…അയ്യോ അപ്പൊ നീ നാളെ പോകുമല്ലേ ഞാൻ കരുതി നീ മൂന്നാലു ദിവസം കാണുമെന്നു…
…ഇല്ലമ്മേ ഇതിപ്പോൾ അത്യാവശ്യം ആയതു കൊണ്ട് വന്നതല്ലേ…
…ആ എനിക്ക് മനസ്സിലായെടാ.ഞായറാഴ്ച്ച സുഭദ്രേടെ ഇളയവളുടെ വിവാഹ നിശ്ചയമാണ് ഉച്ചക്കിരുന്നു ഞാനൊന്ന് ഓർത്തു സന്തോഷിച്ചതാ നിനക്കും പങ്കെടുക്കാമല്ലോന്ന്…
…ഏതു സുഭദ്ര കുഞ്ഞമ്മേടെയൊ..
…ആ വാവാച്ചിയുടെ…
…ങേ അവളുടെ കല്യാണമൊക്കെ ആയൊ..
…പിന്നെ എന്നുമെന്നും കൊച്ചു പിള്ളേരായിട്ടിരിക്കാൻ പറ്റുമോ..
….ഊം അത് ശരിയാ പിള്ളേരൊക്കെ പെട്ടന്നങ്ങ് വളർന്നു പോയി…
…ആ നിനക്കങ്ങനൊക്കെ തോന്നും നീ പോയിട്ടിപ്പോ വര്ഷം കുറെ ആയില്ലേ.
…എ അതമ്മേ ഞാൻ
…വേണ്ട ഇനി ഒന്നും വിശദീകരിക്കേണ്ട കാര്യമില്ല.മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളവര് പറയുന്നത് വെറുതെയല്ല….
…അമ്മെ ഞാൻ എനിക്കങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി.പിന്നെപ്പിന്നെ എനിക്കമ്മയെയും അച്ഛനെയും അഭിമുഖീകരിക്കാൻ വിഷമവും ആയി.അല്ലാതെ നിങ്ങളൊക്കെ കരുതുന്ന പോലെ ആരെയും ഞാൻ കളഞ്ഞിട്ടില്ല.
…ഞാനൊന്നും പറയുന്നില്ല അവനവൻ ചെയ്യുന്നതിന് അവനവൻ തന്നെ അനുഭവിക്കും.എന്തായാലും ഞാൻ നിന്റെ ‘അമ്മ ആയതു കൊണ്ട് എനിക്ക് നിന്ന് ശപിക്കാനാവില്ല.പകരം ഈ പെങ്കൊച്ചിനെ ഞാനേതാണ്ടൊക്കെ കൂടുതല് പറഞ്ഞിട്ടുണ്ട് ഇവിടെ ആദ്യമായിട്ട് വന്നപ്പോൾ പോലും കരഞ്ഞൊണ്ടാ അവള് പോയത്.എന്നിട്ടും ആ കൊച്ചെന്നെ അമ്മേന്നും വിളിച്ചോണ്ടാ പിന്നേം കേറി വന്നത്.എന്നിട്ടവള് പറയുകയാ അമ്മയെന്നെ എന്തൊക്കെ പറഞ്ഞാലും അടിച്ചാലും അമ്മയോടെനിക്ക് ദേഷ്യവും പിണക്കവും ഒന്നുമില്ലെന്ന്.അതിന്റെ ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോടാ…
…അമ്മെ ഞാൻ പിന്നെ എനിക്ക്..
…എന്തായാലും എനിക്കൊരു സന്തോഷമുണ്ട് ചാവുന്നതിനു മുന്നേയെങ്കിലും നിന്നെയൊന്നു കാണാൻ പറ്റിയല്ലോ അത് മതി.അതിലെനിക്ക് എന്റെ മോളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്…
…ആ മതി മതി വേറെ വല്ലോം പറഐഡി സാവിത്രീ .അവൻ നാളെ പോകുന്നെന്നല്ലേ പറഞ്ഞെ .അപ്പൊ അത് വരെ നല്ലതെന്തെങ്കിലും പറഞ്ഞിരിക്കു.കഴിഞ്ഞതൊക്കെ കഴിഞ്ഞു…
ഗോവിന്ദന്റെ ആ സംസാരം ഏറ്റു.പിന്നെയവിടെ ആ കാര്യത്തിൽ ചർച്ചയൊന്നും നടന്നില്ല.അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ശ്രീജ സമയം വൈകിയെന്നു പറഞ്ഞു കൊണ്ടെണീറ്റു.
…അമ്മെ അവിടെ ചെന്നിട്ടു ചേട്ടന് കൊണ്ട് പോകാൻ കുറച്ചു മീനച്ചാറുണ്ടാക്കണം…
…എടി മോളെ എങ്കിലത് നേരത്തെ പറയേണ്ടായിരുന്നോ..