എന്ന് മാത്രം എന്നോടല്ലാതെ, സ്വയംപറയും പോലെ തേങ്ങിപറഞ്ഞു കൊണ്ട് അമ്മ പടിയിറങ്ങി പോയി. എന്നെ തിരിഞ്ഞൊന്നു നോക്കിയതുപോലുമില്ല.
ഞാൻ ആകെ തകർന്നുപോയിരുന്നു. ഇന്ന് ഈ പുലരാത്ത വെളുപ്പാൻ കാലത്തും ഞാൻ ചെയ്ത തെറ്റുകൾ എന്റെ ഉറക്കത്തെ എന്നെന്നേക്കും എന്നിൽ നിന്നും പറിച്ചെടുത്തിരുന്നു.
പെട്ടന്ന് താഴെ നിന്നു ആകെ ഓളിയും ബഹളവും അലറികരച്ചിലും കേട്ടു. എനിക്ക് തലയിൽ കൊള്ളിയാൻ മിന്നി….
“ഏച്ചി”
ഞാൻ പടികൾ പൊട്ടിവീഴും പോലെ താഴെ ഓടിയിറങ്ങി. അവളുടെ അടുക്കളവശത്തേക്ക് ഓടി. കുറച്ച്പേർ ഭയന്നു പുറത്ത് നിൽക്കുന്നുണ്ടിയിരുന്നു. ഞാൻ പിടഞ്ഞോടിച്ചെന്ന് താഴത്തെ പടിയിൽ തട്ടിവീണു.
എനിക്ക് മുൻപിൽ നിലംതൊടാതെ രണ്ട് കാലുകൾ വായുവിൽ തൂങ്ങിനിന്നാടി. എന്റെ കണ്ണാല്ലാം തുറിച്ച് വന്നു. തലയിൽ ഇരുട്ട് കയറി…..
“ഹേച്ചി”
എന്റെ നാക്ക് ശ്വാസംവിടുo പോലെ മന്ത്രിച്ചു….
എനിക്കെതിരെ തളർന്ന് ചുമരുംചാരി മരവിച്ച മുഖവുമായി അവളിരിക്കുന്നുണ്ടായിരുന്നു. അവളുടെ നിർവികാരമായ കണ്ണുകൾ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.
എനിക്ക് ഭ്രാന്തുപിടിക്കും പോലെ തോന്നി. അവൾക്ക് സ്വന്തമെന്നു പറയാൻ ആകെ ഈ ഭൂമിയിലുള്ള അച്ഛനാണ് ആ തൂങ്ങിനിൽക്കുന്നത്, അതും ഞാൻ ഒരാൾ കാരണം.
പരിണിതഫലങ്ങൾ……. അവ വളരെ വലുതാണ്…..
******
ഒരു മാസത്തിന് ശേഷം…..
രജിസ്ട്രാർ ഓഫീസിൽ ഏതൊ ഒരു മരത്തിനു കീഴെ വച്ച് ഏച്ചിയുടെ കഴുത്തിൽ താലിചാർത്തുന്ന നേരം ഇപ്പോൾ ഈ നിമിഷം ഭൂമി കുഴിഞ്ഞു തഴേക്ക് പോയിരുന്നെങ്കിൽ എന്നെനിക്കു തോന്നിപ്പോയി….
അവൾ എന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞ് നടന്നു, ഞാൻ അറിയാതെ വിളിച്ചു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
“ഏച്ചി…”
“ ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്….. തൂങ്ങിമരിക്കാൻ മാത്രം ധൈര്യമില്ലാത്തത് കൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.”
അവൾ തിരിഞ്ഞ് നോക്കാതെ തലതാഴ്ത്തിപിടിച്ച് അങ്ങനെ പറയുമ്പോൾ, നിറഞ്ഞ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർതുള്ളി അടർന്ന് ആ കലടികളിൽ വീണുടഞ്ഞിരുന്നു.
*****