അവൾ എന്നെ നോക്കി ചിരിച്ചു…
റീനേ നീ കാണണം എന്ന് പറഞ്ഞ ആളാണ് നിന്റെ അടുത്ത് ഇരിക്കുന്നത്…
ചാർലി സംസാരത്തിനു തുടക്കമിട്ടു…
അത് കേട്ട് അവളൊന്ന് ചൂളിയ പോലെ തോന്നി ..
അതെന്തിനാ റീനേ എന്നെ കാണണം എന്ന് പറഞ്ഞെ…
അതൊന്നുമില്ല ചേട്ടായീ… എന്നും അച്ചായൻ വന്നു നിങ്ങളുടെ കാര്യം പറയും… അപ്പോ ഒന്ന് കാണാൻ തോന്നി.. അത്രേ ഉള്ളൂ..
ആദ്യമായി അവളുടെ ശബ്ദം കേട്ടു… അത് എന്റെ ചെവിയിലൂടെ ആത്മാവിൽ പോയി തൊട്ട പോലെ തോന്നി….
അത്രേ ഉള്ളോ.. ഞാൻ കരുതി ഭർത്താവിനെ കുടിപ്പിച്ചു വീട്ടിലേക്ക് വിടുന്നതിനു എന്നെ തല്ലാൻ ആണെന്ന്…
അയ്യോ അല്ല ചേട്ടായീ.. ഞാൻ ആരെയും ഒന്നും പറയില്ല…. കുടിക്കണോ വേണ്ടയോ എന്നുള്ളത് സ്വന്തം ഇഷ്ടം ആണല്ലോ… അതിന് ചേട്ടായി എന്ത് ചെയ്തു …
ആ പറഞ്ഞത് എനിക്കിഷ്ടമായി…. നേരം പതുക്കെ വെളുത്തു വരാൻ തുടങ്ങി….അവൾ കാറിന്റെ ഗ്ലാസ് താഴ്ത്തി…. തണുത്ത കാറ്റ് ഉള്ളിലാകെ നിറഞ്ഞു… അപ്പോഴാണ് ഞാൻ അവളുടെ മുഖം ആദ്യമായി കണ്ടത്….
നിമ്മിയെക്കാൾ ഭംഗിയുള്ള ഒരു പെണ്ണിനെ ഞാൻ മനസ്സ് കൊണ്ട് നോക്കിയത് ഈ എട്ടു വർഷത്തിനുള്ളിൽ ആദ്യമായിട്ടായിരുന്നു…. അത്ര ഭംഗിയായിരുന്നു ആ മുഖം കാണാൻ…
കരിമഷിയെഴുതിയ കണ്ണുകൾ അവളുടെ ഭംഗി കൂട്ടി… ചുണ്ടുകൾക്ക് ഞാവൽ പഴത്തിന്റെ നിറമായിരുന്നു… തണുത്ത കാറ്റേറ്റിട്ടാവണം ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു… ചെറിയ വട്ട മുഖത്തിൽ ആ ചെറിയ കറുത്ത പൊട്ട് അവൾക്ക് കൂടുതൽ അഴകേകി… ചെവിയിൽ തൂങ്ങിയാടുന്ന ജിമിക്കി കമ്മലുകൾ.. ഇടയ്ക്ക് കാറ്റിൽ അലസമായി പാറി പറക്കുന്ന ചെമ്പിച്ച മുടി അവൾ മാടിയൊതുക്കുന്നുണ്ട്…..
ഒന്നും മിണ്ടാതെ അവൾ അറിയാതെ തന്നെ അവളെ വീക്ഷിച്ചു കൊണ്ടിരുന്നു….അവൾ പുറത്തെ കാഴ്ചകൾ നോക്കി എന്തോ ആലോചിച്ചു അങ്ങനെ ഇരിക്കുന്നുണ്ടായിരുന്നു.
ചാർലി വായടച്ചു വെച്ചത് കൊണ്ട് സമാധാനമായി എല്ലാരും പെട്ടെന്ന് എത്തി….
താഴെ ഇറങ്ങി കുറച്ചു സ്റ്റെപ് കേറി വേണം പള്ളിയിൽ പോവാൻ…. ഞങ്ങളെ അവിടെയിറക്കി ബിനീഷും ചാർളിയും വീണ്ടും വണ്ടി എടുത്തു പോകാൻ തുടങ്ങി…