“ടോ…നമുക്ക് നാട്ടിൽ പോയാലോ..?!!”
ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തു ചെറിയൊരു പ്രകാശം മിന്നിമായുന്നത് കണ്ടു…ഒന്ന് രണ്ട് മാസം ആയില്ലേ ഈ ഫ്ലാറ്റിൽ ഇങ്ങനെ ചടച്ചു കൂടിയിരിക്കണേ…
“മ്മ്!” അങ്ങനെയൊരു മൂളൽ മാത്രമേ അവളിൽ നിന്ന് ഉണ്ടായുള്ളൂ….പിന്നെയധികം സമയം കളഞ്ഞില്ല…നാളത്തെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിന് രണ്ട് താത്ക്കാൽ ബുക്ക് ചെയ്തു…പിറ്റേന്ന് തന്നെ വണ്ടി കയറി…. രാവിലെ ഒരു 6 മണിയായപ്പോൾ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തി……
ട്രെയിൻ മൂന്ന് മണിക്കൂർ ഡിലേ ആയിരുന്നു…ഞങ്ങൾ ഒരു ഓട്ടോയും എടുത്ത് 7 മണിക്ക് മുന്നേ വീടെത്തി….ട്രെയിനിലെ ഉറക്കം ശരി ആവാഞ്ഞതിനാൽ ഞാൻ നന്നായി ഒന്ന് ഉറങ്ങി…. ദർശന വന്ന് വിളിച്ചപ്പോൾ ആണ് ഉറക്കം ഉണരുന്നത്
“അതേ ഊണ് കഴിക്കാൻ വിളിക്കുന്നു അമ്മ…” അതും പറഞ്ഞവൾ സ്റ്റെയറും ഇറങ്ങി താഴേക്ക് പോയി…..അടുക്കളയിലെ അമ്മയുടെ ചീഞ്ഞ കോമഡിക്ക് ദർശന ചിരിക്കുന്നത് കേൾക്കാം….
“എന്താ പപ്പു ഇത്…വന്ന് കേറുമ്പോഴേക്കും അവളെ വധിക്കാൻ തുടങ്ങിയോ “….ഞാൻ നോക്കുമ്പോൾ ദർശന ചുണ്ട് കടിച്ചു ചിരിക്കുന്നുണ്ട്….
“ഓ…സ്വന്തം മക്കൾക്ക് ഒന്നും നമ്മളോട് സംസാരിക്കാൻ നേരില്ല…. ഞാൻ എന്താ ചെയ്യാ…”
അയ്യടാ എന്നും പറഞ്ഞു ഞാൻ പപ്പുവിനെ എടുത്ത് പൊക്കി…..
“താഴെയിറക്കടാ ചെക്കാ…അവന്റെ ഒരു സോപ്പിടൽ…ഓടിക്കോണം…കേട്ടോ മോളെ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞു നടന്നവനാ.. ഇപ്പോൾ നോക്കിയേ ഹ്മ്മ്…!!”
“കെട്ടിയതല്ലല്ലോ എല്ലാരും കരഞ്ഞു കെട്ടിച്ചതല്ലേ….എന്നിട്ട് വല്ല്യ വർത്താനം പറയാൻ നിക്കല്ലേ….!!”
“അതോണ്ട് എന്താ നിനക്ക് നല്ല ഒരു മോളെയല്ലേ നമ്മൾ കണ്ട് പിടിച്ചു തന്നെ….”””
“ഹാ കറക്ട് പെണ്ണിനെ തന്നെയാ…!”
“എന്താടാ എന്റെ മോൾക്കൊരു കുഴപ്പം…. സുന്ദരിയല്ലേ ഇവൾ…പിന്നെ ഇതിനേക്കാൾ പാവത്തിനെ നിനക്ക് മഷിയിട്ട് നോക്കിയാൽ കിട്ടുവോ??…”
ഏഹ്ഹ്…കല്യാണത്തിന്റെ പിറ്റേന്ന് എന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ച സാധനാ…. പാവം പോലും…..
“വെറും പാവം ശരിയാമ്മ…!” അതും പറഞ്ഞു ദർശനയെ നോക്കിയപ്പോൾ ആകെ കിളിപോയെ പോലെ ഇരിക്കാണ് കക്ഷി…ഇതിപ്പോ ഞാനാണോ അമ്മയാണോ കളിയാക്കണത് എന്ന സംശയത്തിൽ….അങ്ങനെ ഓരോന്നും പറഞ്ഞു വൈകുന്നേരം ആയി….
“അതെ.. ഇതാരുടെയാ ഗിറ്റാർ…?”
ചായ കുടിക്കുംനേരം ഷെൽഫിലേക്ക് ചൂണ്ടി ദർശനയാണ് അത് ചോദിച്ചത്…