“നിങ്ങൾ എവിടുന്നാ… ഇവിടെ കണ്ടിട്ടില്ലാലോ..?”
“ചേട്ടാ… ഞാൻ ഇവിടെ അടുത്തൊരു എസ്റ്റേറ്റ് വാങ്ങി… അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് നോക്കാൻ വന്നതാ…
“ഏത് എസ്റ്റേറ്റ് ആ വാങ്ങിയെ… ആ സായിപ്പിന്റെ ആണോ…”
“അതെ ചേട്ടാ.. അറിയാവോ അത്…?”
“അത് ദേ ആ കാണുന്നതാ… അയാൾ ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു…. മൊത്തം 500 എക്കറുണ്ട്.. അതിന്റെ അപ്പുറത്തേക്കൊക്കെ കുറെയുണ്ട്…. എന്തായാലും നല്ല മണ്ണാണ്…. നിങ്ങളുടെ ഭാഗ്യാ അത് കിട്ടിയത്…”
“ആ ചേട്ടാ എന്തായാലും പോയി നോക്കട്ടെ…. അടുത്തല്ലേ.. നമുക്ക് വീണ്ടും കാണാം… ”
ചായക്കാശ് വെച്ചിട്ട് വീണ്ടും അവർ വണ്ടിയിൽ കേറി…. വണ്ടി കോടമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി….
വണ്ടി ചെന്നു നിന്നത് ഒരു എസ്റ്റേറ്റ് ബംഗാവിന്റെ മുറ്റത്താണ്….. എന്തായാലും ആ സ്ഥലം ആൽബിക്ക് അങ്ങ് പിടിച്ചു…. കാറിൽ നിന്നും പുറത്തിറങ്ങി ചുറ്റുമോന്നു നോക്കി…
വെട്ടി നിർത്തിയ പുല്ലുകൾ… ചുറ്റും തേയില ചെടികൾ കൊണ്ട് ഒരു വേലി തീർത്തിരിക്കുന്നു… ഇതിന്റെ ഒക്കെയിടക്ക് തലയുയർത്തി നിൽക്കുന്ന ബംഗ്ലാവ്…
പോളേട്ടൻ കാറിൽ നിന്നും ബാഗ് എടുത്ത് ഉള്ളിലേക്ക് തുറന്നു കയറി….
ആൽബിക്ക് എല്ലാം ഒരു പുതുമ പോലെയാണ് തോന്നിയത്… ഇത് വരെ കാണാത്ത കുറെ ചുവർ ചിത്രങ്ങൾ ആ വീടിന്റെ ഭംഗി കൂട്ടി… കണ്ടാൽ അറിയാം മലയാളിയുടെ ഐഡിയ അല്ല ആ വീടെന്നു…. മൊത്തത്തിൽ ഒരു സായിപ്പ് ടച്ച്… അപ്പച്ചൻ പറഞ്ഞത് കുറഞ്ഞത് ഒരു 80 വർഷത്തെ പഴക്കം ഉണ്ടെന്നാ…. എന്നതായാലും ചുളു വിലക്ക് അപ്പച്ചൻ ഇതിങ്ങു അടിച്ചെടുത്തു….
അറിഞ്ഞത് പ്രകാരം നല്ല ബിസിനസ് നടക്കുന്ന സ്ഥലമാ… കാപ്പിയും തേയിലയും ഏലവും നന്നായി വിളയുന്ന മണ്ണ്….