എസ്റ്റേറ്റിലെ പണി വേണ്ടാന്ന് തീരുമാനിച്ചു എങ്കിൽ അവിടെ വെച്ചാണ് എന്തോ സംഭവിച്ചിരിക്കുന്നത്…
ശിവൻ വീട്ടിൽ വന്ന് നേരിട്ട് ചോദിച്ചു എങ്കിലും അവർ ഒന്നും വിട്ടു പറഞ്ഞില്ല…
നീ എന്തിനാ ശിവാ ശ്രുതിയുടെ വാക്ക് കേട്ട് ഓടി വന്നത്.. എല്ലാം അവളുടെ തോന്നലാണ്.. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ലീല മകനോട് പറഞ്ഞു…
പിന്നെ എന്തിനാണ് അമ്മേ നിങ്ങൾ എസ്റ്റെറ്റിൽ നിന്നും ഇത്രവേഗം തിരിച്ചു പോന്നത്..അച്ഛൻ കുറേ നാൾ അവിടെ ജോലിചെയ്യണം എന്ന് ആഗ്രഹിച്ചു പോയതല്ലേ..
മകന്റെ ചോദ്യങ്ങൾക്കൊക്കെ ഒരുവിധത്തിൽ മറുപടി പറഞ്ഞ് ലീല ഒഴിവായി…
അന്ന് വൈകിട്ട് നാട്ടിലെ തന്റെ ചില സുഹൃത്തുക്കളെ കണ്ട ശേഷം തിരിച്ചു വരുമ്പോൾ ശിവൻ അച്ഛൻ എതിരെ വരുന്നത് കണ്ടു…
കണ്ടപ്പോഴേ അവനു മനസിലായി.. അച്ഛൻ കുടിച്ചിട്ടുണ്ട്..
അച്ഛൻ ഈ സമയത്ത് എവിടേക്കാണ്..
ആഹ്.. നീയോ.. നീ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ കവല വരെ പോയിട്ട് വരാം…
ഷാപ്പിലേക്ക് ആയിരിക്കും.. ഇപ്പോൾ തന്നെ ആവശ്യത്തിന് കുടിച്ചിട്ടുണ്ട്.. ഇനി അച്ഛൻ ഷാപ്പിൽ പോകേണ്ട.. എന്റെ കൂടെ വീട്ടിലേക്ക് പോന്നാൽ മതി…
രാഘവൻ മകനെ സൂക്ഷിച്ചു നോക്കി.. അവൻ തന്നോളം ആയിരിക്കുന്നു.. അല്ല..അതിലും വളർന്നു…
ഇനി മകനെ താൻ അനുസരിക്കണം.. അയാൾ ഒന്നും പറയാതെ ശിവന്റെ ഒപ്പം നടന്നു…
രാഘവൻ സ്ഥിരം മദ്യപാനി ഒന്നും അല്ല.. വല്ലപ്പോഴും ഒരു കുപ്പി കള്ളുകുടിക്കും.. അത്ര മാത്രം..
ഇപ്പോൾ കുറച്ചു ദിവസമായി അടുപ്പിച്ചു കുടിക്കുന്നുണ്ട്.. മനസ് ശരിയല്ല.. ഓരോന്ന് ആലോചിച്ചപ്പോൾ അയാളുടെ കണ്ണുനിറഞ്ഞു…
യാതൃച്ഛികമായി അച്ഛന്റെ മുഖത്തേക്ക് നോക്കിയ ശിവൻ അമ്പരന്നുപോയി..
അച്ഛൻ കരയുന്നു..
അവൻ അയാളുടെ കൈകളിൽ പിടിച്ചു റോഡിന്റെ സൈഡിലേക്ക് മാറ്റി നിർത്തി..
അച്ഛാ.. എനിക്ക് ഉറപ്പായി.. നിങ്ങൾ എന്തോ എന്നോട് പറയാതെ ഒളിക്കുന്നുണ്ട്..എന്റെ അച്ഛന്റെ കണ്ണു നിറഞ്ഞ് ഇതുവരെ ഞാൻ കണ്ടിട്ടില്ല…
മകന്റെ വാക്കുകൾ കേട്ട് സർവ നിയന്ത്രണവും വിട്ട് അയാൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
ഉള്ളിലെ മദ്യവും മനസിലെ സങ്കടവും ചേർന്ന് അയാൾ മകനോട് പറയരുത് എന്ന് കരുതിയ കാര്യങ്ങളെല്ലാം അവനോട് പറയേണ്ടുന്ന അവസ്ഥയിൽ അയാളെ എത്തിച്ചു..