…അമ്മെ
രാജീവ് അമ്മയെ താങ്ങിപ്പിടിച്ചു
…അമ്മേ എന്നോട് ക്ഷമിക്കമ്മെ
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ മകനെ നോക്കിയിട്ടു ഇറുകെ പുണർന്നു.ശ്രീജ ആ അമ്മയുടെയും മകന്റെയും പുനസംഗമത്തിലെ സുന്ദര നിമിഷങ്ങൾ നിറകണ്ണുകളോടെ നോക്കി കണ്ടു .ആ അമ്മയുടെ സ്നേഹം വിരഹം ദുഃഖം എല്ലാം അവൾ കണ്ടറിഞ്ഞു .വലിയൊരു അഭിമാന നിമിഷമായിരുന്നു ശ്രീജക്കതു.അവൾ കണ്ണ് തുടച്ചു കൊണ്ട് നിർവൃതിയോടെ അവരെ നോക്കി.സാവിത്രി രാജീവിന്റെ നെറുകയിലും കവിളിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി.
…എന്തായാലും നീ വന്നല്ലോ എനിക്കതു മതി.എന്റെ മോള് നിന്നെ കൊണ്ട് വരുമെന്ന് പറഞ്ഞിട്ടു കൊണ്ട് വന്നല്ലോ എനിക്കതു മതി…
സാവിത്രി കൈ നീട്ടി ശ്രീജയെയും വിളിച്ചടുപ്പിച്ചു നിറുത്തിയിട്ട് അവളുടെയും നെറുകയിലുമ്മ കൊടുത്തു.
…ഇപ്പൊ എങ്ങനുണ്ടമ്മെ ഞാൻ പറഞ്ഞില്ലേ ഒളിച്ചു നടക്കുന്ന കള്ളനെ ഇവിടെ കൊണ്ട് വരുമെന്ന്…
സാവിത്രി രാജീവിന്റെ കൂടെ അവളെയു ചേർത്ത് പിടിച്ചു.അല്പനേരത്തെ സ്നേഹപ്രകടനങ്ങൾക്കു ശേഷം ശ്രീജ പറഞ്ഞു
…ആ ഇനി ഞാൻ ചെയ്തോളാം ‘അമ്മ അവിടിരുന്നോ .അമ്മെ എന്തൊക്കെയാ കറി വെക്കുന്നെ പറ ഞാനുണ്ടാക്കാം…
…വേണ്ടെടി മോളെ ഞാൻ ചെയ്തോളാം .ഇനി നിന്റെ ഡ്രെസും കൂടി മുഷിക്കേണ്ട…
…മുഷിച്ചിലൊന്നുമില്ലെന്റെ അമ്മെ.പറ ഞാൻ ചെയ്യാം…
ശ്രീജ സാരി എളിയിൽ കുത്തിക്കൊണ്ട് റെഡിയായി.ഇത് കണ്ടു സാവിത്രി സ്നേഹത്തോടെ അവളെ വിലക്കി
…വേണ്ട മോളെ ഞാൻ ചെയ്തോളാം ..എല്ലാർക്കും വെച്ചു വിളമ്പാനാ എനിക്കിഷ്ടം.ഞാൻ ചെയ്തോളാം വേണെങ്കി നീയൊന്നു സഹായിച്ചാൽ മാത്രം മതി….
…അല്ലെങ്കി വേണ്ട വേറെ ഒന്നും ഉണ്ടാക്കേണ്ട അമ്മെ… ‘അമ്മ ഇന്നെന്തൊക്കെയാ ഉണ്ടാക്കാനുദ്ദേശിച്ചതു അത് പറഞ്ഞെ..
…ഇന്നോ ഇന്ന് മോര് കറിയും പിന്നെ പയറു തോരനും പിന്നെ കൊണ്ടാട്ടം മുളകും.. ഞങ്ങക്കതു മതിയല്ലോ എന്താ…
…അമ്മെ നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും അതുമതി അല്ലെ ചേട്ടാ…
…ഊം അതുമതി …
…അയ്യേ അത് മാത്രമോ ഇതെന്തു വർത്തനമാ മോളെ ഈ പറയുന്നേ.മക്കള് വന്നിട്ട് നല്ല പോലെ ആഹാരമുണ്ടാക്കിയില്ലെങ്കിൽ പിന്നെ എന്തുവാ…
…എന്റെ പൊന്നമ്മേ അങ്ങനെ പ്രത്യേകതയൊന്നും വേണ്ട.നിങ്ങൾക്ക് രണ്ട് പേർക്കും എന്താ കഴിക്കാനുണ്ടാക്കിയത് അത് മതി ഞങ്ങൾക്കും….അതല്ലേ അമ്മെ സന്തോഷം എല്ലാവരും ഒരു മനസ്സോടെ ഉള്ളത് സന്തോഷത്തോടെ കഴിക്കുന്നതല്ലേ ഒരു രസം…