്ച് ആ കുഞ്ഞ് വസ്തു പൊടിച്ചു തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ പോകുന്നത് മോശം അവസ്ഥയിലേക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ പതുക്കെ എഴുന്നേൽക്കാൻ തീരുമാനിച്ചു. പക്ഷേ എപ്പോഴും മദ്യലഹരിയിൽ ഉള്ളവർക്ക് ഒരു മോശം സ്വഭാവം ഉണ്ട്. ഇത്തരം എഴുന്നേറ്റു പോകലുകൾ അവർക്ക് ഒട്ടും രസിക്കില്ല.