രാത്രി ആകും വീട്ടിലെത്താൻ. ആരും ദേഷ്യപ്പെടില്ല. അവളുടെ ഒപ്പം അല്ലെ പോയത്. അവളു എന്നെ ഒന്നും പറ്റാതെ നോക്കും, കൂട്ടുകെട്ടിലൊന്നും പെടാൻ സമ്മതിക്കില്ല എന്നൊരു വിശ്വാസാ എല്ലാവർക്കും. ചുരുക്കി പറഞ്ഞാൽ എന്റെ ലോക്കൽ ഗാർഡിയൻ ഏച്ചിയാണ്.
ഞാൻ കുളിച്ചു തയ്യാറായി നിൽക്കുന്ന കണ്ടപ്പോൾ അവൾ ചിരിച്ചു. എന്തൊ അവളുടെ സൂത്രം ഫലിച്ചപോലെ. എനിക്ക് ഒരു പന്തിതോന്നിയില്ല. പക്ഷെ ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ കാര്യം പിടികിട്ടി. ഇത്ര നേരത്തേ ആരു വരാനാണ് അവിടെ, വല്ല കല്ല്യാണ മേക്കപ്പിനല്ലാതെ. ഒരു തള്ള അവളുടെ മുഖത്ത് ചെത്തുപണികൾ തുടങ്ങി. ഞാൻ തലക്ക് കയ്യും കൊടുത്തിരുന്നു. അവൾ അതു കണ്ട് കടിച്ചുപിടിച്ചു ചിരിക്കുന്നുണ്ട് ഇടക്ക്.
എന്തൊക്കെ പറഞ്ഞാലും അവളു പാവമാണ്. ജീവിതത്തിൽ ആദ്യമായിട്ടാവും മേക്കപ്പ് ചെയ്തതെല്ലാം ഒരുങ്ങുന്നത്. ഒരാഘോഷങ്ങൾക്കും അവളു പോകാറില്ല. പലപ്പോഴും ഞാൻ അവക്ക് കൂട്ടിരിക്കും, അവളുടെ അച്ഛൻ വീട്ടിലില്ലെങ്കിൽ. അവളുടെ അമ്മ ചെറുപ്പത്തിൽ മരിച്ചതാണ്. ഒരു അച്ഛൻ മാത്രമേ ഉള്ളു. അയാളാണെങ്കിൽ ഒരു പാവം മനുഷ്യൻ. നാടുമൊത്തം കടo വാങ്ങിയാണ് ഇപ്പോൾ കല്യാണം നടത്തുന്നതു തന്നെ. ആദ്യം ഈ ജാതകം നോക്കുന്ന പരിപാടി നിരോധിക്കണം. ഇല്ലെങ്കിൽ ഇവളുടെ കല്യാണം എന്നേ നടക്കണ്ടതാണ്. ഞാൻ ഇതൊക്കെ ചിന്തിച്ച് ആ പതുപതുത്ത സോഫയിൽ ഇരുന്നു ഉറങ്ങിപോയി.
അവളു വന്ന് തട്ടി വിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത്.
“എന്തു ഉറക്കാടാ മരമാക്രി, എണീക്ക് വാ പോകാം….”
ഞാൻ കണ്ണുതിരുമി സമയം നോക്കി, അയ്യൊ എട്ടെര. ഇനി അതികം സമയം ഇല്ല. ഒൻപതരക്കാണ് മുഹൂർത്തം. കുളിച്ചത് ഏതായാലും നന്നായി.
ആക്ടീവയിൽ കയറാൻ നേരമാണ് ഞാൻ അവളെ ശരിക്ക് നോക്കുന്നത് തന്നെ. എന്തൊരു സുന്ദരി ആയിരിക്കുന്നു ഏച്ചി. സീരിയൽ നടിമാരെ പോലെ ഉണ്ട് ഇപ്പൊക്കാണാൻ. ഞാൻ പക്ഷെ അവളോട് പറഞ്ഞില്ല. അവൾക്ക് അഹങ്കാരം ആവും.
“നല്ല ഭംഗി ഉണ്ടല്ലെ കാണാൻ.”
വണ്ടിയോടി കൊണ്ടിരിക്കെ അവൾ ചോദിച്ചു.
“ഏയ്, കൊഴപ്പല്ല്യ വൃത്തികേട് ഇല്ല. അത്രേ ഉള്ളു.”