കാർ ഒന്നുകൂടി റെയ്സ് ചെയ്തേ ശേഷം ഷാനു ഡോർ അൺ ലോക്ക് ചെയ്ത് ഉമ്മയെ നോക്കി.
കാര്യം മനസ്സിലായെങ്കിലും ജാസ്മിൻ പുരികമുയർത്തി മകനെ നോക്കി.
ഷാനു പിണക്കത്തോടെ തന്നെ ഡാഷ് ബോർഡിൽ നിന്ന് മൊബൈലും പിന്നിലെ സീറ്റിൽ നിന്ന് ചെറിയ ബാഗും വലിച്ചെടുത്ത് ഡോർ തുറന്നു.
“ഇനി മുഖം വീർപ്പിച്ചിരുന്ന് മാഷിനെക്കൂടി അറിയിക്കണ്ട … ” അവന്റെ ഇടതു കൈത്തണ്ടയിലേക്കു പിടിച്ചു അവൾ പറഞ്ഞു. ഷാനു അത് വകവെയ്ക്കാതെ പുറത്തേക്കിറങ്ങി.
മഴ അത്ര മോശമല്ലാത്ത രീതിയിൽ ചാറുന്നുണ്ടായിരുന്നു. സീറ്റിലിരുന്ന ടർക്കി ടൗവൽ കൊണ്ട് കുട്ടിയെ പൊതിഞ്ഞു പിടിച്ചു ഇടത്തേ വശത്തുകൂടി ജാസ്മിനും പുറത്തേക്കിറങ്ങി.
കഠിനമായ തണുപ്പോടു കൂടി ഒരു ചെറിയ കാറ്റു വീശി. ജാസ്മിൻ കുളിരു കോരിയാലെന്ന പോലെ ഒന്നു വിറച്ചു. ശേഷം സിറ്റൗട്ടിലേക്ക് ഓടിക്കയറി … ബെല്ലടിക്കുന്നതിനു മുൻപേ ഷാജഹാൻ മാഷ് വാതിൽ തുറന്നു … അവൾ അകത്തേക്ക് കയറുമ്പോൾ പിന്നിൽ കാറിന്റെ സെൻസർ ലോക്ക് വീഴുന്ന ശബ്ദം കേട്ടു.
“എന്തിനാ മോളെ തിരക്കിട്ട് ഈ രാത്രിയിൽ വന്നത് …? അതും ഈ പെരും മഴയത്ത് …?”
” ഞാൻ പറഞ്ഞതാ മാഷുപ്പാ … രാവിലെ വരാമെന്ന് … ” പിന്നിലേക്ക് വന്ന ഷാനു വാതിൽ ചേർത്തടച്ചു കൊണ്ട് പറഞ്ഞു.
” അനക്കത് പറഞ്ഞാൽ മനസ്സിലാവില്ല ഷാനൂ … ” അത്ര മാത്രം പറഞ്ഞു കൊണ്ട് ഷഹാനയെ ഹാളിലെ സെറ്റിയിൽ കിടത്തിക്കൊണ്ട് ജാസ്മിൻ എതിർവശത്തെ റൂമിലേക്ക് നടന്നു …
“എന്താ മാഷുപ്പാ ഉമ്മിക്ക് പെട്ടെന്ന് ….?”
ഷാനു ചോദിച്ചു.
“പെട്ടെന്നൊന്നുമല്ലേ മോനെ .. രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്. മഴ തുടങ്ങി കാലാവസ്ഥ മാറിയതിന്റെയാണ് ” മാഷ് പറഞ്ഞു.
മാഷിന്റെ ഭാര്യ മുംതാസിന് ആസ്തമയുടെ അസുഖമുണ്ട്. ചെയ്യാവുന്ന ചികിത്സകളൊക്കെ അവർ ചെയ്തതാണ് … ഒന്നോ രണ്ടോ മാസം കുറയും എന്നല്ലാതെ പൂർണ്ണമായൊരു മുക്തി അവർ നടത്തിയ ചികിത്സകളിൽ നിന്ന് ഒന്നും തന്ന ലഭിച്ചിട്ടില്ല …
പടിഞ്ഞാറത്തറ ടൗണിലെ കണ്ണായ സ്ഥലങ്ങളിൽ രണ്ടു മൂന്ന് ബിൽഡിംഗുകളുണ്ട് മാഷിന് … മാഷിന് രണ്ടു മക്കളാണ് … ഒരാണും ഒരു പെണ്ണും , അവർ വിദേശത്താണ് … ടൗണിൽ തന്നെയുള്ള ഇരു നില വീട് വാടകയ്ക്ക് കൊടുത്തേ ശേഷം വാരാമ്പറ്റയിലുള്ള ഭാര്യയുടെ വിഹിതത്തിലുള്ള ചെറിയ വീട്ടിലാണ് ഇരുവരും താമസം … ജാസ്മിന്റെ അദ്‌ധ്യാപകനായിരുന്നു ഷാജഹാൻ മാഷ് , എന്നു മാത്രമല്ല ജാസ്മിന്റെ കുടുംബം മാഷിന്റെ ആശ്രിതരുമായിരുന്നു. ഭർതൃ വീട്ടിലെ പീഡനങ്ങളേൽക്കവയ്യാതെ നിന്ന ജാസ്മിന് ഒരു കാലത്ത് തുണയായത് മാഷും കുടുംബവുമായിരുന്നു. ആ ഒരു നന്ദിയും കടപ്പാടും ജാസ്മിന് ആ കുടുംബത്തോട് ഉണ്ടുതാനും…