” ന്റെ ജാസൂമ്മാ … ന്നെ വെറുക്കല്ലേ …”
ടേബിളിൽ ഭക്ഷണം എടുത്തു വെച്ചിട്ടും ഷാനുവിനെ കാണാതായപ്പോൾ ജാസ്മിൻ വർക്ക് ഏരിയയുടെ ഭാഗത്തു വന്നു ബാത്റൂമിന്റെ വശത്തേക്ക് എത്തിനോക്കി .. അകത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൾ തിരിച്ചു പോന്നു. അകത്തുള്ള ബാത്റൂമിൽ മോളിയെ ഫ്രഷാക്കിയ ശേഷം അവൾക്ക് ചായ കൊടുക്കുമ്പോഴാണ് ഷാനുവിന്റെ വരവ്…
” ഇയ്യെന്താ കിണറു കുത്തി കുളിക്കയായിരുന്നോ …?”
“കോളേജിലേക്ക് അല്ലേ പോക്ക്, ഒന്നും കൂടി വെളുത്തോട്ടെന്ന് കരുതി … ” ചിരിയോടെ ഷാനു പറഞ്ഞു.
” അപ്പ അതാണ് കാര്യം, അല്ലാതെ നല്ല ബുദ്ധി വന്നതൊന്നുമല്ല ….” ജാസ്മിൻ അവനെ നോക്കി …
” അല്ലാ, അന്റെ കണ്ണെന്താ ചോന്നിരിക്കുന്നത് ….?”
“കണ്ണിൽ സോപ്പു പോയുമ്മാ …..” നിസ്സാരമട്ടിൽ ഷാനു പറഞ്ഞു.
“രണ്ടു കണ്ണിലുമോ …..?”
“കണ്ണിനകത്തു കൂടെ കണക്ഷൻ പോകുന്നുണ്ടുമ്മാ….” പാണ്ടിപ്പടയിലെ ദിലീപിനെ അനുകരിച്ചു പറഞ്ഞു കൊണ്ട് ഷാനു വേഗം റൂമിലേക്ക് കയറി. ഭക്ഷണം കഴിച്ചു ഷാനുവും മോളിയും കുറച്ചു നേരം ഡോറ കണ്ടിരുന്നു. … അപ്പോഴാണ് ജാസ്മിൻ ഷാനുവിനെ വിളിച്ചത്. മോളിയുടെ അടുക്കൽ നിന്നും ഷാനു അടുക്കളയിലേക്ക് ചെന്നു…
” എന്താണുമ്മാ …”
“മാഷ് വോയ്സ് ഇട്ടിരുന്നു … ബേക്കറിയിൽ ചാവി കൊടുത്തിട്ടുണ്ടെന്ന് … ”
” നാളെയോ മറ്റന്നാളോ അവിടേക്ക് പോകുമ്പോൾ എടുത്താൽ പോരേ ഉമ്മാ …..”
” പോരാ, ആരെയും വിശ്വസിക്കാൻ പറ്റില്ല , ഇയ്യ് പോയി എടുത്തു പോരേ…”
“മഴ മാറിയിട്ടു പോരേ…?”
” നേരത്തെ തന്നെ വാങ്ങി വെച്ചോളാനാണ് മാഷ് പറഞ്ഞത് … ”
” ങ്ഹും … ”
ഷാനു വൈകാതെ തന്നെ കോട്ടുമായി പുറത്തേക്കിറങ്ങി .. പടിഞ്ഞാറത്തറയിലെത്തി ബേക്കറിയിൽ നിന്ന് ചാവി വാങ്ങുമ്പോഴാണ് കാപ്പിക്കളത്തുള്ള കൂട്ടുകാരൻ അവനെ വിളിക്കുന്നത്…
“ഷാനൂ … ബാഡാ … ഡാമിന്റെ ഷട്ടർ ഇന്ന് ഒരെണ്ണം പൊക്കുന്നുണ്ട് … ”
ഷാനു പിന്നെ ഒന്നും ആലോചിച്ചില്ല. മീനെന്നു പറഞ്ഞാൽ അവന് വലിയ ഇഷ്ടമാണ് … അവൻ ബാണാസുരയിലേക്ക് തിരിക്കുമ്പോൾ മഴ വീണ്ടും ചാറി തുടങ്ങി … വൈശാലി ജംഗ്‌ഷൻ പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും ഫയർ ഫോഴ്സിന്റെ വാഹനങ്ങളും പൊലീസ് ജീപ്പും പോകുന്നതു കണ്ടു. ഡാം റോഡിലേക്ക് കയറിയപ്പോൾ അമൽ ബാബു നിക്കുന്നതവൻ കണ്ടു.