സ്കൂൾ വിട്ടു വന്നാൽ ഞാൻ നേരെ അവളുടെ അടുത്തേക്ക് ഓടും. പറമ്പിൽ അല്പം നീങ്ങി ശീമകൊന്ന വേലിക്കപ്പുറം അവളുടെ വീടാണ്. അവളുടെ വീട് പഴയ ഒരു ക്ഷയിച്ച തറവാടാണ്. അവളും അച്ഛനും മാത്രമേ അവിടെ ബാക്കിയുള്ളൂ. അവർ രണ്ടുപേരും അവിടത്തെ തൊടിയിലെ മരങ്ങൾ ആണെന്നോ ആ വീടിനുള്ളിലെ എന്തെങ്കിലും സാധനങ്ങളാണെന്ന് പോലും നമുക്ക് തോന്നിപ്പോകും.
എനിക്ക് തോന്നിയിട്ടുണ്ട് എന്നെ ലോകത്തുവെച്ചിട്ട് ഏറ്റവും സ്നേഹിക്കുന്നത് അവൾ ആണെന്ന്. എൻറെ എല്ലാ കാര്യങ്ങളും പറയാതെ തന്നെ അവൾക്കറിയാം. അതുകൊണ്ടുതന്നെ അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത്, അവളുടെ വിവാഹത്തിന് വേണ്ടി കഷ്ടപ്പെടുന്നത് എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല.
കാര്യം ഒരുപാട് സന്തോഷമുള്ള കാര്യമാണ്, എങ്കിലും അവൾ പോകുന്നു എന്ന് പറയുന്നത് എനിക്ക് അല്പം സങ്കടം തോന്നിച്ചു. ഇനി ഞാൻ എന്നും ഒറ്റക്കായിരിക്കും വീട്ടിൽ വന്നാൽ.
അങ്ങനെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് വൈകുന്നേരം എല്ലാം ഒന്ന് സൈഡാക്കി ഞങ്ങളെല്ലാം വിശ്രമത്തിലായി. സത്യം പറഞ്ഞാൽ എനിക്ക് ചെക്കനെ ഒട്ടും ഇഷ്ടായില്ല, അവൾക്കൊട്ടും ചേരുന്നില്ല എങ്കിലും അവള് ഒരു സന്തോഷവതി ആണെന്നുള്ളതു മാത്രമാണ് എൻറെ ആകെയുള്ള സമാധാനം.
അങ്ങനെ സുന്ദര സന്ധ്യ വരവായി. അതുവരെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം എന്നോട് കുപ്പി പൊട്ടിക്കാൻ അവളുടെ കയ്യിന്ന് കാശ് വാങ്ങാൻ നിർബന്ധിച്ചു തുടങ്ങി. എനിക്കൊരു ചെറിയ മടിയുണ്ടായിരുന്നു അവളോട് ചോദിക്കാൻ. കാരണം അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവളുടെ അച്ഛനെ നോക്കുന്നതും, വീട് നോക്കുന്നതും.
ഞാനൊന്നും പറയാതെ വേസ്റ്റ് കത്തിക്കുന്നതിന് വേണ്ടി പിന്നാമ്പുറത്തേക്ക് നടന്നു അവളുടെ റൂമിനടുത്ത് എത്തിയപ്പോൾ മരഅഴികൾക്ക് അപ്പുറത്ത് ഇരുട്ടിൽ അവളുടെ പതിഞ്ഞ ശബ്ദം കേട്ടു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, അവൾ ചുരുട്ടിപ്പിടിച്ച് ഒരു കൂട്ടം മുഷിഞ്ഞ നോട്ട്കൾ എനിക്ക് നേരെ ആരും കാണാതെ നീട്ടി.
“ എടാ നീ അവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്ക് ഇന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും.”
“ ഒരു കുപ്പിയാണ് ചോദിക്കുന്നത്.”
“ അതിന് എത്രയാ എന്നെനിക്കറിയില്ല ഇതിൽ 1000 രൂപയുണ്ട്. ഇനിയും വേണോ?”